സീതത്തോട് ∙ ശബരിമല സന്നിധാനത്തേക്കു പോകുന്ന പാതയിൽ ഒരേ സമയം കരിങ്കുരങ്ങന്റെയും സിംഹവാലൻ കുരങ്ങന്റെയും സാന്നിധ്യം. നിർഭയരായി റോഡിനോടു ചേർന്ന ഇരുമ്പ് വേലിപ്പുറത്തും മരച്ചിലകളിലും ചാടിമറിഞ്ഞുള്ള ഇവയുടെ സഞ്ചാരം ആസ്വദിക്കാത്ത തീർഥാടകർ അപൂർവം.
മരക്കൂട്ടം കഴിഞ്ഞ് സന്നിധാനത്തിനു ഏതാനും മീറ്റർ അകലെയായുള്ള കാടുകളിലാണ് കൂട്ടമായി ഇരു കൂട്ടരേയും കാണുന്നത്. പെരിയാർ കടുവ സങ്കേടം പടിഞ്ഞാറ് ഡിവിഷനിൽപ്പെട്ട
ഈ മേഖലകളാണ് പ്രധാനമായും സന്നിധാനത്തെ ഇവയുടെ ആവാസ മേഖല.
റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗവിയിലേക്കു പോകുന്ന ഭാഗത്തും ഇവയുടെ കൂട്ടങ്ങളെ കാണാം. അത്ര പെട്ടെന്നൊന്നും ഇരു കൂട്ടരും ആളുകളുമായി ഇണങ്ങാറില്ലെങ്കിലും തീർഥാടന പാതയിൽ ഈ നിഗമനങ്ങൾ എല്ലാം നേർ വിപരീതമാണ്.
തീർഥാടകരുടെ കയ്യെത്തു ദൂരത്തായി ഇവർ എത്തും. ഇവർ നൽകുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങി സമീപ മരച്ചില്ലകളിലേക്കു ചാടി മറയും.
ഇവരടക്കമുള്ള വന്യജീവികൾക്കു ഭക്ഷണം നൽകരുതെന്ന് വനം വകുപ്പിന്റെ മുന്നറിയിച്ച് ബോർഡുകൾ തീർഥാടന പാതയിലുടനീളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഭക്തർ ഇവർക്കു ഭക്ഷണം നൽകുന്നത്. തീർഥാടകരുടെ കൈകളിൽ നിന്നും നിർഭയരായാണ് ഇവർ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നത് കാണാനാകുന്നത്.
ദിവസങ്ങൾ മാത്രം പ്രായമായ കരിങ്കുരങ്ങന്റെയും സിംഹവാലൻ കുരങ്ങന്റെയും കുഞ്ഞുങ്ങളെ ഇവിടെ നിരവധിയായി കാണാനാകും.
മരങ്ങളിലേക്കു ചാടി മറിയുമ്പോഴും അമ്മമാരുടെ വയറിൽ അള്ളിപ്പിടിച്ച് സുരക്ഷിതമായി ഇരിക്കുന്ന കാഴ്ചകൾ ആരിലും കൗതുകം ഉണർത്തും. സന്നിധാനത്തേക്കു വൈദ്യുതി എത്തിക്കുന്ന കേബിൾ വഴിയുള്ള ഇവയുടെ നടത്തമാണ് ഏറെ കൗതുകം.
വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണ് കരിങ്കുരങ്ങ്. നീലിഗിരി കുരങ്ങെന്നും അറിയപ്പെടും.
ശരീരം നല്ല മിനുസമുള്ള കറുത്ത രോമങ്ങളോടു കൂടിയതാണ്. തലയിലെ രോമങ്ങൾക്കു സ്വർണ നിറമാണ്.
പെൺ കുരങ്ങുകളുടെ തുടയുടെ അടിഭാഗത്ത് വെള്ള നിറത്തിലുള്ള രോമങ്ങൾ ഉണ്ടാവും. ഹനുമാൻ കുരങ്ങുകളുടേപോലെ നീളം കൂടിയ വാലുകളാണ് മറ്റൊരു പ്രത്യേകത.
അഞ്ച് മുതൽ 15 വരെയുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന മക്കാക്ക് വർഗത്തിൽപ്പെട്ട കുരങ്ങുകളാണ് സിംഹവാലൻ കുരങ്ങുകൾ.
കാഴ്ചയിൽ സുന്ദരൻ. രോമങ്ങളാൽ മൂടിയ ഇവയുടെ മുഖത്തെ ഗൗരവം പലപ്പോഴും പേടിപ്പെടുത്തും.
സിംഹങ്ങളുടെ വാലുകളോടെ ഏറെ സാദൃശ്യമാണ് ഇവയുടെ വാലുകൾക്കുമുള്ളത്. കായ്കനികളാണ് പ്രധാന ഭക്ഷണം.
ഐയുസിഎൻ കണക്കുകൾ പ്രകാരം കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ 2500 റോളം സിംഹവാലൻ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ എന്നാണ് വിലയിരുത്തൽ. ആൺ പെൺ അനുപാതം 1:6 ആണ്.
മഴക്കാടുകളിലാണ് പ്രധാനമായും ഇവയെ കാണുന്നത്. മൂന്ന് വർഷം കൂടുമ്പോഴാണ് ഇവയുടെ പ്രസവം.
170 ദിവസം നീണ്ട് നിൽക്കുന്നതാണ് ഇവയുടെ ഗർഭകാലം. 15 മാസത്തോളം കുഞ്ഞിനെ നോക്കുകയും മുലയൂട്ടുകയും ചെയ്യും.
മറ്റ് കുരങ്ങുകളെപ്പോലെ വംശവർധനവ് ഇല്ല.
ഗവി അണക്കെട്ടിനും കൊച്ചുപമ്പ കാന്റിനു സമീപത്തെ കാടുകളിലും ഇവയെ കാണാനാകുന്നുണ്ട്. അപരിചിതരെ കാണുമ്പോൾ ശബ്ദം ഉണ്ടാക്കി കാടിളക്കും.കടുത്ത വംശനാശ ഭീഷണിയുടെ വക്കിലാണ് സിംഹവാലൻ കുരങ്ങുകളെന്നാണ് വനം വകുപ്പിന്റെ നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

