തൃപ്പൂണിത്തുറ ∙ ആസാദ് – എസ്എൻ ജംക്ഷൻ റോഡിൽ തെരുവുനായ് ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ബൈക്കപകടം ഭീതിയുടെ ആഴം കൂട്ടുന്നു.
നായ്ക്കൂട്ടം കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു ബൈക്ക് മറിഞ്ഞാണു യുവാവിനു പരുക്കേറ്റത്. ശനി പുലർച്ചെ 5.10നായിരുന്നു സംഭവം.
റോഡിൽ വീണ യുവാവിനെ ഇതുവഴി വന്ന പ്രഭാതസവാരിക്കാരാണു താങ്ങി എഴുന്നേൽപിച്ചു പ്രഥമശുശ്രൂഷ നൽകിയത്.
ഒരു പ്രദേശം മുഴുവൻ തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണെന്നാണു പരാതി. 21 നായ്ക്കൾ വരെ ഒരേസമയം റോഡിൽ കൂട്ടംകൂടി നിൽക്കാറുണ്ട്. ഭീതിയോടെയാണ് കുട്ടികൾ ഈ വഴി നടന്നുപോകുന്നത്.
ഇരുചക്രവാഹനങ്ങൾ കണ്ടാൽ നായ്ക്കൾ പാഞ്ഞടുക്കുന്നത് നിത്യസംഭവമായി.
പകൽ ശാന്തമായി കിടക്കുന്ന നായ്ക്കൾ സന്ധ്യയാകുന്നതോടെ അക്രമാസക്തരാകുന്നതായും നാട്ടുകാർ പറയുന്നു. റോഡരികിൽ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ നായ്ക്കളെ ആകർഷിക്കുന്നുണ്ട്. ഇതിനുപുറമെ, പുലർച്ചെ ആസാദ് ജംക്ഷന് സമീപം നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും ഇവ ഈ പ്രദേശം വിട്ടു പോകാതിരിക്കാൻ കാരണമാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി എബിസി സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും തെരുവിലെ നായ്ക്കളുടെ എണ്ണത്തിലോ ശല്യത്തിനോ കുറവു വന്നിട്ടില്ല. അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജനവാസ കേന്ദ്രങ്ങളിൽ നിന്നും റോഡുകളിൽ നിന്നും നായ്ക്കളെ മാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

