അടിമാലി ∙ അടിമാലി കാംകോ ജംക്ഷനിൽ വീണ്ടും നാട്ടുകാരന് തൃശൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മർദനം. നർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസ് ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകളും മറ്റും പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള റോഡ് അടച്ച് ടൂറിസ്റ്റ് വാഹനങ്ങൾ പാർക്കു ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. കാംകോ ജംക്ഷന് സമീപം താമസിക്കുന്ന വരിക്കമാക്കൽ സുരേഷിനാണ് (44) മർദനത്തിൽ പരുക്കേറ്റത്.
ശനിയാഴ്ച രാത്രി 9 മണിയോടെ ഭാര്യയും, കുട്ടിയുമായി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പോകാൻ എത്തി.
ഇതോടെ വഴി അടച്ച് പാർക്കു ചെയ്ത ടെംപോ ട്രാവലർ മാറ്റാൻ സുരേഷ് ആവശ്യപ്പെട്ടു. വാഹനം മാറ്റിയതിനു പിന്നാലെ സ്കൂട്ടർ കടന്നു പോകുന്നതിനു മുൻപായി ടൂറിസ്റ്റ് ബസ് ഇവിടേക്ക് എത്തിച്ച് പാർക്ക് ചെയ്തു.
ഇത് ചോദ്യം ചെയ്തതോടെ ബസ് ഡ്രൈവർ തന്റെ മുഖത്തിടിച്ചു. തടസ്സം പിടിക്കാൻ എത്തിയ ഭാര്യയെയും മർദിക്കുകയായിരുന്നുവെന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷ് പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ 14ന് രാത്രി മൂന്നാർ സന്ദർശനം കഴിഞ്ഞെത്തിയ എറണാകുളത്തു നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘം ഇവിടെ നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു.
വ്യാപാരികൾ ഉൾപ്പെടെ പലർക്കും ആക്രമണത്തിൽ പരുക്കേറ്റു. മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് സഞ്ചാരികളുടെ വാഹനം പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും മർദനമേറ്റവർക്ക് പണം നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.
മൂന്നാർ സന്ദർശനം കഴിഞ്ഞെത്തുന്ന സഞ്ചാരികൾ ഭക്ഷണം കഴിക്കുന്നതിനും മറ്റും കൂടുതലായി തങ്ങുന്നത് കാംകോ, ബസ് സ്റ്റാൻഡ് ഭാഗത്താണ്.
കാംകോ ജംക്ഷനിൽ സംഘർഷം പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തതാണ് ആക്രമണം വർധിക്കാൻ ഇടായക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സംഘർഷം അതിരുകടന്നാലും പൊലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. സഞ്ചാരികൾ കൂടുതലായി എത്തുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ സംഘർഷം പതിവാകുന്നത്.
ഇത്തരം സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കാൻ ജില്ല പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

