കൊല്ലം∙ പൂരം, പെരുന്നാൾ, ഓണം എന്നിങ്ങനെ ആഘോഷങ്ങളേതുമാകട്ടെ നിലവിൽ നിശ്ചലദൃശ്യങ്ങളാണ് താരം. ആദ്യമായി ഉത്സവം കാണാനെത്തുന്ന കുട്ടിക്കുറുമ്പൻമാരുടെ കണ്ണിലുടക്കുന്നതു പോലും ലൈറ്റുകൾ ഘടിപ്പിച്ച വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കിടിലൻ നിശ്ചലദൃശ്യങ്ങളാണ് (ഫ്ലോട്ടുകൾ).
രാമായണം, മഹാഭാരതം എന്നീ പുരാണകഥകളിലെ രംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫ്ലോട്ടുകളാണ് ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യം.
പഞ്ചമുഖ ഗണേശൻ, നാഗമാത സുരസ്സ, അഘോരമൂർത്തി, സംഹാരരുദ്ര, മത്സ്യാവതാരം, നന്ദികേശ്വര ചരിതം, ശ്രീശങ്കര വിരാട സ്വരൂപ ദർശനം, കാളിയ മർദനം, ത്രിമൂർത്തി വൈഭവം തുടങ്ങി വ്യത്യസ്ത രൂപങ്ങൾ ഫ്ലോട്ടുകളായി ഉത്സവപ്രേമികളുടെ മുന്നിൽ അണിനിരക്കുമ്പോൾ ആവേശം വാനോളം ഉയരും.
മൂന്നര മാസത്തിലധികം നീണ്ടു നിൽക്കുന്ന അധ്വാനത്തിനൊടുവിലാണ് നമ്മുടെ കണ്ണഞ്ചിപ്പിക്കുന്ന ഫ്ലോട്ട് രൂപകൽപന ചെയ്യുന്നത്. ഉത്സവ സീസണിനു 4 മാസം മുൻപ്, ഏകദേശം ചിങ്ങമാസത്തോടെ നിർമാണത്തിനു തുടക്കമാകും. ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ചട്ടം കൂട്ടുന്നതാണ് പ്രാഥമികഘട്ടം.
ശേഷം പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് രൂപങ്ങൾക്ക് ആകൃതി നൽകും. കളിമണ്ണ് ഉപയോഗിച്ച് ഫിനിഷ് ചെയ്യും.
മുൻപു പ്ലാസ്റ്റർ ഓഫ് പാരിസിലാണ് മോൾഡിങ് ചെയ്തിരുന്നത് എന്നാൽ നിലവിൽ ഫൈബറാണ് മോൾഡിങ്ങിന് ഉപയോഗിക്കുന്നത്.
തുടർന്ന് പെയിന്റ് ചെയ്യുന്നു. തിളക്കമുള്ള (ഫ്ലൂറസെന്റ്) പെയിന്റുകളാണ് അനുയോജ്യം.
മുടിയടക്കമുള്ളത് വച്ചുപിടിപ്പിച്ചതിനു ശേഷം വസ്ത്രവും ആഭരണങ്ങളും അണിഞ്ഞാണ് ഫ്ലോട്ടുകളെ ഉത്സവപ്പപറമ്പുകളിൽ എത്തിക്കുന്നത്. 11 അടിയോളം ഉയരമുള്ള ഫ്ലോട്ടുകളുണ്ട്.
പ്രമേയത്തിന് യോജിക്കുന്ന പശ്ചാത്തല സംഗീതവും സംഭാഷണങ്ങളും സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്തതിനു ശേഷമാണ് ഉപയോഗിക്കുന്നത്.
സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് ഫ്ലോട്ട് മേഖലയിലും ഒട്ടേറെ മാറ്റങ്ങൾ വരുന്നുണ്ടെന്നാണ് ഉടമസ്ഥർ പറയുന്നത്. ടൺ കണക്കിന് ഭാരമുള്ള വലിയ ശിൽപങ്ങളെപ്പോലും എളുപ്പത്തിൽ ചലിപ്പിക്കാൻ സാധിക്കുന്ന ഹൈഡ്രോളിക് പമ്പുകൾ ഏറെ ഉപകാരപ്രദമാണെന്നാണ് തൊഴിലാളികളുടെ പക്ഷം.
പുറത്തു നിന്ന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലും ക്ഷേത്രക്കാരെത്തിക്കുന്ന വാഹനങ്ങളിലുമാണ് ഫ്ലോട്ടുകൾ സെറ്റ് ചെയ്യുന്നത്. 4 ലക്ഷത്തോളം രൂപയാണ് നിർമാണ ചെലവ്.
ജില്ലയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രം, കുമരൻചിറ, ഇളമ്പള്ളൂർ, കടപ്പാക്കട
എന്നിവിടങ്ങളിലായി ഒട്ടേറെ ഫ്ലോട്ടുകൾ അണിനിരക്കാറുണ്ട്. ഓരോ സീസണിലും പുതിയ രൂപങ്ങളാണ് ഉത്സവങ്ങൾക്കായി ഒരുക്കുന്നത്. 5 വർഷത്തോളമാണ് പരമാവധി ഉപയോഗിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

