മേൽപാലം പദ്ധതി പുനരാരംഭിക്കണം: തിരുവഞ്ചൂർ
കോട്ടയം ∙ കഞ്ഞിക്കുഴിയിൽ പ്രാരംഭ ദശയിൽ തന്നെ മുടങ്ങിയ മേൽപാലം പദ്ധതി പുനരാരംഭിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. മേൽപാലത്തിനായി മുൻപ് ഏകദേശം 40 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ വരെ പൂർത്തിയായിരുന്നു.
പിന്നീട് പദ്ധതിക്ക് ജീവൻവച്ചില്ല. ഇനി ഒരുപക്ഷേ, മേൽപാലത്തിനു പഴയതിനേക്കാൾ ഇരട്ടി തുക ചെലവഴിക്കേണ്ടി വരും. പണമല്ല പ്രശ്നം.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് മുൻതൂക്കം. ദേശീയ പാതയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ ബന്ധപ്പെട്ട
എല്ലാവരുമായും കൂടിയാലോചന നടത്തണം.
മേൽപാലത്തിന്റെ അന്തിമ രൂപകൽപന നടത്തേണ്ടത് എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം പരിഗണിച്ചാകണം. നാട്ടിലെ ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത വികസന മാതൃകയാണ് വേണ്ടത്.
മറ്റു റോഡുകളുടെ വികസനവും ബസ് ബേയും സംബന്ധിച്ച് ചർച്ചകൾ വേണം. കാലാവധി കഴിയാനിരിക്കുന്ന സർക്കാരിനു ഇനി എത്രമാത്രം പ്രവർത്തിക്കാൻ കഴിയുമെന്നറിയില്ല.
എന്നാൽ കഞ്ഞിക്കുഴിയുടെ വികസന സ്വപ്നങ്ങളിൽ നാട്ടുകാരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ബസ്ബേ: പച്ചക്കൊടിയുമായി നഗരസഭ
കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാർഗങ്ങളിൽ പ്രധാനമായും നടപ്പാക്കേണ്ട പരിഷ്കാരങ്ങളിൽ ഒന്ന് ബസ് ബേയാണ്.
തർക്കമില്ലാത്ത കാര്യമാണ് ഇതെന്നു നഗരസഭ. കോട്ടയത്തിന്റെ പ്രധാന ജംക്ഷനുകളിൽ ഒന്നാണ് കഞ്ഞിക്കുഴി.
അതിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള പരിഷ്കാരം ഇവിടെ ഉണ്ടാകും. പഴയ മാർക്കറ്റ് മൈതാനത്ത് ബസ് ബേ നിർമിക്കുന്നതു സംബന്ധിച്ച വിഷയം നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നു നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ്കുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യും.
പഴയ മാർക്കറ്റ് മൈതാനത്ത് ബസ്ബേ കം ഷോപ്പിങ് കോംപ്ലക്സാണ് ഉചിതം.
ഇവിടെ നിന്നു ഇറഞ്ഞാൽ റോഡിലേക്ക് പ്രവേശിക്കാൻ വഴി ഉണ്ടാകണം. ദേശീയപാതയിൽ മണർകാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രി, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവ കളത്തിൽപ്പടിയിൽ നിന്നു മധുരഞ്ചേരി, ഇറഞ്ഞാൽ വഴി തിരിച്ചുവിടാൻ പാത ഒരുക്കണം. ഇത് സംബന്ധിച്ച് പഠനം നടത്തി നഗരസഭ പ്രോജക്ട് തയാറാക്കും.
കഞ്ഞിക്കുഴി മേഖലയിലെ കൗൺസിലർമാരുടെയും വിജയപുരം പഞ്ചായത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താകും വികസന നടത്തുകയെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു
(പ്രതികരണങ്ങൾ തുടരും)
പൊലീസ് ഒപ്പമുണ്ട്; യാത്രക്കാരും സഹകരിക്കണം : ഡിവൈഎസ്പി
കഞ്ഞിക്കുഴിയിലെ യാത്രാക്ലേശം സംബന്ധിച്ചുള്ള പരമ്പര എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്നു കരുതുന്നതായി ഡിവൈഎസ്പി കെ.എസ്.അരുൺ. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങളിൽ പ്രധാനമായും ശ്രദ്ധേയമായത് ബസ്ബേ വേണമെന്നുള്ളതാണ്.
പഴയ മാർക്കറ്റ് മൈതാനം ബസ്ബേയാക്കണമെന്നതിനോടു നൂറുശതമാനവും യോജിക്കുന്നു. അതുപോലെ മാർക്കറ്റ് മൈതാനത്തിന് എതിർവശത്തും ബസ്ബേ പോലെ ക്രമീകരിക്കാൻ കഴിയുമോയെന്നു ആലോചിക്കണം.
അങ്ങനെയായാൽ രണ്ടുവശത്തു നിന്നുള്ള ബസുകൾ നിഷ്പ്രയാസം നിയന്ത്രിക്കാനാകും.
ഇപ്പോൾ കഞ്ഞിക്കുഴിയിൽ എല്ലാ ദിവസവും 5 പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. പക്ഷേ, ചില ദിവസങ്ങളിൽ പൊലീസിനും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറമാണ് തിരക്ക്.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഡ്യൂട്ടിയെങ്കിലും, രാത്രിയിൽ കൂടുതൽ സമയം പൊലീസ് അവിടെ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

