കോട്ടയം∙താഴത്തങ്ങാടി കൊച്ചേട്ട് വീട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇലഞ്ഞിമരച്ചുവട്ടിൽ പവിലിയൻ ഒരുങ്ങിക്കഴിഞ്ഞു. കഥകളുറങ്ങുന്ന ഇലഞ്ഞിമരത്തണലിൽ അവ അനുസ്മരിക്കാനും പുതിയ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനും തയാറാക്കിയ പവിലിയൻ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്നു വൈകിട്ട് ഉദ്ഘാടനം ചെയ്യും.
363 വർഷം പഴക്കമുണ്ടെന്ന് വനംവകുപ്പ് സാക്ഷ്യപ്പെടുത്തിയ ഇലഞ്ഞിമരം വീട്ടുടമ കെ.ജെ ജേക്കബിനും സി.വി ആനന്ദബോസിനും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഈ മരം വെട്ടിക്കളയരുതെന്ന് പിതാവ് നൽകിയ ഉപദേശം അക്ഷരംപ്രതി പാലിക്കുകയാണ് ജേക്കബും (രാജു കൊച്ചേട്ട്) കുടുംബവും.
ഇലഞ്ഞിപ്പൂമാല കൊർക്കുന്നത് ഇഷ്ടമായിരുന്ന മുത്തശ്ശിയുടെ ഓർമകൾ സി.വി ആനന്ദബോസിൽ ഉണർത്തിയിരുന്നത് സുഹൃത്തായ ജേക്കബിന്റെ വീട്ടിലെ ഈ ഇലഞ്ഞിയാണ്. തന്റെ കഥാസമാഹാരത്തിന് ‘ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം’ എന്ന് പേരിട്ടതിനും ഈ ഇലഞ്ഞി കാരണമായി.
ഇതിലെ രണ്ടു കഥകൾ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.രണ്ടു വർഷം മുൻപ് ഈ ഇലഞ്ഞിയെക്കുറിച്ച് അദ്ദേഹം എഴുതിയ കവിത ഇതേ ഇലഞ്ഞിച്ചോട്ടിലിരുന്ന് ആലപിച്ചു കേട്ടു.
മനോഹരമായി അത് ആലപിച്ച വിദ്യാർഥിനി ബെൽവ മറിയം ബിജുവിനെ ഉൾപ്പെടെ കൊൽക്കത്തയിലെ ലോക്ഭവനിലേക്ക് അദ്ദേഹം ക്ഷണിച്ചു കൊണ്ടുപോവുകയും അവിടെ ഇലഞ്ഞിത്തൈ നടുകയും ചെയ്തു.
ഇത്രയും ഹൃദയബന്ധമുള്ള ഇലഞ്ഞിച്ചോട്ടിൽ ഒരു പവിലിയൻ ഒരുക്കണമെന്ന് സി.വി ആനന്ദബോസ് ആവശ്യപ്പെടുകയായിരുന്നെന്ന് കെ.ജെ ജേക്കബ് പറഞ്ഞു. ആർക്കിടെക്ട് രാഹുൽ തോമസ് പയസാണ് ഇത് രൂപകൽപന ചെയ്തത്.
വൈകിട്ട് 4.30നു പവിലിയന്റെ ഉദ്ഘാടനത്തിനൊപ്പം ആനന്ദബോസിന്റെ ജന്മദിനാഘോഷവും നടക്കും. മുനിസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

