ശാസ്താംകോട്ട ∙ ശുദ്ധജല പദ്ധതിക്കായി ഐവർകാലയിലെ പ്രധാന പാതകൾ കുഴിച്ച് പൈപ്പിട്ട് രണ്ടു വർഷമായിട്ടും തകർന്ന റോഡുകൾ നവീകരിക്കാൻ നടപടിയില്ല.
ശുദ്ധജല പദ്ധതിയും എങ്ങുമെത്തിയില്ല. പൊടിപ്പൊളിഞ്ഞ് കുഴി നിറഞ്ഞ റോഡുകളിലൂടെ നടന്നു പോലും പോകാൻ പറ്റാതായി.
പൊടിശല്യം കാരണം സമീപവാസികളും വലഞ്ഞു. 6 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള കുന്നത്തൂർ– കരുനാഗപ്പള്ളി സംയോജിത ശുദ്ധജല പദ്ധതിയുടെ ഭാഗമായിട്ടാണ് പൈപ്പിടീൽ തുടങ്ങിയത്.
കുന്നത്തൂർ പഞ്ചായത്തിലെ ഞാങ്കടവ് ഭാഗത്ത് കല്ലടയാറ്റിൽ തടയണ സ്ഥാപിച്ച് ജലം പമ്പു ചെയ്തു, ഐവർകാല അമ്പുവിളയിൽ നിർമിക്കുന്ന കൂറ്റൻ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക്, തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിലെ വീടുകളിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അമ്പുവിളയിൽ പ്ലാന്റിന്റെ നിർമാണത്തിനു മുൻപേ ഐവർകാലയിൽ ടാർ റോഡുകൾ കുഴിച്ച് പൈപ്പിട്ട് തുടങ്ങി. അമ്പുവിള– പ്ലാമുക്ക്, ഞാങ്കടവ്– അമ്പുവിള, മഠത്തിലഴികത്ത്– ബദാം മുക്ക്, മിന്നൽ മുക്ക്– ഏഴാംമൈൽ റോഡുകളിലാണ് കൂറ്റൻ ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ചത്.
റോഡുകൾ ടാർ ചെയ്തു നവീകരിക്കുമെന്ന ഉറപ്പും വെള്ളത്തിലായി. തടയണ നിർമിക്കാനുള്ള സർവേ നടപടികൾ നാളിതു വരെ നടന്നില്ല.
പ്ലാന്റ് നിർമാണവും പാതിവഴിയിലാണ്.
ഐവർകാല– ഞാങ്കടവ് പ്രധാന പാതയിൽ പ്ലാമുക്ക് മുതൽ പൈപ്പിടൽ തുടങ്ങിയിട്ടില്ല. ഇതിനായി എത്തിച്ച കൂറ്റൻ പൈപ്പുകൾ റോഡിൽ ഉപേക്ഷിച്ച നിലയിലാണ്.
കാട് കയറിയതോടെ തെരുവുനായ്ക്കളും കാട്ടുപന്നികളും കൂറ്റൻ പൈപ്പുകളിൽ താവളമാക്കി. പൈപ്പിട്ട് രണ്ട് വർഷമായിട്ടും തകർന്ന റോഡുകൾ ടാർ ചെയ്യാതെ ജനങ്ങളെ വലയ്ക്കുന്ന സർക്കാർ വകുപ്പുകൾക്കെതിരെ പ്രതിഷേധം ശക്തമായി.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

