അമ്പലവയൽ ∙ കോഴിയിറച്ചിയുടെ വില കുതിച്ചുകയറുന്നു. നിലവിൽ ജില്ലയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 240 മുതൽ 290 രൂപ വരെയാണ് കഴിഞ്ഞ ദിവസത്തെ വില. ഒരുമാസത്തിനിടെയാണ് കോഴിയിറച്ചിയുടെ വില വർധിച്ചത്.
170 മുതൽ 220 വരെയായിരുന്നു ആഴ്ചകൾക്ക് മുൻപത്തെ വില. ആഴ്ചകൾ കൊണ്ട് 50–60 രൂപയുടെ വർധനയാണ് കോഴിയിറിച്ചിക്കുണ്ടായത്.
ക്രിസ്മസിനോടും മണ്ഡലകാലത്തോടും അനുബന്ധിച്ചുള്ള നോമ്പ് കാലമാകുന്നതിനാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ പൊതുവേ കോഴിയിറച്ചി വിൽപന കുറയുന്നതിനാൽ വിലയും താരതമ്യേന താഴ്ന്നാണ് നിൽക്കാറുള്ളത്. എന്നാൽ ഇത്തവണ വില കൂടുകയാണ് ചെയ്തത്.വ്യാപാരികൾക്ക് ലഭിക്കുന്ന കോഴികളുടെ മൊത്ത വില വർധിച്ചതാണ് ഇറച്ചിയുടെ വില കൂടാൻ കാരണം.ഇതിനിടെ മൊത്ത വിതരണക്കാർ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.
ജില്ലയിൽ പലയിടങ്ങളിലും ചെറിയ വില വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലായിടത്തും വില വർധിച്ചിട്ടുണ്ട്. ഫാമുകളിൽ നിന്ന് കർഷകർ വിൽക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലേക്ക് എത്തിയിട്ടുണ്ടെന്നും കോഴികൾക്ക് നൽകാനുള്ള തീറ്റയുടെ അടക്കം വിലവർധനവും ഉൽപാദനത്തിൽ ഗണ്യമായ കുറവ് വന്നതും വില വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ നിലവിൽ ലഭിച്ചിരുന്ന വിലയേക്കാൾ 5 മുതൽ 15 രൂപവരെ വർധിച്ചതും കർഷകർക്ക് തിരിച്ചടിയായതും വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. ജില്ലയിൽ ആവശ്യമായ അത്രയും കോഴികളെ ഇവിടെ ഉൽപാദിപ്പിക്കുന്നില്ല, തമിഴ്നാട് അടക്കമുള്ളിടങ്ങളിൽ നിന്നെത്തുന്ന കോഴികളാണ് വിൽപന നടത്തുന്നത്. അവിടുന്നു ലഭിക്കുന്ന കോഴികളുടെ മൊത്ത വില വർധിക്കുന്നതിന് അനുസരിച്ച് കോഴിയിറച്ചിയുടെ വിലയും ജില്ലയിൽ വർധിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

