കോയമ്പത്തൂർ ∙ അവിനാശി റോഡിൽ ഒരു മണിക്കൂറോളം പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി സാഹസത്തിനു മുതിർന്ന യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയും സേലത്തിൽ സ്ഥിര താമസക്കാരനുമായ ആന്റണി ജോൺ (35) ആണ് പീളമേട് പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ അവിനാശി റോഡിൽ പിഎസ്ജി ടെക് കോളജിനു മുൻപിലാണു സംഭവം. സേലം റജിസ്ട്രേഷൻ കാറുമായെത്തിയ യുവാവ് പെട്ടെന്നാണ് റോഡിനു മധ്യത്തിൽ കാർ നിർത്തി ഗതാഗത തടസ്സം ഉണ്ടാക്കിയത്. കൂടാതെ കാർ മുന്നോട്ടും പിന്നോട്ടുമായി ഓടിച്ചും വഴിയാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്തതോടെ നാട്ടുകാർ തടിച്ചുകൂടി.
കാറിനകത്തു ലുങ്കിയും ബനിയനും മാത്രം ധരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കാർ നിർത്തി കാറിനു മുകളിൽ കയറി നിൽക്കുകയും സിഗരറ്റ് വലിച്ചു ബഹളമുണ്ടാക്കുകയും ചെയ്തു.
ഇതോടെ വഴിയാത്രക്കാർ അടക്കമുള്ളവർ കണ്ണാടി തകർക്കുകയും കാർ യാത്ര തുടരാതിരിക്കാനായി റോഡിൽ കല്ലുകൾ നിരത്തുകയും ചെയ്തു. പീളമേട് പൊലീസെത്തി കാറിനു മുകളിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയായിരുന്നു.
ഇതോടെ നാട്ടുകാർ കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാളെ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി ചികിത്സ നൽകി.
കോയമ്പത്തൂരിലുള്ള ഭാര്യ നൽകിയ സ്ത്രീ പീഡനത്തിനും സ്ത്രീധനം ചോദിച്ചതിനുമുള്ള പരാതിയിൽ ഇയാൾക്കെതിരെ കരുമത്തംപട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഇതിൽ ഹാജരാകാനായി എത്തിയ യുവാവ് പെട്ടെന്നുള്ള ദേഷ്യത്തിലാണ് ഇത്തരത്തിൽ പെരുമാറിയതെന്നു പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

