ചാരുംമൂട് ∙ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും വേണ്ടി കനാൽജലം കാത്തിരുന്നവർക്ക് ആശ്വാസവുമായി 10ന് തെന്മല ഡാം തുറക്കും. 15–ാം തീയതിയോടെ ചാരുംമൂട് മേഖലയിലെ കനാലുകളിൽ വെള്ളം എത്തും. രണ്ടാഴ്ചയായി നടന്നുവന്ന കനാൽ ശുചീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. കനാലുകൾ ശുചീകരണമില്ലാതെ കാടുംപടലും പിടിച്ച് മാലിന്യങ്ങളുമായി നിലകൊള്ളുന്നതിനെക്കുറിച്ചും ജലക്ഷാമത്തെ കുറിച്ചും ‘മനോരമ’ ഡിസംബർ 13ന് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കൂടിയ കെഐപി ഉദ്യോഗസ്ഥരുടെ യോഗ തീരുമാന പ്രകാരമാണ് ജനുവരി 10ന് തെന്മല ഡാം തുറക്കുന്നത്.
രണ്ട് ദിവസം കൊണ്ടുതന്നെ ആവശ്യാനുസരണം ഉള്ള വെള്ളം അടൂർ പഴകുളത്ത് എത്തിച്ചേരും. ഇവിടെ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചാത്തുകളിലേക്കുള്ള മെയിൻ കനാലുകളിലും സബ് കനാലുകളിലും എത്തിച്ചേരും.
15–ാം തീയതിയോടെ പൂർണമായും വെള്ളം കനാലുകളിൽ എത്തും. ഇതോടുകൂടി നാളുകളായി ശുദ്ധജലക്ഷാമത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും കാർഷികാവശ്യങ്ങൾക്ക് വെള്ളത്തിനായി കാത്തിരുന്ന കർഷകർക്കും ആശ്വാസമാകും.
കനാൽ ജലം എത്തുന്നതോടെ പരിസരപ്രദേശങ്ങളിലുള്ള കിണറുകളിൽ ഉറവയായി ആവശ്യാനുസരണം വെള്ളം എത്തും.
കനാൽ ശുചീകണത്തിന്റെ ഭാഗമായി സബ് കനാലുകളും ചാരുംമൂട് വരെയുള്ള മെയിൻ കനാലും ശുചീകരിച്ചു. കനാലുകളിൽ ഭാഗികമായ പണികളും നടത്തി.
കനാൽ ചോർന്ന് വെള്ളം പോകാതിരിക്കാനുള്ള സംവിധാനവും കെഐപി ചെയ്തിട്ടുണ്ട്. നൂറനാട് സ്ഥാപിച്ചിരുന്ന ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. പ്രധാനകനാലിൽ പടർന്നു കിടന്നിരുന്ന വള്ളികളെല്ലാം മാറ്റി ശുചീകരിച്ചിട്ടുണ്ട്.
എന്നാൽ ആദിക്കാട്ടുകുളങ്ങരയിലുള്ള അക്വഡേറ്റ് പൂർണമായും അപകടരഹിതമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പൂർണമായും കനാലുകളുടെ പണികൾ പൂർത്തീകരിക്കുന്നതിനുള്ള ഫണ്ട് ലഭിച്ചിട്ടില്ല.
കൂടുതലായി കിടന്ന കാടുംപടലും വെട്ടി വൃത്തിയാക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടി കിടന്ന മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
എന്നാൽ നിശ്ചിത അളവിൽ മാത്രം വെള്ളം കനാലുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. ചാരുംമൂട്ടിലെത്തുന്ന മെയിൻ കനാൽ നാലര കിലോമീറ്ററോളം ശുചീകരിച്ചു.
മാലിന്യം തള്ളുന്നവരെ കണ്ടെത്തും
കനാലുകളിൽ വെള്ളം എത്തുന്നതിന്റെ മുന്നോടിയായി കനാലുകളിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കും. കനാലിൽ ജലംമെത്തിക്കഴിയുമ്പോൾ ഇതിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുക, തെരുവുനായകൾ ഉൾപ്പെടെയുള്ളവയെ കനാലുകളിൽ കൊണ്ടിടുക, ഹോട്ടൽമാലിന്യങ്ങളും ഇറച്ചിക്കട
മാലിന്യങ്ങളും കനാലുകളിൽ രാത്രി തള്ളുക, തുടങ്ങിയവ നടത്തുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രി കനാൽ വശങ്ങളിൽ ജനകീയ പട്രോളിങ് നടത്തുകയും മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ ഇവരെ പൊലീസ് കൈമാറുന്നതിനുള്ള നടപടിയും സ്വീകരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

