ഹരിപ്പാട്∙ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നമുണ്ടായയാൾക്ക് അവിടെ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ഗുരുതര ആരോപണവുമായി കുടുംബം. 29ന് ഡയാലിസിസിനെത്തുടർന്ന് 6 പേർക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ 3 പേരുടെ സ്ഥിതി മോശമായിരുന്നതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുകയും അതിൽ രണ്ടു പേർ മരിക്കുകയും ചെയ്തു.
കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. മൂന്നാമത്തെയാളായ ഹരിപ്പാട് വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാറിന്റെ(60) കുടുംബമാണു താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്.
ഡയാലിസിസ് ചെയ്യാനെത്തുമ്പോൾ മജീദിനെയും രാമചന്ദ്രനെയും കാണാറുള്ളതാണെന്നു രാജേഷിന്റെ ഭാര്യ ശ്രീലേഖ പറഞ്ഞു.
‘‘അന്ന് ഡയാലിസിസിനിടെ മജീദിന്റെ സ്ഥിതിയാണ് ആദ്യം മോശമായത്. പിന്നാലെ രാജേഷിനു ഛർദിയും വിറയലും തുടങ്ങി.
രക്തസമ്മർദം താഴ്ന്നു. എന്നിട്ടും ഡയാലിസിസ് യൂണിറ്റിലെ ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. അപകടം തോന്നി സ്വന്തം നിലയിലാണു താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
അവിടെ ഡ്രിപ് ഇടുകയും കുത്തിവയ്ക്കുകയും ചെയ്തു. വൈകിട്ടോടെ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു വീട്ടിലേക്കു വിട്ടു.വീട്ടിലെത്തിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. തുടർന്ന് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ ശ്വസന സഹായം നൽകിയതോടെ നില മെച്ചപ്പെട്ടു.
പിന്നാലെ രാമചന്ദ്രനെയും അവിടെ കൊണ്ടുവന്നു.
പക്ഷേ ഐസിയു കിടക്ക ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹം മരിച്ചതാണു പിന്നീട് അറിഞ്ഞത്.
നേരത്തേ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെ’’– ശ്രീലേഖ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ചികിത്സാവീഴ്ചയ്ക്കെതിരെ ഇന്നു രമേശ് ചെന്നിത്തല എംഎൽഎയ്ക്കു പരാതി നൽകുമെന്നും അവർ പറഞ്ഞു.രക്തസമ്മർദം സാധാരണ നിലയിലെത്തിയതോടെ രാജേഷിനു ഡയാലിസിസ് ചെയ്തു.
ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. രക്തത്തിൽ അണുബാധയെന്നാണു ഡോക്ടർമാർ പറഞ്ഞതെന്നു ശ്രീലേഖ പറയുന്നു. അതേസമയം ഭക്ഷ്യവിഷബാധ കാരണമാണു രാജേഷിന്റെ സ്ഥിതി മോശമായതെന്നാണു ഡിസ്ചാർജ് റിപ്പോർട്ടിൽ പറയുന്നത്.
കേസ് ഷീറ്റുകൾ ആരോഗ്യ വകുപ്പ് പരിശോധിക്കും
ആലപ്പുഴ∙ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനെത്തുടർന്നു മരിച്ച രണ്ടുപേരുടെയും കേസ് ഷീറ്റുകൾ ആരോഗ്യ വകുപ്പ് പരിശോധിക്കും.ഇരുവരുടെയും പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ കേസ് ഷീറ്റ് വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചെങ്കിലേ മരണകാരണം ഉൾപ്പെടെ കണ്ടെത്താനാകൂ.സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണു നൽകിയതെന്നു ഡിഎംഒ അറിയിച്ചു.
ആശുപത്രിയിലെ ജലശുദ്ധീകരണ പ്ലാന്റിലെ വെള്ളത്തിന്റെ രാസപരിശോധന, കൾചർ ടെസ്റ്റ്, ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനുള്ള എൻഡോടോക്സിൻ പരിശോധന എന്നിവ നടത്താൻ കഴിഞ്ഞദിവസം ശേഖരിച്ച സാംപിൾ നാളെ ലാബുകളിലെത്തിക്കും. മന്നം ജയന്തി, ഞായർ എന്നീ പൊതുഅവധി ദിവസങ്ങളിൽ ലാബുകളും അവധിയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

