തൃക്കരിപ്പൂർ ∙ പുതുവർഷരാവിൽ തൃക്കരിപ്പൂർ ടൗണിൽ ഹോട്ടലിനു നേരെ സംഘടിതരായി എത്തിയവരുടെ അക്രമണം. ഹോട്ടൽ അടിച്ചുതകർത്തു.
ജീവനക്കാരനു മർദനമേറ്റു. ആദ്യത്തെ അക്രമണത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തവരാണ് ആളെക്കൂട്ടി വന്നു സംഘടിത അതിക്രമം നടത്തിയതെന്നാണ് ആരോപണം. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം.
പഞ്ചായത്ത് ഓഫിസിനു സമീപത്ത് ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള പോഗോപ് ഹോട്ടലിനു നേരെയാണ് പതിനഞ്ചിലധികം യുവാക്കൾ അടങ്ങുന്ന സംഘം അക്രമം നടത്തിയത്.
പാർസൽ സർവീസിന് ഉപയോഗിക്കുന്ന ഹോട്ടലിന്റെ ബൈക്കുകൾ ഉൾപ്പെടെ തള്ളിമറിച്ചിട്ട് കേടുവരുത്തിയ ശേഷം ഹോട്ടലിനകത്ത് കയറിയ അക്രമിസംഘം വാതിലും ഉപകരണങ്ങളും മറ്റും തല്ലിത്തകർത്തു. അക്രമം ചെറുക്കുന്നതിനിടെ തൊഴിലാളി ബിട്ടു അലിക്കാണ് പരുക്കേറ്റത്.
ഇയാൾക്ക് ചികിത്സ നൽകി.രാത്രി 11നു ശേഷം പയ്യന്നൂർ ഭാഗത്തു നിന്നു ഹോട്ടലിൽ എത്തിയ 4 പേരാണ് ആദ്യത്തെ ആക്രമണം നടത്തിയത്. ഭക്ഷണത്തിന് ഓർഡർ നൽകിയവർ 5 മിനിറ്റ് കഴിഞ്ഞതോടെ ഒച്ചപ്പാട് തുടങ്ങിയെന്നു ഹോട്ടൽ ഉടമ പറഞ്ഞു.
ഓർഡർ നൽകിയ ഭക്ഷണം സപ്ലൈ ചെയ്യുന്നതിനു 15 മിനിറ്റ് താമസമുണ്ടെന്ന് അറിയിച്ചെങ്കിലും മേശപ്പുറത്തുണ്ടായിരുന്ന പ്ലേറ്റും ഗ്ലാസുകളും എറിഞ്ഞുടച്ചു സംഘം അക്രമം കാട്ടി.
അക്രമം ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തി. പേടിച്ച ചിലർ ഇറങ്ങി ഓടുകയും ചെയ്തു.
ഇതേ തുടർന്നു ചന്തേര പൊലീസിൽ വിവരം നൽകി. പൊലീസെത്തി 4 പേരെയും അവിടെ നിന്നു നീക്കി.
പക്ഷേ, പൊലീസ് നീക്കം ചെയ്തവരുടെ നേതൃത്വത്തിൽ അൽപം കഴിഞ്ഞു അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നു ഉടമ വിശദീകരിച്ചു. കണ്ടാലറിയാവുന്ന 19 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ സംഭവത്തിലെ അക്രമികളെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് രണ്ടാമത്തെ സംഘടിതമായ അക്രമത്തിനു കാരണമെന്ന പരാതി ശക്തമാണ്.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ഹോട്ടലിനു നേരെ നടത്തിയ ഗുണ്ടാ അക്രമം അതീവ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്നു ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ പറഞ്ഞു.
അക്രമികളെ അടിയന്തരമായും പിടികൂടണം.അക്രമത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പ്രതിഷേധിച്ചു. ഇരുമ്പു വടികളും കല്ലും കട്ടകളുമായി വന്നു സംഘടിത ആക്രമണം നടത്തിയവരെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ സമര മാർഗം സ്വീകരിക്കുമെന്നു ബിജു വിശദീകരിച്ചു. ബിജു, റഫീഖ് ബൈത്താൻ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്നു പൊലീസിനു പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

