ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന് ചുവപ്പ് പെയ്ന്റടിച്ചത് വിവാദത്തിൽ.
കിഫ്ബിയിൽ നിന്ന് 3.90 കോടി രൂപ ചെലവിട്ടാണു കെട്ടിടം നിർമിച്ചത്. നിർമാണം അവസാനഘട്ടത്തിലാണ്. പൊതുവിദ്യാലയങ്ങൾക്ക് കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ് നിഷ്കർഷിക്കുന്ന കളർ കോഡുകൾക്കു വിരുദ്ധമായാണ് സ്കൂൾ കെട്ടിടത്തിന്റെ തൂണുകൾക്കുൾപ്പെടെ ചുവപ്പു പെയ്ന്റടിച്ചതെന്ന് ആരോപിച്ച് വെള്ളിനേഴിയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പൊതുവിദ്യാലയ കെട്ടിടത്തിന് ഈ കളർ കോഡ് നൽകുന്നതു ചട്ടവിരുദ്ധമാണെന്നു ഡിസിസി അംഗം പി.സ്വാമിനാഥൻ പറഞ്ഞു.
കെട്ടിടത്തിനു ചുവപ്പു പെയ്ന്റടിച്ച നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കലക്ടർ, ഡിഇഒ, എഇഒ എന്നിവർക്കു പരാതി നൽകുമെന്നും സ്വാമിനാഥൻ പറഞ്ഞു.
വിഷയം ഉന്നയിച്ച് സ്കൂൾ പ്രിൻസിപ്പൽ ബബിതയുമായി നേതാക്കൾ ചർച്ച നടത്തി. കെട്ടിടത്തിന്റെ നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥർ പിടിഎയുമായോ പ്രിൻസിപ്പലുമായോ കൂടിയാലോചന നടത്താതെയാണ് പെയ്ന്റിങ് നടത്തിയതെന്നും വിഷയത്തിൽ ആശങ്കയുണ്ടെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
അതേസമയം, തങ്ങൾക്കു ലഭിച്ച എസ്റ്റിമേറ്റ് പ്രകാരമാണു പ്രവൃത്തികൾ നടത്തുന്നതെന്നും അപാകതകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സി.രവിശങ്കർ, പി.ജി.മോഹനകൃഷ്ണൻ, കെ.വി.രാധാകൃഷ്ണൻ, പി.ശ്രീകുമാർ, പി.എസ്.സുരേഷ്ബാബു, പി.നിഖിൽ, ബി.കെ.മണികണ്ഠൻ, വി.കെ.ഗോവിന്ദൻകുട്ടി, പി.ശിവദാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

