ഹാപ്പി ന്യൂ ഇയർ!
ലോകം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും വലിയ പ്രതീക്ഷകളോടെ പുതുവർഷത്തിലേക്ക് ചുവടുവച്ചു.
ആഗോളതലത്തിൽ സാമ്പത്തിക മേഖലയെയും പിടിച്ചുലയ്ക്കുന്ന പല ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പിണക്കങ്ങൾക്കും 2026 അറുതിവരുത്തുമെന്നും സമാധാനത്തിന്റെ ദിനങ്ങൾ പിറക്കുമെന്നുമാണ് പൊതുവേ വിലയിരുത്തൽ.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ആ യുദ്ധം അവസാനിക്കുന്നതുതന്നെ, ലോകത്തെ മറ്റു പല സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള പ്രതീക്ഷകൾ സമ്മാനിക്കും.
ധാക്കയിൽ ഇന്ത്യ-പാക്ക് ഷേക്ക്ഹാൻഡ്!
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായി ഇന്ത്യയും പാക്കിസ്ഥാനും കൈകൊടുത്തു!
ഇരു രാജ്യങ്ങളും തമ്മിലെ പിണക്കം മാറുകയാണോ? ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ധാക്കയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പാക്കിസ്ഥാൻ പാർലമെന്റ് സ്പീക്കർ സർദാർ ആയാസ് സാദിഖുമാണ് പരസ്പരം കൈകൊടുത്ത് അഭിവാദ്യം ചെയ്തത്.
ഇക്കാര്യം ബംഗ്ലദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് എക്സിൽ ഫോട്ടോ സഹിതം ഷെയർ ചെയ്യുകയും ചെയ്തു.
എന്നാൽ, അവിചാരിതമായും യാദൃച്ഛികമായും പരസ്പരം കാണുകയും അനൗപചാരികമായി കൈകൊടുക്കുക മാത്രമാണുണ്ടായതെന്നുമാണ് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഒരുതലത്തിലും ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും ഇപ്പോഴില്ല.
Sardar Ayaz Sadiq, Speaker of the National Assembly of Pakistan, exchanges greetings with Indian External Affairs Minister S.
Jaishankar in Dhaka on Wednesday ahead of the funeral programme of former Bangladesh Prime Minister Khaleda Zia. യെമനെച്ചൊല്ലി യുഇഇ-സൗദി തർക്കം
യെമനിൽ ഹൂതികൾക്കുനേരെ സൗദി അറേബ്യ ആക്രമണം കടുപ്പിച്ചു.
യുഎഇക്കെതിരെ കടുത്ത ആരോപണം ഉയർത്തുകയും ചെയ്തു. ഹൂതികളെ ആയുധം നൽകി പിന്തുണയ്ക്കുന്നത് യുഎഇ ആണെന്ന് സൗദി ആരോപിച്ചു.
എന്നാൽ, ഭീകരവാദത്തെ ചെറുക്കാനാണ് ആയുധങ്ങൾ വിതരണം ചെയ്തതെന്നും വിഘടനവാദത്തെ പിന്തുണയ്ക്കാനല്ലെന്നും യുഎഇ വ്യക്തമാക്കി.
യെമനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ യുഎഇ തീരുമാനിച്ചെന്ന് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
സൗദി-യുഎഇ തർക്കം ക്രൂഡ് ഓയിൽ വിലയെ ബാധിക്കുകയും എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ ഭാവിയെ തുലാസിലാക്കുകയും ചെയ്തിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില 0.91% ഇടിഞ്ഞ് ബാരലിന് 57.42 ഡോളറായി.
ബ്രെന്റ് വില 0.78% താഴ്ന്ന് 60.85 ഡോളർ. യുഎഇയുടെ ക്രൂഡ് ഇനമായ മർബൻ എണ്ണയുടെ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 61.40 ഡോളറിലുമെത്തി.
ഒപെക്കിന്റെ തീരുമാനങ്ങളെടുക്കുന്നതിൽ നിർണായക സ്ഥാനങ്ങളിലിരിക്കുന്നവരാണ് സൗദിയും യുഎഇയും.
യെമനെച്ചൊല്ലി നേരത്തേയും സൗദിയും യുഎഇയും തമ്മിൽ ഉടക്കിയിട്ടുണ്ട്. ഇരുവരും തമ്മിലെ ഭിന്നത രൂക്ഷമായാൽ അത് ഒപെക്കിന്റെ തീരുമാനങ്ങളിലും ഭിന്നസ്വരങ്ങൾക്ക് വഴിവയ്ക്കുമെന്നതാണ് ആശങ്ക.
ഇത് എണ്ണ ഉൽപാദനത്തെയും വിതരണത്തെയും താളംതെറ്റിച്ചേക്കും. ഇതാണ് വിലയെ ബാധിക്കുന്നത്.
ഇന്ത്യയ്ക്ക് ഹാപ്പി ന്യൂ ഇയർ ആവേശം
പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ ഓഹരി വിപണി.
ആഭ്യന്തര കമ്പനികളുടെ മികച്ച പ്രകടനം, കയറ്റുമതി മേഖലയ്ക്ക് കരകയറാനുള്ള കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്, വോഡഫോൺ ഐഡിയയ്ക്ക് എജിആർ കുടിശികയിന്മേൽ കേന്ദ്രം നൽകിയ ആശ്വാസം, വാഹനക്കമ്പനികൾ പ്രതീക്ഷിക്കുന്ന മികച്ച വിൽപനക്കണക്ക്, സ്റ്റീൽ ഇറക്കുമതി നിയന്ത്രണം എന്നിവയ്ക്ക് പുറമേ ആഗോളതലത്തിൽ നിന്നുള്ള അനുകൂല സാഹചര്യങ്ങളും കരുത്താക്കി മുന്നേറാമെന്നുള്ള പ്രതീക്ഷയിലാണ് സെൻസെക്സും നിഫ്റ്റിയും.
2025ന്റെ നേട്ടം ഇങ്ങനെ
ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (+0.64%) മുന്നേറി 85,220.60ലും നിഫ്റ്റി 190.75 പോയിന്റ് (+0.74%) ഉയർന്ന് 26,129.60ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. 2025ൽ ഇതോടെ സെൻസെക്സിന്റെ ആകെ നേട്ടം 9 ശതമാനമായി.
നിഫ്റ്റി50ന്റേത് 10 ശതമാനവും. എന്നാൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനത്തോളം നേട്ടം മാത്രമേ കുറിച്ചുള്ളൂ.
ബിഎസ്ഇ മിഡ്ക്യാപ് 6.62% താഴ്ന്നു.
പ്രതീക്ഷ സമ്മാനിച്ച് ഗിഫ്റ്റ് നിഫ്റ്റി
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 60 പോയിന്റ് ഉയർന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും പുതുവർഷപ്പിറവി ദിനമായ ഇന്നും നേട്ടത്തിന്റെ ആഘോഷദിനമാക്കുമെന്ന പ്രതീക്ഷയാണ് ഇതു നൽകുന്നത്.
യുഎസ് ഓഹരി വിപണികൾ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡൗ 0.63%, എസ് ആൻഡ് പി500 സൂചിക 0.74%, നാസ്ഡാക് 0.76% എന്നിങ്ങനെ താഴ്ന്നു. പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ സംബന്ധിച്ച ആശങ്ക, എഐ അധിഷ്ഠിത ഓഹരികൾ നേരിടുന്ന വിൽപന സമ്മർദം എന്നിവ തിരിച്ചടിയായി.
വിദേശത്ത് അവധി മൂഡ്!
ന്യൂ ഇയർ ദിനമായിട്ടും ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് പല വിദേശ വിപണികൾക്കും അവധിയാണ്.
ചൈന, ജപ്പാൻ ഓഹരി വിപണികൾ ഇന്നും നാളെയും അടഞ്ഞുകിടക്കും. യുഎസ്, യുകെ, യുഎഇ, ജർമനി, ഫ്രാൻസ്, ഹോങ്കോങ്, സിംഗപ്പുർ വിപണികൾക്ക് ഇന്ന് അവധിയാണ്. ∙ രാജ്യാന്തര സവർണവിലയുള്ളത് 45 ഡോളർ താഴ്ന്ന് 4,325 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കുറയാം.
ശ്രദ്ധയിൽ ഇവർ
∙ വോഡഫോൺ ഐഡിയ ഓഹരികൾ തന്നെയാണ് ഇന്നത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. 87,695 കോടി രൂപയുടെ എജിആർ കുടിശിക വീട്ടാൻ കമ്പനിക്ക് കേന്ദ്രം 5 വർഷത്തെ മൊറട്ടോറിയം അനുവദിച്ചു.
ഇന്നലെ കമ്പനിയുടെ ഓഹരിവില മുന്നേറിയത് 15 ശതമാനത്തിലധികമാണ്. ഇന്നും പ്രതീക്ഷിക്കാം നേട്ടം.
∙ ഹ്യുണ്ടായ് ഉൾപ്പെടെ നിരവധി വാഹനക്കമ്പനികൾ പ്രഖ്യാപിച്ച പുതിയ വിലനിലവാരം ഇന്ന് പ്രാബല്യത്തിൽ വരും.
രൂപയും വിദേശ നിക്ഷേപവും
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 3,597 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. രൂപയെ ഇതു സമ്മർദത്തിലാക്കുന്നുണ്ട്.
ഇന്നലെ 13 പൈസ താഴ്ന്ന് 89.88ലാണ് ഡോളറിനെതിരെ വ്യാപാരം പൂർത്തിയാക്കിയത്. 2025ലെ ആകെ വീഴ്ച 5%.
ഡോളറിനെതിരെ 2025ൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസികളിലൊന്നാണ് രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

