കോഴിക്കോട്∙ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ.കെ.
പവിത്രൻ, അഡീഷനൽ എസ്പി, ഏഴോളം എസിപിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 750 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധന ഉണ്ടാകും.
ഡിസംബർ 31ന് 2.30 മുതൽ ഫ്രാൻസിസ് റോഡ് ജംക്ഷൻ, ദിവാർ ജംക്ഷൻ, രണ്ടാം ഗേറ്റ്, സിഎച്ച് ഫ്ലൈ ഓവർ, പി.ടി.ഉഷ റോഡ്, ക്രിസ്ത്യൻ കോളജ് വെസ്റ്റ്, വെസ്റ്റ്ഹിൽ ചുങ്കം, കോതി ജംക്ഷൻ, പണിക്കർ റോഡ് ജംക്ഷൻ, കോയ റോഡ്, വെങ്ങാലി എന്നീ സ്ഥലങ്ങളിൽ നിന്നും ബീച്ചിലേക്കുളള ഗതാഗതം നിയന്ത്രണ വിധേയമായിരിക്കും.
വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജംക്ഷൻ വരെയുളള ഭാഗങ്ങൾ, ബോംബെ ഹോട്ടൽ ജംക്ഷൻ, മൂന്നാലിങ്ങൽ, ഗാന്ധി റോഡ്, കസ്റ്റംസ് റോഡ്, പഴയ കോർപറേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ നിന്നും ബീച്ച് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വൈകിട്ട് 5ന് ശേഷം ബീച്ചിലേക്ക് വരുന്നവർ വാഹനങ്ങൾ പുറത്തെ പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്ത ശേഷം ബീച്ചിലേക്ക് വരേണ്ടതാണ്.
ബീച്ചിലേക്ക് വരുന്നവർ ജനുവരി 1 പുലർച്ചെ 1 മണിക്കുളളിൽ ബീച്ചിൽ നിന്നും മടങ്ങണം.
പുതുവത്സര ആഘോഷം നടത്താൻ തീരുമാനിച്ചിട്ടുളള എല്ലാ സംഘടനകളും അതാതു പൊലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും.
ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടു കൂടി മാത്രമേ നടത്താൻ പാടുളളൂ. ഇക്കാര്യം പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പു വരുത്തണം.
ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി സ്ക്വാഡിന്റെ പരിശോധന ഉണ്ടാകും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി എന്തെങ്കിലും അനിഷ്ട
സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടുത്തുളള പൊലീസ് സ്റ്റേഷനിലോ കേരള പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ 112,1515 എന്നിവയിലോ വിളിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

