കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ റോബട്ടിക് വാഹനം ഉപയോഗിച്ചുള്ള അണ്ടർവാട്ടർ പരിശോധന പൂർത്തിയായി. അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി തമിഴ്നാട്-കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവന്ന ആർഒബി പരിശോധനയാണ് പൂർത്തിയായത്.
റിപ്പോർട്ട് ഉടൻ ഉന്നതാധികാര സമിതിക്ക് കൈമാറും. നാഷനൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് സുപ്രീം കോടതി നിർദേശപ്രകാരം അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണ സമിതി നിലവിലുണ്ട്.
ഈ സമിതിയുടെ നിർദേശപ്രകാരമാണ് ജലത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗങ്ങളുടെ ബലം പരിശോധിക്കാൻ തീരുമാനിച്ചത്.
ഈ 22 മുതൽ ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച് സ്റ്റേഷനിലെ (CSMRS) ഗവേഷകരാണ് പരിശോധന നടത്തിയത്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
1,200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തിയത്.റോബട്ടിക് വാഹനം ജലത്തിനടിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ സംഘം ബോട്ടിലിരുന്ന് ‘കൺട്രോൾ കൺസോൾ സ്ക്രീൻ വഴി നിരീക്ഷിച്ചു. ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മർദം, താപനില എന്നിവ രേഖപ്പെടുത്തി.
പരിശോധനാ സമയത്ത് തമിഴ്നാടിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ സെൽവം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജഗോപാൽ എന്നിവരും കേരളത്തെ പ്രതിനിധീകരിച്ച് കട്ടപ്പന ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസിസ്റ്റന്റ് എൻജിനീയർമാരായ രമേശ്, ബനഡിക്ട് എന്നിവരും സന്നിഹിതരായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

