കുമരകം ∙ കരിമീൻ ഇതാ എത്തി. വേമ്പനാട്ടുകായലിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാണാതിരുന്ന കരിമീൻ ഇപ്പോഴിതാ സുലഭം.
കായലിൽ വലയിട്ടു മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് കരിമീൻ ലഭ്യത കൂടി. ഇതോടെ കുമരകത്തെ കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘത്തിൽ കരിമീനിന്റെ വില കുറഞ്ഞു.
നേരത്തേ കുമരകത്തെ റിസോർട്ടുകളിലും ഹോട്ടലുകളിലും ആവശ്യത്തിനുള്ള കരിമീൻ കിട്ടാത്ത അവസ്ഥയായിരുന്നു.ലഭ്യത കൂടിയതോടെ കുമരകത്തെ ആവശ്യം കഴിഞ്ഞുള്ള കരിമീൻ, സംഘം പുറം മാർക്കറ്റുകളിൽ എത്തിച്ചു വിൽപന നടത്തുകയാണ്. കുമരകത്ത് തന്നെ കൂടുതൽ കരിമീൻ വിൽപന നടത്താനാണു വില കുറച്ചതെന്നു സംഘം പ്രസിഡന്റ് എം.പി.സജീവ് പറഞ്ഞു.
ദിവസം 1,200 കിലോ വരെ
പള്ളിച്ചിറയിലെ സംഘത്തിലും മറ്റ് 2 ശാഖകളിലുമായി ദിവസം 1000–1200 കിലോ കരിമീൻ വരെയാണ് എത്തുന്നത്.
രണ്ടാഴ്ച മുൻപു വരെ 150 കിലോഗ്രാം പോലും കിട്ടാതിരുന്ന സ്ഥാനത്താണ് ഈ വലിയ വർധന. 2 പേർ ചേർന്നു പോകുന്ന വള്ളത്തിനു 15 കിലോയ്ക്ക് മുകളിൽ കരിമീൻ ലഭിക്കുന്നുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് കായലിലെ ഒഴുക്കു നിലച്ചതാണു വലയിട്ട് മത്സ്യബന്ധനം നടത്തുന്ന കരിമീൻ ലഭ്യത കൂടാൻ കാരണമെന്നു തൊഴിലാളികൾ പറഞ്ഞു.
ഇനിയും കുറഞ്ഞേക്കും
250 ഗ്രാമിനു മുകളിലുള്ള എപ്ലസ് കരിമീനിനു 680 രൂപയിൽനിന്ന് 600 രൂപയായി കുറഞ്ഞു. 150 ഗ്രാമിനു മുകളിലുള്ള എ ഗ്രേഡ് കരിമീനിന് 500 രൂപ(പഴയ വില 580).
100 ഗ്രാമിനു മുകളിലുള്ള ബി ഗ്രേഡിനു 320 രൂപ(പഴയ വില 450). 100 ഗ്രാമിനു താഴെയുള്ള സി ഗ്രേഡ് കരിമീനിന് 240 രൂപ(പഴയ വില 270).
സംഘത്തിൽ നിന്നു വാങ്ങുന്നവർക്ക് കരിമീനിന്റെ മുള്ളുകൾ കളഞ്ഞ് വൃത്തിയാക്കി നൽകുന്നതിന് കിലോയ്ക്ക് 30 രൂപ നൽകണം. സംഘത്തിൽനിന്ന് പുതുക്കിയ വില വിവര അറിയിപ്പ് വരെ ഈ വിലയ്ക്കാണു വിൽപന.
കരിമീൻ ലഭ്യത കൂടിയാൽ ഇനിയും വില കുറയും. ലഭ്യത കുറഞ്ഞാൽ വില കൂടുമെന്നും സംഘം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

