തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കടത്ത് കേസിൽ, ദിണ്ഡിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഹാജരാകാൻ മണിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നെങ്കിലും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് മണി പോലീസിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ അന്വേഷണസംഘം നടപടികൾ കർശനമാക്കിയതോടെ ഇന്ന് ഹാജരാകാമെന്ന് മണി സമ്മതിക്കുകയായിരുന്നു.
മണിക്ക് വ്യാജ സിം കാർഡുകൾ എടുത്തു നൽകിയവരോടും ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല ഉൾപ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികൾ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലോടെ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കേസിൽ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ ഗോവർദ്ദൻ, പങ്കജ് ഭണ്ഡാരി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എസ്ഐടി കോടതിയിൽ അപേക്ഷ സമർപ്പിക്കും.
പ്രതികളെ മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കേസിലെ കൂടുതൽ ഉന്നതരുടെ പങ്കും പുറത്തുവരുമെന്നാണ് സൂചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

