ശബരിമല ∙ 41 ദിവസംനീണ്ട മണ്ഡലകാല തീർഥാടനത്തിനു സമാപനംകുറിച്ച് അയ്യപ്പ ക്ഷേത്രനട
അടച്ചെങ്കിലും സന്നിധാനത്തും പമ്പയിലും ഇനിയും ഉറക്കമില്ലാത്ത ദിവസങ്ങൾ. രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം മകരവിളക്ക് തീർഥാടനത്തിനായി 30ന് നട
വീണ്ടും തുറക്കും. മണ്ഡലകാലത്തെ അത്രയും തീർഥാടകർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മകരവിളക്കിന് എത്തുമെന്നതാണ് പ്രത്യേകത.
ഇനിയുള്ള 2 ദിവസവും മുന്നൊരുക്കങ്ങൾക്ക് ഉള്ളതാണ്.
അരവണ പ്രശ്നം
മണ്ഡല കാലത്ത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായത് അരവണ പ്രസാദ വിതരണത്തിലെ നിയന്ത്രണമാണ്. കരുതൽ ശേഖരം കുറഞ്ഞതാണ് നിയന്ത്രണത്തിനു കാരണം.
മകരവിളക്കിനു നട തുറക്കുന്നതിനു മുൻപ് പരമാവധി കരുതൽ ശേഖരം ഉണ്ടാക്കണം.
അതിനുള്ള തയാറെടുപ്പുകൾ ദേവസ്വം ബോർഡ് നടത്തുന്നുണ്ട്. അരവണ തയാറാക്കുന്ന ജോലിയിലുള്ള ജീവനക്കാർ എല്ലാവരും സ്ഥലത്ത് ഉണ്ടാകണമെന്ന കർശന നിർദേശവും കൊടുത്തിട്ടുണ്ട്.
തീർഥാടകർ
വെർച്വൽ ക്യൂ ബുക്കിങ് ജനുവരി 20 വരെ പൂർത്തിയായി.
പുതിയതായി ആർക്കും ബുക്കു ചെയ്യാൻ കഴിയുന്നില്ല. സ്പോട് ബുക്കിങ് 5,000 മാത്രമായി കുറച്ചു.
ഇതുകാരണം തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 2.49 ലക്ഷം കുറവാണ്. മണ്ഡലപൂജയുടെ പ്രധാന ദിവസമായ 26ന് 30,000, 27ന് 35,000 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചത്.
കഴിഞ്ഞ വർഷം അനുവദിച്ചതിന്റെ പകുതി മാത്രമാണ് ഇത്.
ശുചീകരണം
മാലിന്യം നീക്കി സന്നിധാനം, പമ്പ, നിലയ്ക്കൽ, ശരണവഴികൾ എന്നിവ വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. സന്നിധാനത്ത് പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്.
ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന അവൽ, മലർ, കൽക്കണ്ടം, മുന്തിരി കർപ്പൂരം തുടങ്ങിയ വഴിപാട് സാധനങ്ങൾ മിക്കതും തീർഥാടകർ ഉപേക്ഷിക്കുന്നതും പതിവാണ്. ഇവയിൽ കൂടുതലും പ്ലാസ്റ്റിക് കവറുകളിലാണ്.
അതിനാൽ കത്തിച്ചുകളയാനും കഴിയുന്നില്ല.
പമ്പാനദി
ലോഡ് കണക്കിനു വസ്ത്രങ്ങളാണ് പമ്പാനദി സ്നാനഘട്ടത്തിലെ പടിക്കെട്ടിൽ കിടക്കുന്നത്. നദിയിലേക്ക് ഇറങ്ങിയാൽ ചവിട്ടുന്നത് തീർഥാടകർ ഉപേക്ഷിച്ച വസ്ത്രങ്ങളിലാണ്.
ഇതുകാരണം പമ്പയിലെ വെള്ളവും മലിനമായി. മലിനജലം പൂർണമായും ഒഴുക്കി കളഞ്ഞ് നദിയുടെ അടിത്തട്ടിൽ അടിഞ്ഞു കൂടിയ തുണികൾ കോരി മാറ്റണം.
വഴിവിളക്കുകൾ
മകരജ്യോതി ദർശനത്തിന് എത്തുന്ന തീർഥാടകരിൽ നല്ലൊരു ഭാഗവും വനത്തിൽ പർണശാല കെട്ടിയാണ് താമസിക്കുന്നത്.
തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയും ദേവസ്വം ബോർഡും ശ്രദ്ധിക്കണം.
കെഎസ്ആർടിസി
പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിൽ കയറാൻ തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു പരിഹാരം ഉണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ ബസ് വീതം വരുന്നതിനാൽ അതിൽ ഓടിക്കയറാൻ തിക്കുംതിരക്കും ഉണ്ടാക്കുന്നു. ക്യൂ സംവിധാനം ഏർപ്പെടുത്തണം.
ഒരേ സമയത്ത് മൂന്നോ നാലോ ബസ് എത്തിയാലും തിരക്കു കുറയ്ക്കാൻ കഴിയും.
അന്നദാനം
ദേവസ്വം ബോർഡ് നൽകുന്ന അന്നദാനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കണം. ഉച്ചയ്ക്കു നൽകുന്ന പുലാവിനു ഗുണനിലവാരം ഇല്ല.
അതേപോലെ കേരളീയ സദ്യ എന്നു പറയുന്നുണ്ടെങ്കിലും അതിനും ഗുണനിലവാരമില്ലെന്ന ആക്ഷേപം വ്യാപകമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

