പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ‘മനോരമ’യോടു സംസാരിക്കുന്നു
നഗരസഭാധ്യക്ഷ സ്ഥാനത്തെ എങ്ങനെ കാണുന്നു?
25 കൗൺസിലർമാരെയും ചേർത്തുനിർത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കും. നാടിന്റെ നന്മയും വികസനവുമാണ് ലക്ഷ്യം.
വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. കഴിവിന്റെ അങ്ങേയറ്റം ആത്മാർഥമായി നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കും.
കഴിഞ്ഞ തവണ പിതാവ് ബിനുവിനു നഷ്ടപ്പെട്ടതാണ് നഗരസഭാധ്യക്ഷ സ്ഥാനം.
ഇത്തവണ മകളിലൂടെ തിരികെപ്പിടിച്ചു; എന്തു പറയുന്നു?
ഇത് ആകസ്മികമായി സംഭവിച്ചതാണെങ്കിലും കാവ്യനീതിയാണെന്നു പറയാം. ലഭിച്ച സ്ഥാനത്തിൽ വലിയ സന്തോഷമുണ്ട്.
വികസന സ്വപ്നങ്ങൾ എന്തൊക്കെയാണ്?
സംസ്ഥാനത്തെ പ്രധാനപ്പെട്ട
നഗരസഭകളിൽ ഒന്നാണ് പാലാ. നിലച്ച പദ്ധതികളും ഫണ്ട് ഇല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുണ്ട്.
ഇവ പരിശോധിച്ച് പറ്റുന്നതെല്ലാം ചെയ്യണം. ജനറൽ ആശുപത്രി, നഗരസഭാ സ്റ്റേഡിയം തുടങ്ങി ഒട്ടേറെ പദ്ധതികളുടെ നവീകരണവും പൂർത്തീകരണവും നടത്താനുണ്ട്.
മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. നഗരസൗന്ദര്യവൽക്കരണത്തിനൊപ്പം ടൂറിസം സാധ്യതകൾ തേടും.
സ്ത്രീസുരക്ഷയ്ക്കും ജീവിത നിലവാരം ഉയർത്തുന്നതിനും പ്രാധാന്യം നൽകും.
പിതാവ് ബിനുവിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് തുണയായിട്ടുണ്ടോ?
എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി കൗൺസിലറായത്. വളർന്നപ്പോൾ അച്ഛന്റെ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു.
ആവശ്യങ്ങൾക്കായി വീട്ടിൽ വരുന്നവരെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. വാർഡ് സഭാ യോഗങ്ങൾ, തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നിവയെല്ലാം എഴുതിയിടുകയും അച്ഛനെ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.
പാലായിൽ കേരള കോൺഗ്രസിനു (എം) തിരിച്ചടി നേരിട്ടതായി തോന്നുന്നുണ്ടോ?
ഇതു ജനം നൽകിയ തിരിച്ചടിയാണ്. ജനവിധിയെ അംഗീകരിക്കണം.
മാറ്റം വേണമെന്ന് ജനംആഗ്രഹിച്ചു. അതിൽ ഞാനൊരു നിമിത്തമായി എന്നു മാത്രം. ഭരണമാറ്റത്തിൽ ആദ്യമായി നഗരസഭാധ്യക്ഷയായതിൽ വലിയ സന്തോഷമുണ്ട്.
നഗരസഭയുടെ സർവോതോന്മുഖമായ വികസനമാണ് ലക്ഷ്യം. അതിനായി കഴിവിന്റെ പരമാവധി ശ്രമിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

