ആലപ്പുഴ നഗരസഭ: മോളി ജേക്കബ് അധ്യക്ഷ
ആലപ്പുഴ ∙ സ്വതന്ത്ര അംഗം ജോസ് ചെല്ലപ്പൻ യുഡിഎഫിനു വോട്ട് ചെയ്തതോടെ ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കു വിരാമമിട്ട് ആലപ്പുഴ നഗരസഭാ ഭരണം അഞ്ച് വർഷങ്ങൾക്കു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. മുതിർന്ന കോൺഗ്രസ് അംഗം മോളി ജേക്കബ് അധ്യക്ഷയയും സ്വതന്ത്ര അംഗം ജോസ് ചെല്ലപ്പൻ ഉപാധ്യക്ഷനുമായി തിരഞ്ഞെടുക്കപ്പെട്ടു.
മോളി ജേക്കബിന്റെ പേര് കോൺഗ്രസിലെ ആർ.ആർ.ജോഷി രാജ് നിർദേശിക്കുകയും മുസ്ലിം ലീഗിലെ എ.എം.നൗഫൽ പിന്തുണയ്ക്കുകയും ചെയ്തു.
എൽഡിഎഫിലെ കെ.കെ.ജയമ്മയുടെ പേര് സിപിഎമ്മിലെ സൗമ്യരാജ് നിർദേശിക്കുകയും എൻസിപി അംഗം എം.ജി.സതീദേവി പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയിലെ പ്രേമ ഉദയകുമാറിന്റെ പേര് ബിജെപി അംഗങ്ങളായ ആർ.കണ്ണൻ നിർദേശിക്കുകയും ടി.ജി.രാധാകൃഷ്ണൻ പിന്തുണയ്ക്കുകയും ചെയ്തു.
ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ജോസ് ചെല്ലപ്പന്റെ പേര് കോൺഗ്രസിലെ ഷോളി സിദ്ധകുമാർ നിർദേശിച്ചു.
മുസ്ലിം ലീഗ് അംഗം ബീന കൊച്ചുബാവ പിന്തുണച്ചു. എൽഡിഎഫിൽനിന്നു സിപിഐയിലെ ബീന ജോസഫിന്റെ പേര് സിപിഎം അംഗം വി.ജി.വിഷ്ണു നിർദേശിച്ചു.
കേരള കോൺഗ്രസ് (എം) അംഗം ബിന്ദു തോമസ് പിന്തുണച്ചു. ബിജെപിയിലെ ടി.ജി.രാധാകൃഷ്ണന്റെ പേര് ബിജെപി അംഗങ്ങളായ വി.ജിജി നിർദേശിക്കുകയും, ദീപ്തി ഉണ്ണിക്കൃഷ്ണൻ പിന്തുണയ്ക്കുകയും ചെയ്തു.
നഗരസഭയിലെ 53 അംഗ കൗൺസിലിൽ ബിജെപിയിൽ 5 അംഗങ്ങൾ മാത്രമായതിനാൽ അവരെ ഉൾപ്പെടുത്താതെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ ഉൾപ്പെടുത്തി അധ്യക്ഷ, ഉപാധ്യക്ഷ വോട്ടെടുപ്പ് രണ്ടാം റൗണ്ടിൽ നടത്തി.
എസ്ഡിപിഐ അംഗം ഷാഹിതമോൾ വിട്ടുനിന്നു. പിഡിപി അംഗം എസ്.ഫൈസൽ എൽഡിഎഫിനെ പിന്തുണച്ച് വോട്ടു ചെയ്തു.
രണ്ടാം റൗണ്ടിലെ വോട്ടെടുപ്പുകളിൽ ബിജെപി അംഗങ്ങൾ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ യുഡിഎഫിന് 24, എൽഡിഎഫിന് 23, ബിജെപിക്ക് 05 വോട്ടുകൾ വീതം ലഭിച്ചു.
ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്ത കോൺഗ്രസ് അംഗം സി.ജ്യോതിമോളുടെ ബാലറ്റ് കടലാസിൽ വോട്ടടയാളം തെറ്റിയെന്നു വോട്ടെണ്ണൽ വേളയിൽ സിപിഎം അംഗം ടി.ആർ.രാജേഷ് ഉന്നയിച്ചു.
തനിക്ക് തെറ്റ് പറ്റിയില്ലെന്നു ജ്യോതിമോൾ വാദിച്ചു. എൽഡിഎഫ് അംഗങ്ങൾ ബഹളം വച്ചതോടെ യുഡിഎഫ് അംഗങ്ങളും എഴുന്നേറ്റു.
എന്നാൽ സൂക്ഷ്മ പരിശോധനയിൽ വോട്ട് ചെയ്തതിൽ തെറ്റില്ലെന്നു വരണാധികാരി പറഞ്ഞതോടെ രംഗം ശാന്തമായി.
ചേർത്തല നഗരസഭ: അധ്യക്ഷനായി എസ്.സോബിൻ
ചേർത്തല∙ നഗരസഭാധ്യക്ഷനായി സിപിഎമ്മിലെ എസ്.സോബിനും ഉപാധ്യക്ഷയായി സിപിഐയിലെ എൻ.എൽ.വത്സലകുമാരിയും തിരഞ്ഞെടുത്തു. രാവിലെ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.ഉണ്ണിക്കൃഷ്ണന് 10 വോട്ടുകൾ നേടിയപ്പോൾ സോബിൻ 21 വോട്ടുകൾ നേടി.
എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഡി.ജ്യോതിസിന് 10–ാം വാർഡിൽ നിന്നുള്ള സ്വതന്ത്രയുടെ അടക്കം നാലു വോട്ടുകളും ലഭിച്ചു. 28ാം വാർഡിൽനിന്നു വിജയിച്ച ബിജെപി പ്രതിനിധി അഖിൽ വ്യക്തിപരമായ കാരണങ്ങളാൽ യോഗങ്ങളിൽ പങ്കെടുത്തില്ല.
തിരഞ്ഞെടുപ്പിനു ശേഷം വരണാധികാരി റിജോ മാത്യു മുൻപാകെ എസ്.സോബിൻ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
ഉച്ചയ്ക്കു ശേഷം നടന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എൻ.എൽ.വത്സലകുമാരിക്ക് 21 വോട്ടുകളും കോൺഗ്രസിലെ സിന്ധു ബൈജുവിനു പത്തും ബിജെപിയുടെ ആശാ മുകേഷിനു നാലു വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് ധാരണ പ്രകാരം രണ്ടര വർഷം വീതം സിപിഐക്കും കേരള കോൺഗ്രസ്(എം) നുമാണ് വൈസ് ചെയർമാൻ സ്ഥാനം.
22–ാം വാർഡ് കണ്ണോത്തുവെളിയിൽ സോമന്റെയും സിബിയുടെയും മൂത്തമകനാണ് സോബിൻ. ചേർത്തല നഗര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായാണ് 41 കാരനായ സോബിൻ. ഭാര്യ: സൂര്യ.
മക്കൾ: സിയാര, സാരംഗ്,സൗരവ്.
ചെങ്ങന്നൂർ നഗരസഭ: അധ്യക്ഷനായി മനീഷ് കീഴാമഠത്തിൽ
ചെങ്ങന്നൂർ ∙ യുഡിഎഫ് ഭൂരിപക്ഷം നേടിയ ചെങ്ങന്നൂർ നഗരസഭാധ്യക്ഷനായി കോൺഗ്രസിലെ മനീഷ് കീഴാമഠത്തിലും (46) ഉപാധ്യക്ഷയായി കോൺഗ്രസിലെ സാലി ജയിംസും (62) തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ പി.കെ.അനിൽകുമാർ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
ബി.ജയകുമാർ ബിജെപി സ്ഥാനാർഥിയും. 27 അംഗ ഭരണസമിതിയിൽ യുഡിഎഫ്–13, എൽഡിഎഫ്–7, ബിജെപി–7 എന്നിങ്ങനെയാണു കക്ഷിനില.
ആദ്യ റൗണ്ട് വോട്ടെടുപ്പിൽ മനീഷിന് പതിമൂന്നും അനിൽകുമാറിനും ജയകുമാറിനും 7 വീതവും വോട്ടുകൾ ലഭിച്ചു.
തുല്യ വോട്ടുകൾ ലഭിച്ച എൽഡിഎഫ്–ബിജെപി സ്ഥാനാർഥികളുടെ പേരുകൾ നറുക്കിട്ടപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.കെ.അനിൽകുമാർ പുറത്തായി. രണ്ടാം റൗണ്ടിൽ മനീഷിന് പതിമൂന്നും ജയകുമാറിന് ഏഴും വോട്ടുകൾ ലഭിച്ചു.
നഗരസഭ 8–ാം വാർഡ് ഇടനാട് വെസ്റ്റിൽനിന്ന് 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മനീഷ് വിജയിച്ചത്. കഴിഞ്ഞ കൗൺസിലിൽ ഉപാധ്യക്ഷനായിരുന്നു.
ചെങ്ങന്നൂർ നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റാണ്. ഭാര്യ: അഞ്ജന എസ്.നായർ.
മക്കൾ: ആരാധ്യ, ദിയ.
ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ സാലിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയായി വി.എസ്.സവിതയും ബിജെപി സ്ഥാനാർഥിയായി എസ്.സുധാമണിയും മത്സരിച്ചു. ആദ്യറൗണ്ടിൽ സാലിക്കു പതിമൂന്നും സവിതയ്ക്കും സുധാമണിക്കും 7 വീതവും വോട്ടുകൾ ലഭിച്ചു.
തുല്യവോട്ടുകൾ നേടിയതിനാൽ എൽഡിഎഫ്–ബിജെപി സ്ഥാനാർഥികളുടെ പേരുകൾ നറുക്കിട്ടപ്പോൾ സുധാമണി പുറത്തായി. രണ്ടാം റൗണ്ടിൽ സാലിക്കു പതിമൂന്നും സവിതയ്ക്ക് ഏഴും വോട്ടുകൾ ലഭിച്ചു.
ഡപ്യൂട്ടി കലക്ടർ ടി.എസ്.ജയശ്രീ വരണാധികാരി ആയിരുന്നു. 21–ാം വാർഡ് തിട്ടമേലിൽനിന്നു 110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സാലി ജയിംസ് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്.
ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. ഭർത്താവ്: ജയിംസ് പടിപ്പുരയ്ക്കൽ.
മക്കൾ: കിരൺ, കൃപ.
മാവേലിക്കര നഗരസഭ: ലളിത രവീന്ദ്രനാഥ് അധ്യക്ഷ
മാവേലിക്കര ∙ നഗരസഭാധ്യക്ഷയായി ലളിത രവീന്ദ്രനാഥ്, ഉപാധ്യക്ഷനായി കെ.ഗോപൻ എന്നീ കോൺഗ്രസ് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ലളിത രവീന്ദ്രനാഥ് (കോൺഗ്രസ്) 15, ഉമയമ്മ വിജയകുമാർ (ബിജെപി) 8, അംബിക ശിവൻ (സിപിഎം) 4, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കെ.ഗോപൻ (കോൺഗ്രസ്) 16, കെ.വി.അരുൺ (ബിജെപി) 8, സി.സുരേഷ് (സിപിഎം) 4 വോട്ടുകൾ വീതം നേടി.
28 അംഗ കൗൺസിലിൽ യുഡിഎഫിനു 15, ബിജെപിക്ക് 8, എൽഡിഎഫിന് 4, സ്വതന്ത്ര 1 എന്നതാണു കക്ഷിനില.
ഗതാഗതക്കുരുക്കിൽപെട്ടതിനെ തുടർന്നു അധ്യക്ഷ തിരഞ്ഞെടുപ്പിനു 25 മിനിറ്റ് വൈകിയെത്തിയ സ്വതന്ത്ര അംഗം സജിനി ജോണിനു വോട്ട് ചെയ്യാനായില്ല. ഉച്ചയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ സജിനി കോൺഗ്രസിലെ കെ.ഗോപനു വോട്ട് ചെയ്തതോടെയാണു കോൺഗ്രസ് പിന്തുണ 16 ആയി ഉയർന്നത്.
മാവേലിക്കര പൂക്കട ജംക്ഷൻ അമ്പലാത്ത് ലളിത രവീന്ദ്രനാഥ് (58) അഞ്ചാം തവണയാണു നഗരസഭ കൗൺസിലിൽ എത്തുന്നത്.
രണ്ടാം തവണയാണ് അധ്യക്ഷ പദത്തിൽ എത്തുന്നത്. 2000ൽ ആദ്യമായി ജയിച്ചു.
2005ൽ വിജയിച്ചു നഗരസഭ അധ്യക്ഷയായി. 6 തവണ മത്സരിച്ചു ഒരു തവണ പരാജയപ്പെട്ടു.
ഭർത്താവ്: ജുഡീഷ്യറി വിഭാഗം റിട്ട.
സീനിയർ സൂപ്രണ്ട് രവീന്ദ്രനാഥ്. മകൾ: ഡോ.എ.ആർ.പാർവതി (അധ്യാപിക, കുസാറ്റ്).
മരുമകൻ: അരുൺകുമാർ (എൻജിനീയർ). മാവേലിക്കര കണ്ടിയൂർ ഇടശേരിയിൽ കെ.ഗോപൻ (54) തുടർച്ചയായ അഞ്ചാം തവണയാണു നഗരസഭ കൗൺസിലിൽ എത്തുന്നത്.
2005ൽ ആണ് ആദ്യം കൗൺസിലറായത്. മുൻപ് ഒരു മാസം ആക്ടിങ് ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:സ്വപ്ന, മകൾ: ഗൗരിഗോപൻ. മാവേലിക്കരയിൽ ലളിത രവീന്ദ്രനാഥ്, ടി.കൃഷ്ണകുമാരി എന്നിവർ 2 വർഷം വീതവും സുനി ആലീസ് ഏബ്രഹാം അവസാന വർഷവും അധ്യക്ഷ സ്ഥാനം വഹിക്കും
ഹരിപ്പാട് നഗരസഭ: വൃന്ദ എസ്.കുമാർ അധ്യക്ഷ
ഹരിപ്പാട്∙ ഹരിപ്പാട് നഗരസഭയിൽ അധ്യക്ഷയായി കോൺഗ്രസിലെ വൃന്ദ എസ്.കുമാറും ഉപാധ്യക്ഷനായി എം.ബി.അനിൽ മിത്രയും അധികാരമേറ്റു.
യുഡിഎഫും എൽഡിഎഫും എൻഡിഎയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്കു സ്ഥാനാർഥികളെ മത്സരിപ്പിച്ചു. രാവിലെ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ വൃന്ദ എസ്.കുമാർ, എൽഡിഎഫിലെ എസ്.രാധാമണിയമ്മ, എൻഡിഎയിലെ ലത കണ്ണന്താനം എന്നിവർ മത്സരിച്ചു.
6–ാം വാർഡിൽനിന്നു ജയിച്ച കൗൺസിലർ വൃന്ദ എസ്.കുമാർ 16 വോട്ട് നേടി നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫിലെ എസ്. രാധാമണിയമ്മയ്ക്ക് 8 വോട്ടും എൻഡിഎയിലെ ലത കണ്ണന്താനത്തിന് 6 വോട്ടും ലഭിച്ചു.
ഉച്ചയ്ക്കു നടന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.ബി.അനിൽ മിത്ര 16 വോട്ട് നേടി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ എസ്.
കൃഷ്ണകുമാറിന് 8 വോട്ടും, എൻഡിഎയിലെ പി.മഞ്ജുഷയ്ക്ക് 5 വോട്ടും ലഭിച്ചു. അരുണപ്പുറം വാർഡിൽനിന്നു വിജയിച്ച ബിജെപി കൗൺസിലർ പ്രിയ കൃഷ്ണകുമാർ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
യുഡിഎഫ് 16, എൽഡിഎഫ് 8, എൻഡിഎ 6 എന്നിങ്ങനെയാണ് കക്ഷിനില.
2010ൽ കാർത്തികപ്പള്ളി പഞ്ചായത്ത് അംഗമായിരുന്നു വൃന്ദ എസ്.കുമാർ. വിമുക്ത ഭടൻ സന്തോഷ് കുമാറാണ് ഭർത്താവ്.
മക്കൾ: ആസിഷ്, ആദർശ് (ഇരുവരും എൻജിനീയർമാർ) ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.അനിൽ മിത്ര 5–ാം വാർഡിൽനിന്നു ജയിച്ച കോൺഗ്രസ് കൗൺസിലറാണ്.
മുൻ കൗൺസിലറും 3 തവണ ഹരിപ്പാട് പഞ്ചായത്ത് അംഗവുമായിരുന്നു എം.ബി.അനിൽ മിത്ര. ഭാര്യ: രജനി സോമൻ സ്പെഷൽ എജ്യുക്കേറ്റർ, (ബിആർസി, ഹരിപ്പാട്).
മക്കൾ: ഇന്ദ്രജിത്ത് മിത്ര, മിത്ര നന്ദ. ഡയറി ഡവലപ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ നിഷ വി.ഷെരീഫ് വരണാധികാരിയായി.
അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം വീതം വയ്ക്കും
∙ നഗരസഭയിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം വീതം വയ്ക്കും.
ആദ്യ 3 വർഷം നഗരസഭ അധ്യക്ഷയായി വൃന്ദ എസ്. കുമാറും തുടർന്നുള്ള 2 വർഷം ലേഖാ അജിത്തിനുമാണ് നൽകുക.
ഉപാധ്യക്ഷൻ ആദ്യ 3 വർഷം എം.ബി.അനിൽ മിത്രയും ബാക്കി 2 വർഷം കാട്ടിൽ സത്താറുമായിരിക്കും.
കായംകുളം നഗരസഭ: ശരത് ലാൽ അധ്യക്ഷൻ
കായംകുളം∙ നഗരസഭാധ്യക്ഷനായി മുസ്ലിം ലീഗിലെ ശരത് ലാലിനെയും (ബെല്ലാരി) ഉപാധ്യക്ഷയായി കോൺഗ്രസിലെ ജെ.അംബികയെയും തിരഞ്ഞെടുത്തു. ശരത് ലാലിന് 25 വോട്ടും എൽഡിഎഫിലെ എസ്.വാമാക്ഷിക്ക് 13 വോട്ടും എൻഡിഎയിലെ എസ്.അനിതയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു.
സിപിഎം അംഗം എ.അബ്ദുൽ ജലീലിന്റെ വോട്ട്, ബാലറ്റ് പേപ്പറിന്റെ പുറത്ത് ഒപ്പിടാതിരുന്നതിനാൽ അസാധുവായി. അധ്യക്ഷ സ്ഥാനത്തേക്കു ശരത് ലാലിന്റെ പേര് നിർദേശിച്ചത് യു.മുഹമ്മദാണ്, എ.ഹസൻകോയ പിന്താങ്ങി.
എൽഡിഎഫ് സ്ഥാനാർഥി എസ്.വാമാക്ഷിയുടെ പേര് എസ്.കേശുനാഥ് നിർദേശിച്ചു. എ.അബ്ദുൽ ജലീൽ പിന്താങ്ങി.
എൻഡിഎ സ്ഥാനാർഥി എസ്.അനിതയുടെ പേര് രാജേഷ് കമ്മത്ത് നിർദേശിക്കുകയും പുളിയറ വേണുഗോപാൽ പിന്താങ്ങുകയും ചെയ്തു.
നഗരസഭയിൽ യുഡിഎഫ്–21, എൽഡിഎഫ്–14, എൻഡിഎ–5, സ്വതന്ത്രർ–4, വെൽഫെയർ പാർട്ടി–1 എന്നിങ്ങനെയാണു കക്ഷിനില. സ്വതന്ത്ര അംഗങ്ങളായ ഷാമില അനിമോൻ, ഷാനവാസ് എന്നിവർ സഭയിൽ എത്തിയെങ്കിലും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
മറ്റു രണ്ടു സ്വതന്ത്രരും വെൽഫെയർ പാർട്ടി അംഗവും യുഡിഎഫിനു വോട്ടു ചെയ്തു.
ഉപാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ അംബികയ്ക്ക് 23 വോട്ടും എൽഡിഎഫിലെ അനിത ഷാജിക്ക് 14 വോട്ടും എൻഡിഎയിലെ കവിത രാജേഷിനു 5 വോട്ടും ലഭിച്ചു.
സഭാനടപടി തുടങ്ങിയതിനു ശേഷം എത്തിയ കോൺഗ്രസ് അംഗം സുധാ സുധാകരനെ എൽഡിഎഫ് അംഗങ്ങൾ എതിർത്തതോടെ വോട്ടെടുപ്പിന് പങ്കെടുക്കാൻ വരണാധികാരി അനുവദിച്ചില്ല. ഇതു വാക്കുതർക്കത്തിനും ബഹളത്തിനും ഇടയാക്കി.
ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കെ.എം.മാത്യൂസ് വരണാധികാരിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

