തുടക്കക്കാർക്ക് കണ്ണഞ്ചിപ്പിക്കുന്ന ശമ്പളവുമായി ഒരു കമ്പനി. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആ കമ്പനിയുടെ മാത്രമല്ല, ആ മേഖലയിലെ ഏതാണ്ടെല്ലാ കമ്പനികളുടെയും ഓഹരികൾ കനത്ത നഷ്ടത്തിലേക്ക് വീണു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഇക്കാലത്ത് പുതിയ നിയമനങ്ങൾ കുറയുമെന്നും വേതനവും കുറഞ്ഞേക്കുമെന്നും മറ്റുമുള്ള ഭയം അലയടിക്കുന്നതിന് ഇടയ്ക്കാണ് വമ്പൻ ശമ്പള ഓഫറുമായി പ്രമുഖ കമ്പനിതന്നെ രംഗത്തെത്തിയത്.
തുടക്കക്കാർക്ക് പ്രതിവർഷം 21 ലക്ഷം രൂപ വരെ ഓഫറുമായി ഇൻഫോസിസാണ് മുന്നോട്ടുവന്നത്. പ്രതിമാസം 1.75 ലക്ഷം.
നിലവിൽ ഇന്ത്യൻ ഐടി മേഖലയിൽ തുടക്കക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമാണിത്. 2025ൽ എൻജിനീയറിംഗ്, സയൻസ് ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് അവസരം.
ബിഇ, ബി.ടെക്, എംഇ, എം.ടെക്, എംസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സ്പെഷലിസ്റ്റ് പ്രോഗ്രാമർ, ഡിജിറ്റൽ സ്പെഷലിസ്റ്റ് എൻജിനീയർ ട്രെയിനി തസ്തികളിലേക്കാണ് നിയമനം. എഐ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം.
നിലവിലെ ജീവനക്കാർക്ക് എഐ പരിശീലനം നൽകുന്നതിനൊപ്പം ഈ മേഖലയിൽ പ്രാവീണ്യമുള്ള പുതിയ ആൾക്കാരെയും നിയമിക്കും. ക്യാംപസുകളിലും പുറത്തും നിയമനമുണ്ടാകുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
വാർഷിക ശമ്പളം ഇങ്ങനെ
∙ സ്പെഷലിസ്റ്റ് പ്രോഗ്രാമർ എൽ 3 : 21 ലക്ഷം
∙ സ്പെഷലിസ്റ്റ് പ്രോഗ്രാമർ എൽ 2 : 16 ലക്ഷം
∙ സ്പെഷലിസ്റ്റ് പ്രോഗ്രാമർ എൽ 1 : 11 ലക്ഷം
∙ ഡിജിറ്റൽ സ്പെഷലിസ്റ്റ് എൻജിനീയർ : 7 ലക്ഷം
2030ൽ 39.5 ലക്ഷം കോടി
ട്രംപിന്റെ താരിഫ് യുദ്ധം അടക്കമുള്ള വിഷയങ്ങൾ ഐടി മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും ഭാവി ശോഭനമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സാമ്പത്തിക വർഷം 264 ബില്യൻ ഡോളറായിരുന്നു ഇന്ത്യൻ ഐടി വിപണിയുടെ മൂല്യം. 2030ലെൽ ഇത് 400 ബില്യൻ (ഏകദേശം 39.5 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് പ്രവചനം.
ഓഹരിക്ക് ഇടിവ്
അതേസമയം,റെക്കോഡ് ശമ്പളം പ്രഖ്യാപിച്ചതിന് പിന്നാലെ ഐടി കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടു. ഇൻഫോസിസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീണു.
ഒരുഘട്ടത്തിൽ 1,668 രൂപയായിരുന്ന ഇൻഫോസിസ് ഓഹരി പിന്നീട് 1,651 രൂപവരെ ഇടിഞ്ഞു. എന്നാൽ, വ്യാപാരാന്ത്യത്തിൽ 1,657 രൂപയിലേക്ക് നില മെച്ചപ്പെടുത്തി.
നിഫ്റ്റി ഐടി സൂചികയിലെ ഒമ്പത് കമ്പനികളും നഷ്ടത്തിലാണ്.
ഉയർന്ന ശമ്പളം നൽകുന്നത് കമ്പനിയുടെ പ്രവർത്തന ചെലവ് വർധിപ്പിക്കുമെന്നും ലാഭം കുറയ്ക്കുമെന്നുമാണ് വിപണിയുടെ ആശങ്ക. ഇൻഫോസിസിന്റെ പാത മറ്റ് കമ്പനികൾ പിന്തുടർന്നാൽ വിപണിയിൽ മത്സരം മുറുകുമെന്നും നിക്ഷേപകർ കരുതുന്നു.
ടിസിഎസ് 1.22%, ടെക് മഹീന്ദ്ര 1.05%, കൊഫോർജ് 3.67%, എച്ച്സിഎൽ 0.82%, എംഫസിസ് 1.55% എന്നിങ്ങനെ ഇടിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

