ഇന്ത്യയുടെ പേരിൽ യുഎസും ചൈനയും തമ്മിൽ കടുത്ത വാക്പോര്. ഗാൽവൻ സംഘർഷത്തിന് ഇന്ത്യയും ചൈനയും ചർച്ചകളിലൂടെ തൽക്കാലം സമാധാനത്തിന്റെ പാത സ്വീകരിച്ചെങ്കിലും ചൈന ഈ അവസരം മുതലെടുത്ത് ഇന്ത്യയെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി പെന്റഗൺ രംഗത്തെത്തി.
ഇന്ത്യ യുഎസുമായി അടുക്കുന്നതിനെ ചെറുക്കാനുള്ള വിദ്യകളും ചൈന പയറ്റുകയാണെന്ന് പെന്റഗൺ പുറത്തുവിട്ട
‘മിലിട്ടറി ആൻഡ് സെക്യൂരിറ്റി ഡവലപ്മെന്റ്സ് ഇൻവോൾവിങ് ദ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – 2025’ വാർഷിക റിപ്പോർട്ട് ആരോപിച്ചു.
ഗാൽവനിലെ സമാധാനം വെറും അടവ്
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് (എൽഒഎസി) സമീപം റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ നിന്ന് ഇപ്പോഴും ചൈന പിന്മാറിയിട്ടില്ല. സമാധാന തീരുമാനം ഈ സൗകര്യങ്ങൾ കെട്ടിപ്പൊക്കുന്നതിനുള്ള സാവകാശമായി കാണുകയാണ് ചൈന.
ഇത് തന്ത്രപരമായ നീക്കമല്ല, സമാധാനം അടവാക്കി എടുക്കുകയാണ് ചൈന.
ഇന്ത്യയും യുഎസും തമ്മിൽ അടുക്കുന്നതിനെ ചൈന ജാഗ്രതയോടെയാണ് കാണുന്നത്. ഇന്ത്യയുമായി വീണ്ടും ബന്ധം മെച്ചപ്പെടുത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് തടയിടാനാണ് ചൈനയുടെ പരിശ്രമമെന്നും പെന്റഗൺ ആരോപിച്ചു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസ്, വീസ അനുവദിക്കൽ തുടങ്ങിയവ പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതെല്ലാം ചൈനയുടെ അടവുകളാണെന്നാണ് പെന്റഗൺ പറയുന്നത്. മറുവശത്ത് ചൈന അതിർത്തിയിൽ പഴയ നിലപാട് തന്നെ തുടരുകയാണ്.
ചൈന ശല്യം
ഇന്ത്യ ഇപ്പോഴും ചൈനയെ വിശ്വസ്ത പങ്കാളിയായി കാണുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് ചൈനയെ സംശയമാണ്. ചൈന ശല്യമാണെന്ന് ഇന്ത്യ കരുതുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് ചൈനീസ് വിദേശകാര്യ വക്സാവ് ലിൻ ജിയാൻ രംഗത്തെത്തി.
ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം തന്ത്രപ്രധാനവും ദീർഘകാല വീക്ഷണത്തോടെയുമുള്ളതാണെന്ന് ലിൻ ജിയാൻ പറഞ്ഞു. അതിർത്തി തർക്കം ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയമാണ്.
വേറൊരു രാജ്യം ഇക്കാര്യത്തിൽ വിധി പറയാൻ വരേണ്ടെന്നും ജിയാൻ പറഞ്ഞു.
ചൈന-പാക്ക് ഭായി ഭായി
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും ചൈന പാക്കിസ്ഥാനുമായി സൈനിക സഹകരണം ശക്തമാക്കുന്നതും പെന്റഗൺ ചൂണ്ടിക്കാട്ടി. ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.
ഇന്ത്യ സമാധാനത്തിന്റെ പേരിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ശ്രമിക്കുമ്പോൾ ചൈന ഈ അവസരം മുതലെടുത്ത് അതിർത്തിയിൽ സ്വന്തം താൽപ്പര്യങ്ങളുമായി മുന്നോട്ടുപോകുകയാണെന്നാണ് പെന്റഗൺ വാദിക്കുന്നത്.
റഷ്യ-യുക്രെയ്ൻ പ്ലാൻ പാളി?
റഷ്യയും യുക്രെയ്നും തമ്മിലെ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവച്ച സമാധാന പ്ലാനും പാളുകയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷം, അനുദിനം വഷളാകുന്ന യുഎസ്-വെനസ്വേല ഭിന്നത, നൈജീരിയയിൽ ഭീകരർക്കെതിരെ യുഎസ് ആക്രമണം, തായ്വാനെ ചൊല്ലിയുള്ള ചൈന-ജപ്പാൻ തർക്കം, കംബോഡിയ-തായ്ലൻഡ് അതിർത്തിപ്പോര്, സിറിയൻ സംഘർഷം എന്നിങ്ങനെ രാജ്യാന്തര സമ്പദ്മേഖലയ്ക്കുമേൽ കരിനിഴൽ വീഴ്ത്തി ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ വീണ്ടും കനക്കുകയാണ്.
ക്രിസ്മസ് ദിന സന്ദേശത്തിൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞ ഒരുവാക്ക് ഇങ്ങനെ: ‘‘
പുട്ടിൻ തുലഞ്ഞുപോകട്ടെ
’’.
യുഎസിന്റെ പ്ലാനിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് റഷ്യയെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഡോണെട്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്ൻ സേന പിന്മാറണം; നാറ്റോ മോഹം ഉപേക്ഷിക്കണം – ഈ 2 ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ഒരു പ്ലാനും നടക്കാൻ പോകുന്നില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണം കുതിക്കുന്നു; എണ്ണയും കരകയറ്റത്തിൽ
റഷ്യ-യുക്രെയ്ൻ ഉൾപ്പെടെയുള്ള സംഘർഷങ്ങൾ വീണ്ടും വഷളാകുന്നത് സ്വർണത്തിന് നേട്ടമാവുകയാണ്.
ക്രിസ്മസ് പിറ്റേന്ന് സ്വർണവില വീണ്ടും രാജ്യാന്തര വിപണിയിൽ ഔൺസിന് 4,500 ഡോളർ ഭേദിച്ചു. ഒരുഘട്ടത്തിൽ വില 4,528 വരെയെത്തി.
എങ്കിലും, ഇന്നു രാവിലെ വില 4,493 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. കേരളത്തിൽ ഇന്നും വില കൂടാനാണ് സാധ്യത.
വെള്ളിവില രാജ്യാന്തര വിപണിയിൽ 3.45% ഉയർന്ന് ഔൺസിന് സർവകാല ഉയരമായ 74.4 ഡോളറിലുമെത്തി.
വെനസ്വേലയ്ക്കെതിരെ യുഎസ് നിലപാട് കടുപ്പിക്കുകയും വെനസ്വേലൻ എണ്ണ വിതരണം തുലാസിലാവുകയും ചെയ്തതും റഷ്യൻ എണ്ണക്കപ്പലുകൾക്കുനേരെ യുക്രെയ്ൻ ആക്രമണം തുടരുന്നതും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ളത് രാവിലെ ബാരലിന് 0.33% ഉയർന്ന് 58.54 ഡോളറിൽ.
ബ്രെന്റ് വില 0.32% നേട്ടവുമായി 62.44 ഡോളർ.
ഓഹരിക്ക് ‘ബോക്സിങ് ഡേ’
ഇന്ത്യൻ ഓഹരി വിപണി സമ്മർദത്തിലായേക്കുമെന്ന സൂചനയാണ് രാവിലെ ഗിഫ്റ്റ് നിഫ്റ്റി നൽകിയത്. 41 പോയിന്റുവരെ താഴ്ന്നായിരുന്നു സൂചികയുടെ വ്യാപാരം.
സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് വ്യാപാരം തുടങ്ങിയേക്കാം. രാജ്യാന്തര തലത്തിൽ പല ഓഹരി വിപണികൾക്കും ഇന്ന് ‘ബോക്സിങ് ഡേ’ അവധിയാണ്.
ക്രിസ്മസിന് പിറ്റേന്നാൾ കിട്ടുന്ന അവധി.
പ്രവർത്തിച്ച, ജാപ്പനീസ് നിക്കേയ് 0.47% ഉയർന്നു. ജാപ്പനീസ് തലസ്ഥാനമായ ടോക്കോയോയിൽ പണപ്പെരുപ്പം 2.3% വർധിച്ചു.
ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്റെ ‘നിയന്ത്രണരേഖ’യായ 2 ശതമാനത്തേക്കാൾ കൂടുതൽ. അതായത്, ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ഇതോടെ ശക്തമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

