കോന്നി ∙ മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് കോന്നിയുടെ വിവിധ മേഖലയിൽ ഭക്തിനിർഭരമായ വരവേൽപ് നൽകി. സ്വാമിയേ ശരണമയ്യപ്പാ….
മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ തങ്ക അങ്കി ദർശിച്ചു. കുമ്പഴ, പാലമറൂർ വഞ്ചിപ്പടി, മല്ലശേരിമുക്ക്, പുളിമുക്ക്, ഇളകൊള്ളൂർ വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം, ചിറ്റൂർമുക്ക്, കോന്നി ടൗൺ, ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയിൽ ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിൽ സമാപിച്ചു.
ഇവിടെ വിശ്രമിച്ച ശേഷം ഇന്നു രാവിലെ 7.30ന് ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. ചിറ്റൂർ മഹാദേവർ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കു പോകും.
രണ്ട് ദിവസം മുൻപേ കോന്നിയിൽ രഥ ഘോഷയാത്രയെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.
കോന്നി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലും സെൻട്രൽ ജംക്ഷനിലെ സ്റ്റാൻഡിലും തങ്ക അങ്കിക്കു സ്വീകരണം നൽകി. ഡ്രൈവർമാരുടെ നേതൃത്വത്തിൽ പതിവുതെറ്റാതെ ഇത്തവണയും രഥ ഘോഷയാത്രയെ വരവേറ്റു.
രാവിലെ മുതൽക്കേ ഭാഗവതപാരായണം ഉണ്ടായിരുന്നു. ഭക്തിഗാനമേള, ചെണ്ടമേളം, മാലപ്പടക്കം തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ചു.
പറയിടീലും നടത്തി. വീടുകൾക്കു മുൻപിലും റോഡരികുകളിലും സർക്കാർ ഓഫിസുകൾക്കു മുൻപിലും കുരുത്തോലകളാൽ അലങ്കരിച്ച് നിലവിളക്കുകൾ കൊളുത്തി വച്ചു തങ്ക അങ്കിക്കു സ്വീകരണം ഒരുക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

