ചാലക്കുടി ∙ കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തി. പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി.
ക്ഷേത്രത്തിലും പരിസരങ്ങളിലും കാവടികൾ നാദസ്വരത്തിന്റെയും തകിലിന്റെയും മേളങ്ങളുടെയും താളത്തിനൊപ്പം നിറഞ്ഞാടി. രാവിലെ നവകം, പഞ്ചഗവ്യം എന്നിവയ്ക്കു ശേഷം കാഴ്ചശീവേലി, പ്രസാദ ഊട്ട് എന്നിവ നടത്തി.
വിവിധ കരകളിൽനിന്നു കാവടി ഘോഷയാത്രകൾ പുറപ്പെട്ട് ഉച്ചയ്ക്കു ക്ഷേത്രത്തിലെത്തി.
തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലൂടെ ആടിത്തിമിർത്ത കാവടി സംഘങ്ങൾ രാത്രി 10ഓടെയാണു ക്ഷേത്രത്തിലെത്തിയത്. നിശ്ചലദൃശ്യങ്ങളും താലവും വാദ്യമേളങ്ങളും അകമ്പടിയായ കാവടി ഘോഷയാത്ര കാണികൾക്ക് ആവേശം പകർന്നു.
ടൗൺ കമ്മിറ്റി, യൂത്ത് മൂവ്മെന്റ്, ശ്രീമുരുക, വടക്കേ കൂടപ്പുഴ ശ്രീനാരായണ കാവടി സമാജം എന്നീ കാവടി സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു കാവടി വരവ്.
ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി.ബാബു, വൈസ് പ്രസിഡന്റ് കെ.പരമേശ്വരൻ, ഇ.എസ്.അനിയൻ, ട്രഷറർ കെ.ജി.സുന്ദരൻ, ജോയിന്റ് സെക്രട്ടറിമാരായ ടി.കെ.ബാബു, സി.എസ്.സത്യൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് 7ന് ആറാട്ട് പുറപ്പാട്, 7.30ന് ആറാട്ട്, 8നു തിരിച്ചെഴുന്നള്ളിപ്പ്, 9നു കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

