ഭാഷയ്ക്കും സംസ്കാരത്തിനും കാലാവസ്ഥയ്ക്കും ജീവിതശൈലിക്കുമെല്ലാം അതീതമായി ആഘോഷിക്കപ്പെടുമെങ്കിലും, പലയിടങ്ങളിലും ക്രിസ്മസ് ആചാരങ്ങൾ വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ്. മുടങ്ങാതെ ആചരിക്കപ്പെടുന്ന പാരമ്പര്യങ്ങളും, പറഞ്ഞു കേട്ട
നാടോടിക്കഥകളും എന്തിന് പരസ്യ ക്യാംപെയ്നുകൾ വരെ വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന്റെ അഭിഭാജ്യ ഘടകമാണ്.
ബെഫാന വരും, സമ്മാനം തരും
ഇറ്റലിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം നൽകുന്ന പ്രധാന ഘടകം ഒരു നാടോടിക്കഥയാണ്. ലാ ബെഫാന എന്ന വയോധിക കുട്ടികൾക്ക് സമ്മാനം നൽകാൻ എത്തുമെന്നാണ് വിശ്വാസം.
യേശു ക്രിസ്തുവിനെ കാണാനിറങ്ങിയ 3 രാജാക്കൻമാർ ബെഫാനയേയും ക്ഷണിച്ചിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് മനം മാറ്റമുണ്ടായ ബെഫാന ഉണ്ണിയേശുവിനെ കാണാൻ തനിയെ പുറപ്പെടുന്നു.
വൈകിപ്പോയ ബെഫാന ഇന്നും ഉണ്ണിയേശുവിനെ കാണാനായി യാത്ര തുടരുകയാണ് എന്നാണ് കഥ. എല്ലാ കുട്ടികളിലും ഉണ്ണിയേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്നു ബെഫാന.
എല്ലാ വർഷവും ജനുവരി 5ന് ഉറങ്ങാൻ കിടക്കുന്ന ഇറ്റലിയിലെ കുഞ്ഞുങ്ങൾ ബെഫാന രാത്രി എത്തി അവർക്കു സമ്മാനം നൽകുമെന്നാണ് വിശ്വസിക്കുന്നത്.
ചൂലാണോ? വേഗം ഒളിപ്പിക്ക്
ക്രിസ്മസ് രാത്രിയിൽ വീട്ടിലെ ചൂലുകൾ ഒളിപ്പിക്കുന്ന വിചിത്രമായ ആചാരമാണ് നോർവേയിൽ ഉള്ളത്. മന്ത്രവാദികളും ദുഷ്ടശക്തികളും രാത്രി ഉണർന്നിരിക്കുമെന്നും യാത്ര ചെയ്യാനായി വീടുകളിലെ ചൂലുകൾ എടുത്തുകൊണ്ടു പോകുമെന്നുമുള്ള പുരാതനമായ വിശ്വാസമാണ് ഇതിന് പിന്നിൽ.
തമാശയ്ക്ക് ആണെങ്കിലും ചൂലുകൾ ഒളിപ്പിക്കുന്ന ആചാരം അവർ ഇന്നും പിന്തുടരുന്നു.
ഹായ്…. ക്രിസ്മസ് ട്രീയിൽ ചിലന്തിവല
യുക്രെയ്നിലെ ക്രിസ്മസിന് ക്രിസ്മസ് ട്രീ ചിലന്തിവല പോലുള്ള അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിക്കാറുണ്ട്.
പടിഞ്ഞാറൻ യുക്രെയ്നിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. ദരിദ്രയായ ഒരു വിധവ തന്റെ മക്കളോടൊപ്പം ഒരു ചെറിയ കുടിലിൽ താമസിക്കുകയായിരുന്നു.
ഒരു ക്രിസ്മസ് രാത്രിയിൽ അവരുടെ വീടിനു മുന്നിലുള്ള ക്രിസ്മസ് ട്രീ പണമില്ലാത്തതു കൊണ്ട് അവർക്ക് അലങ്കരിക്കാൻ കഴിഞ്ഞില്ല. വിഷമത്തോടെ ഉറങ്ങാൻ കിടന്ന അവർ രാവിലെ എഴുന്നേറ്റ് ക്രിസ്മസ് ട്രീയിലേക്ക് നോക്കുമ്പോൾ കാണുന്നത് ചിലന്തിവലകൾ കൊണ്ട് മൂടപ്പെട്ട
ക്രിസ്മസ് ട്രീയാണ്. സൂര്യപ്രകാശം ഏറ്റപ്പോൾ ആ വലകൾ സ്വർണവും വെള്ളിയുമായി മാറിയെന്നും അതോടെ അവരുടെ ദാരിദ്ര്യം മാറിയെന്നുമാണ് കഥ.
ക്രിസ്മസ് പുസ്തകപ്രളയം
ഐസ്ലൻഡിലെ പുസ്തക പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസമാണ് ക്രിസ്മസ്.
ജലബോകാഫ്ലോ – അഥവാ ക്രിസ്മസ് പുസ്തകപ്രളയം എന്ന ആചാരമാണ് ഇതിനു പിന്നിൽ. ഇതിന്റെ ഭാഗമായി ക്രിസ്മസ് കാലത്ത് പ്രസാധകർ വൻതോതിൽ പുസ്തകങ്ങൾ പുറത്തിറക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഐസ്ലൻഡ് കർശനമായ ഇറക്കുമതി നിയന്ത്രണങ്ങൾ നേരിട്ടിരുന്നു. പേപ്പറിന് ഒഴികെ പല സാധനങ്ങൾക്കും ക്ഷാമമുണ്ടായിരുന്നു.
പ്രസാധകർ ഈ അവസരം മുതലെടുക്കുകയും അവധിക്കാല സമ്മാനങ്ങളായി പുസ്തകങ്ങളെ മാറ്റുകയും ചെയ്തു. ഡിസംബർ 24ന് ക്രിസ്മസ് അത്താഴത്തിന് ശേഷം കുടുംബങ്ങൾ സമ്മാനങ്ങൾ കൈമാറുകയും ഹോട്ട് ചോക്ലേറ്റ് കുടിച്ചുകൊണ്ട് മെഴുകുതിരി വെട്ടത്തിൽ പുതിയ പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നതാണ് അവിടുത്തെ രീതി.
സാന്താക്ലോസിന്റെ നാട്ടിലെ ക്രിസ്മസ്
യോളു എന്നാണ് സാന്താക്ലോസിന്റെ നാടായ ഫിൻലൻഡിൽ ക്രിസ്മസ് അറിയപ്പെടുന്നത്.
മഞ്ഞുമൂടിയുള്ള ക്രിസ്മസിനെ വൈറ്റ് ക്രിസ്മസ് എന്നും മഞ്ഞില്ലാത്ത ക്രിസ്മസ് ബ്ലാക്ക് ക്രിസ്മസ് എന്നുമാണ് അറിയപ്പെടുന്നത്. തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയുള്ള റോവനിയാമി എന്ന സ്ഥലത്താണ് സാന്താക്ലോസിന്റെ നാട്.
പിക്കുയോളു എന്നറിയപ്പെടുന്ന ക്രിസ്മസ് പാർട്ടികളിൽ പങ്കെടുക്കുന്നതും ഗ്ലോക്കി എന്ന ഫിന്നിഷ് മുൾഡ് വൈൻ ചൂടാക്കി കുടിക്കുന്നതും ഫിൻലൻഡിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാണ്.
ഷൂ എറിഞ്ഞോ! കല്യാണം നടക്കും
ചെക്ക് റിപ്പബ്ലിക്കിൽ ക്രിസ്മസ് രാവിൽ അവിവാഹിതരായ പെൺകുട്ടികൾ വാതിലിനു നേരെ അവരുടെ ഷൂ എറിയുന്ന പതിവുണ്ട്.
ഷൂവിന്റെ മുൻഭാഗം വാതിലിന് നേർക്കാണെങ്കിൽ ഉടൻ തന്നെ അവരുടെ കല്യാണം നടക്കുമെന്നാണ് വിശ്വാസം. പള്ളിയിലേക്ക് തെന്നി തെന്നിപ്പോകാം
‘ലാസ് പാറ്റിനാസ്’, ക്രിസ്മസിനെന്താ പരിപാടി എന്ന് വെനസ്വലയിലെ ആളുകളോടു ചോദിച്ചാൽ ഇതാകും മറുപടി.
ക്രിസ്മസ് രാത്രി മുഴുവൻ സ്കേറ്റ് ചെയ്ത് അതിരാവിലെ നടക്കുന്ന മിസാ ഡി അഗ്വിനാൾഡോ എന്നറിയപ്പെടുന്ന കുർബാനയിൽ പങ്കെടുക്കാൻ പോകുന്നതാണ് ഇവിടുത്തെ ശൈലി. ക്രിസ്മസ് രാത്രിയിൽ റോഡുകൾ പലതും അടച്ചിടുന്ന പതിവും ഉണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

