അമ്പലവയൽ ∙ വേനൽകാലത്തിനു മുന്നോടിയായി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കാരാപ്പുഴ കനാലുകളിൽ ശുചീകരണം തുടങ്ങി. വേനൽ കനക്കുമ്പോൾ വിവിധ പാടശേഖരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നതു പതിവാണ്.
കനാലുകളുടെ ഉള്ളിൽ വ്യാപകമായി മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. കൂടാതെ അരികു ഭാഗങ്ങളെല്ലാം കാടുമൂടുകയും ചെയ്തു.
വെള്ളം കനാലിലൂടെ സുഗമമായി ഒഴുകിപ്പോകുന്നതിന് ഇവയെല്ലാം മാറ്റണം. അതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
കനാലുകളിൽ അടിഞ്ഞ ചെളി കോരി മാറ്റുന്നത് ആരംഭിച്ചിട്ടുണ്ട്. ഒപ്പം അരികിലുള്ള കാടുകളും വെട്ടി മാറ്റിക്കൊണ്ടിരിക്കുകയാണ്.
പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് പരീക്ഷാണടിസ്ഥാനത്തിൽ വെള്ളം ഒഴുക്കിത്തുടങ്ങും.
ഡാമിൽ നിന്നുള്ള 2 കനാലുകൾ വഴി 25 കിലോമീറ്ററോളം ദൂരമാണ് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നത്. 16.740 കിലോമീറ്റർ ദൈർഘ്യമുള്ള ഇടതുകര കനാൽ മടക്കിമല, കമ്പളക്കാട് വരെയാണ് എത്തുന്നത്.
വലതുകര കനാലിന് 8.805 നീളമാണുള്ളത്. മീനങ്ങാടി, ചെണ്ടക്കുനി വരെയാണ് ഈ കനാൽ.
എന്നാൽ കനാലുകൾ വൃത്തിയാക്കിയാൽ മാത്രമേ എത്ര ദൂരം ജലവിതരണം നടത്താൻ കഴിയൂവെന്നു വ്യക്തമാകൂ. മുൻ വർഷങ്ങളിൽ കനാലുകളെ പൂർണമായും ഉപയോഗപ്പെടുത്തിയിരുന്നു.
കനാലുകളായി പോകുന്ന നീർപാലങ്ങളിൽ പലയിടങ്ങളിലും ചോർച്ച കാലങ്ങളായിട്ടുണ്ട്. ഇതൊന്നും നന്നാക്കാൻ കാര്യമായ നടപടികൾ പലപ്പോഴും ഉണ്ടാകാറില്ല.
വേനലിൽ കാരാപ്പുഴ ഡാം കനാലുകളിലൂടെ വരുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പാടേശഖരങ്ങളും കൃഷിയിടങ്ങളുമുണ്ട്. കനാലുകൾ കടന്നുപോകുന്ന വഴിയിലെ ഒട്ടേറെ കർഷകരും വേനലിൽ ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ജലവിതരണം ആരംഭിച്ചത്.
വേനൽ ശക്തി പ്രാപിച്ചാൽ ഇത്തവണ നേരത്തേ വെള്ളം കൃഷിക്ക് ആവശ്യമായി വരുമെന്നാണ് കർഷകർ പറയുന്നത്.
ഉദ്യോഗസ്ഥരും പാടശേഖര സമിതിയുടെ ഭാരവാഹികളും കർഷകരും അടക്കം പങ്കെടുക്കുന്ന യോഗത്തിലെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ജലവിതരണം. ആഴ്ചയിൽ മൂന്നോ അതിൽ കൂടുതൽ ദിവസങ്ങളിലോ ആവശ്യാനുസരണം ജലവിതരണം നടത്തും.
കനാലുകൾ വൃത്തിയാക്കൽ പൂർത്തിയാക്കിയാൽ മാത്രമേ ട്രയൽ നടത്താൻ സാധിക്കൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

