തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിക്കും. കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്താനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണു നടപടി.
ഏതൊക്കെ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ തുടരുകയാണെന്ന് ഈ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്) സിഇഒ വി.ബി.രാജൻ പറഞ്ഞു. പുതിയ മെനുവിൽ ഐആർസിടിസിയുടെ നിർദേശമനുസരിച്ച് വേണ്ട
മാറ്റങ്ങൾ വരുത്തും.
കറികൾ വസ്ത്രങ്ങളിൽ വീഴുന്നത് ഒഴിവാക്കാൻ ഇവയുടെ കട്ടി കൂട്ടും. മധുരത്തിന് ഇപ്പോൾ നൽകുന്ന കേസരിക്കു പുറമേ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ, ഉച്ചയ്ക്കു ചോറിനു പുറമേ മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി, പ്രഭാത ഭക്ഷണത്തിൽ പാലപ്പം വെജ് കുറുമ, ഇടിയപ്പം മുട്ടക്കറി, പലഹാരങ്ങളിൽ പഴംപൊരി, പരിപ്പുവട, ഉണ്ണിയപ്പം, നെയ്യപ്പം എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്.
മറ്റു ഭക്ഷണങ്ങൾക്കൊപ്പം മലയാളികൾക്ക് ഇഷ്ടമുള്ള വിഭവങ്ങളും നൽകാനാണ് ആഗ്രഹിക്കുന്നതെന്നു മെനു ക്യുറേറ്റ് ചെയ്ത സിഎഎഫ്എസ് കോർപറേറ്റ് ഷെഫ് സി.ഗുണശേഖർ പറഞ്ഞു. കാസർകോട് വന്ദേഭാരതിനു പുറമേ 16 മുതലാണു മംഗളൂരു വന്ദേഭാരതിലെ കേറ്ററിങ് സിഎഎഫ്എസ് ഏറ്റെടുത്തത്. യാത്രക്കാർക്ക് 3 മാസം കൊണ്ടു നല്ല ഒരു ഭക്ഷണ അനുഭവം വന്ദേഭാരതിൽ ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്നു വി.ബി.രാജൻ പറഞ്ഞു.
ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണ വിതരണം നടത്തുന്ന ആദ്യ എയർലൈൻ കേറ്ററിങ് കമ്പനിയാണു കൊച്ചി ആസ്ഥാനമായ കാസിനോ ഗ്രൂപ്പിന്റെ സിഎഎഫ്എസ്.
ഇവരെ കൂടാതെ ഹൽദിറാം, സരോവർ ഹോട്ടൽസ് ലിമിറ്റഡ് എന്നിവയും ട്രെയിനിലെ ഭക്ഷണ വിതരണത്തിലേക്കു കടന്നിട്ടുണ്ട്. കൂടുതൽ ബ്രാൻഡുകളെയും എയർകേറ്ററിങ് കമ്പനികളെയും പ്രീമിയം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

