ആറന്മുള ∙ ഭക്തരുടെ ശരണം വിളികളുടെയും നാമജപത്തിന്റെയും അകമ്പടിയിൽ, തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര പാർഥസാരഥി ക്ഷേത്രത്തിൽനിന്നു യാത്ര പുറപ്പെട്ടു. ശബരിമലയിലെ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിക്കുന്ന യാത്ര 26നു വൈകിട്ട് സന്നിധാനത്തെത്തും.
പുലർച്ചെ അഞ്ചോടെ ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷാമുറി തുറന്നു പുറത്തെടുത്ത തങ്ക അങ്കി ആനക്കൊട്ടിലിലെ അലങ്കരിച്ച മണ്ഡപത്തിലേക്ക് എത്തിച്ചു. അയ്യപ്പന്റെ അനുഗ്രഹം തേടി ഇവിടെ ഒട്ടേറെ ഭക്തർ പറയും കാണിക്കയുമിട്ടു.
7 മണിയോടെ ദേവസ്വം ബോർഡ് അംഗങ്ങളായ പി.രാജു, പി.ഡി.സന്തോഷ് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ശങ്കരൻ പോറ്റി എന്നിവർ ഏറ്റുവാങ്ങി ക്ഷേത്രത്തിനു പുറത്ത് എത്തിച്ച തങ്ക അങ്കി അലങ്കരിച്ച രഥത്തിലേക്കു മാറ്റി.
തുടർന്ന് ശരണമന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിയഞ്ചോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണു രഥ ഘോഷയാത്ര സന്നിധാനത്തു എത്തിച്ചേരുക.
മുൻ കാലത്തുള്ളതിനേക്കാൾ കൂടുതൽ പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അഗ്നിരക്ഷാസേന, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും രഥഘോഷയാത്രയെ അനുഗമിക്കുന്നു.
ആദ്യദിനമായ ഇന്നലെ ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ രാത്രി വിശ്രമിച്ച സംഘം ഇന്നു കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാളെ പെരുനാട് ശാസ്താ ക്ഷേത്രത്തിലും രാത്രി വിശ്രമിച്ച ശേഷം 26 ന് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, സ്പെഷൽ ഓഫിസർ സുനിൽ കുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ മുരളീധരൻ പിള്ള, അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ, ഡിവൈഎസ്പിമാരായ എസ്.ന്യുഅ്മാൻ, ജി.സന്തോഷ്കുമാർ, ദേവസ്വം ആർഒ ആർ.രേവതി, ഉപദേശകസമിതി ഭാരവാഹികളായ വിജയൻ നടമംഗലത്ത്, ശശി കണ്ണങ്കേരിൽ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

