ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ ജില്ലാ കൗൺസിൽ. ഭരണവിരുദ്ധ വികാരം എൽഡിഎഫിനു തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.
ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ ചിലയിടങ്ങളിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നായിരുന്നു വിമർശനം. പലയിടത്തും സിപിഐ ജയിക്കണമെന്ന താൽപര്യം സിപിഎമ്മിന് ഉണ്ടായിരുന്നില്ല.
സിപിഐ മത്സരിച്ച പലയിടത്തും സിപിഎം വിമതർ ഉണ്ടായിരുന്നു. കുട്ടനാട്ടിൽ സിപിഎം, സിപിഐ ഭിന്നതയും തോൽവിക്കു കാരണമായി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിർക്കാതിരുന്നതു ദോഷം ചെയ്തു.
ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസം കുറയാൻ ഇതു കാരണമായി. സർക്കാർ ഇനിയും തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും വിലയിരുത്തി.
ജില്ലാ കൗൺസിലിന്റെ പ്രാഥമിക വിലയിരുത്തലിലാണു വിമർശനം ഉയർന്നത്. മണ്ഡലം കമ്മിറ്റികൾ യോഗം ചേർന്നു വിശദമായ വിലയിരുത്തൽ നടത്തി 31നു മുൻപു ജില്ലാ നേതൃത്വത്തിനു റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു ഫലം: ഗൗരവമുള്ള പരാതികൾ അന്വേഷിക്കാൻ സിപിഎം കമ്മിഷനെ നിയോഗിക്കും
ആലപ്പുഴ ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പു ഫലം വിശദമായി പരിശോധിക്കാൻ ജില്ലയിലെ സിപിഎം ഏരിയ കമ്മിറ്റികൾ ഇന്നു യോഗം ചേരും.
എൽഡിഎഫ് ഭൂരിപക്ഷം നേടിയ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനം സംബന്ധിച്ച നിർദേശങ്ങൾ സ്വീകരിക്കാൻ കൂടിയാണു യോഗങ്ങൾ. ഈ നിർദേശങ്ങളിൽ അടുത്ത ദിവസം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്തതായി അറിയുന്നു. തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ചു പാർട്ടിക്കുള്ളിൽനിന്ന് ഉയർന്ന പരാതികൾ ഏരിയ കമ്മിറ്റികൾ വിശദമായി പരിശോധിക്കുമെന്നാണു വിവരം.
പാർട്ടി സ്ഥാനാർഥികളെ വിഭാഗീയമായി തോൽപിച്ചെന്നും സ്ഥാനാർഥി നിർണയത്തിൽ തന്നെ വിഭാഗീയതയുണ്ടായെന്നും പലയിടത്തുനിന്നും പരാതികൾ ഉയർന്നിരുന്നു. ചിലയിടങ്ങളിൽ ഗൗരവമുള്ള പരാതികൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്നും അറിയുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളും പാർട്ടി നിർദേശങ്ങൾ അവഗണിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു. ചില എംഎൽഎമാരുടെ തിരഞ്ഞെടുപ്പു പ്രവർത്തനം കാര്യക്ഷമമായില്ലെന്ന വിമർശനവും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

