പവന് ലക്ഷം രൂപ കടന്ന സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 12,735 രൂപയിലെത്തി.
പവൻ വിലയിൽ 280 രൂപയുടെ വർധനയുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് റെക്കോഡ് വിലയായ 1,01,880 രൂപയിലെത്തി.
ഇന്നലെ രേഖപ്പെടുത്തിയ പവന് 1,01,600 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ്.
18 കാരറ്റ് സ്വർണവും ഇന്ന് റെക്കോഡ് വിലയിലാണ്. ഗ്രാമിന് 30 രൂപ വർധിച്ച് 10,470 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ചില ജ്വല്ലറികളിൽ ഗ്രാമിന് 25 രൂപ വർധിച്ച് 10,550 രൂപയിലും വ്യാപാരം നടക്കുന്നുണ്ട്.
യു.എസിൽ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വില വർധിക്കാൻ പ്രധാന കാരണം.യുഎസ് വെനസ്വേല സംഘർഷ സാധ്യത കനത്തതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. അടുത്ത കൊല്ലം പലിശ നിരക്കിൽ ഇളവുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഇത് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലും കുറവ് വരുത്തി. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിന്റെ വിനിമയം.
ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാക്കും. ഇതും സ്വർണ വില വർധിക്കാനുള്ള മറ്റൊരു കാരണമാണ്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,500 ഡോളറിന് അടുത്താണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്.എക്കാലത്തെയും ഉയർന്ന വിലയായ ഔൺസിന് 4,524 ഡോളർ വരെ എത്തിയ ശേഷമാണ് നേരിയ തിരിച്ചിറക്കം.വൻകിട
നിക്ഷേപകരുടെ ലാഭമെടുക്കൽ ഉണ്ടായില്ലെങ്കിൽ പുതിയ ഉയരങ്ങൾ തേടി സ്വർണം കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയും റെക്കോഡിൽ
വെള്ളിയിലും റെക്കോഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 70 ഡോളറെന്ന റെക്കോഡ് വിലയിലാണ് വെള്ളി.
ഇക്കൊല്ലം ഒന്നര മടങ്ങോളമാണ് വെള്ളി വില വർധിച്ചത്. കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് വില 228 രൂപയാണ്.
ചില ജ്വല്ലറികളിൽ ഗ്രാമിന് 230 രൂപയിലും വ്യാപാരം നടക്കുന്നുണ്ട്.
ആഭരണം വാങ്ങാൻ
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,15,860 രൂപയെങ്കിലും നൽകേണ്ടി വരും. ഗ്രാമിന് 14,482 രൂപയും.
വിലയിൽ മൂന്ന് ശതമാനം ജി.എസ്.ടിയും ബാധകമാണ്. ഒപ്പം ഹോൾമാർക്ക് ചാർജായി 45 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം.
ഇതെല്ലാം ചേർത്ത തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്.
14 കാരറ്റ് സ്വർണം ഗ്രാമിന് 8,155 രൂപയിലും 9 കാരറ്റ് 5,260 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

