ക്രിസ്മസിനു തുടങ്ങി പുതുവർഷം വരെ നീളും ആഘോഷങ്ങൾ. കേക്ക്, കാരൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിങ്ങനെയുള്ള പതിവു ക്രിസ്മസ് കാഴ്ചകൾ മാത്രമല്ല ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ഒത്തുകൂടലിന്റെയയും ആഘോഷത്തിന്റെയും ചില പുത്തൻ കാഴ്ചകളും ഈ ആഘോഷദിവസങ്ങൾ സമ്മാനിക്കുന്നു.
വൈറലായി കേക്ക് മിക്സിങ്
മുൻപ് അത്ര സുപരിചിതമല്ലായിരുന്നെങ്കിലും കുറച്ചു വർഷങ്ങളായി വൈറലാവുന്നതാണു കേക്ക് മിക്സിങ്. ആഡംബര ഹോട്ടലുകളിലും മാളിലുമെല്ലാം ഒരുപാടാളുകൾ ചേർന്നു കേക്ക് മിക്സിങ്ങിൽ പങ്കെടുക്കുന്നതു കണ്ടിട്ടുണ്ടാകും.
സെലിബ്രിറ്റികളും ഈ ചടങ്ങിന്റെ ഭാഗമാകാറുണ്ട്. കിലോക്കണക്കിനു ഡ്രൈ ഫ്രൂട്സ്, നട്സ്, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കുഴച്ച് മിശ്രിതമുണ്ടാക്കും.
ഇതിലേക്ക് മദ്യം ഒഴിച്ചു കുതിർത്തു കുറച്ചു ദിവസത്തേക്കു മാറ്റിവച്ചതിനുശേഷം ചെറിയ ഭാഗങ്ങളാക്കി മാറ്റി അതിൽനിന്നു കേക്ക് ഉണ്ടാക്കുന്നതാണു രീതി. 17ാം നൂറ്റാണ്ടു മുതൽ യൂറോപ്പിലുള്ള ആചാരമാണ് കേക്ക് മിക്സിങ്. ഡിസംബർ ആദ്യവാരം തന്നെ കേക്ക് മിക്സിങ്ങിനു തുടക്കമാകും.
ആഭരണങ്ങളിലും ക്രിസ്മസ്
ചുവപ്പും വെള്ളയും വസ്ത്രങ്ങൾ ക്രിസ്മസ് സമയത്തെ എവർഗ്രീൻ സ്റ്റാറുകൾ തന്നെ.
എന്നാൽ ആഭരണങ്ങൾക്കു ക്രിസ്മസ് വൈബ് നൽകുന്നത് എലമെന്റുകളാണ്. റോസ് ഗോൾഡ് ചെയിനിൽ കോർത്തിടുന്ന ക്രിസ്മസ് ട്രീ, മഞ്ഞുപാളികൾ, സാന്താക്ലോസ് തുടങ്ങിയവയുടെ മിനിയേച്ചർ രൂപത്തിലുള്ള പെൻഡന്റുകൾ എന്നിവയാണ് കമ്മലുകളിലും മാലകളിലും തിളങ്ങുന്നത്.
ഓൺലൈനിലാണ് ഇത്തരം ആഭരണങ്ങൾക്കു ഡിമാൻഡ് കൂടുതൽ.
ജെൻസീ ‘ചിൽ’
പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവയിൽ നിന്നൊക്കെ മാറി സെലിബ്രേഷൻ മോഡിലേക്കു മാറിയിരിക്കുകയാണ് പുതുതലമുറ. സ്കൂളുകളിലെയും കോളജുകളിലെയും ആഘോഷങ്ങളിൽ ഇവ ഒതുങ്ങുന്നില്ല.
നഗരങ്ങളിലെ ക്രിസ്മസ് ഇവന്റുകളും ഫെസ്റ്റുകളുമാണ് ഇവരെ പ്രധാനമായും ആകർഷിക്കുന്നത്. ‘ക്രിസ്മസ് ദിവസം കുടുംബത്തോടൊപ്പവും, അവധിക്കാലം സുഹൃത്തുക്കൾക്കൊപ്പവും’ എന്നതാണ് അവരുടെ ടാഗ്ലൈൻ.
സുഹൃത്തുക്കളോടൊപ്പമുള്ള ലോങ് ട്രിപ്പുകളാണ് ക്രിസ്മസ് പ്ലാനിൽ ഒന്നാമത്. ശൈത്യകാലമായതിനാൽ ഊട്ടി, കൊടൈക്കനാൽ, മൂന്നാർ എന്നിങ്ങനെ ‘ചില്ലാണ്’ ഇവരുടെ ട്രാവൽ ഡെസ്റ്റിനേഷനുകൾ.
മോടി കുറഞ്ഞെങ്കിലും ആശംസാകാർഡുകൾക്ക് ഇന്നും പ്രിയം
പ്രിയപ്പെട്ടവർക്കു നൽകാനുള്ള കാർഡുകൾ തിരഞ്ഞുപിടിച്ചു കണ്ടുപിടിച്ചിരുന്നതും അതിൽ എഴുതാനുള്ള വാചകങ്ങൾക്കു വേണ്ടി സമയം ചെലവഴിച്ചിരുന്നതുമൊക്കെ ഒരു തലമുറയുടെ മറക്കാനാവാത്ത ക്രിസ്മസ് ഓർമയാണ്.
സ്മാർട് ഫോണുകളുടെ ആധിപത്യത്തോടുകൂടി ഇല്ലാതാകുന്നതും അത്തരം അനുഭവങ്ങളാണ്. ‘മെറി ക്രിസ്മസ്’ എന്ന സ്റ്റിക്കർ വാട്സാപ്പിൽ അയയ്ക്കുന്നതാണ് പുതുതലമുറയുടെ ആശംസാരീതി.
എഐ സംവിധാനങ്ങൾ വിപുലമായതോടെ സ്വന്തമായി ഡിസൈൻ ചെയ്യുന്ന ഡിജിറ്റൽ ആശംസാ കാർഡുകളും സജീവമായി. എങ്കിലും ആശംസാ കാർഡുകളില്ലാതെ ക്രിസ്മസ് വിപണി പൂർണമാകുന്നില്ല. പുതിയ കലക്ഷനുകൾ മുൻവർഷങ്ങളിലേതു പോലെ അധികമായി വിപണിയിലെത്തുന്നില്ല എന്നു കച്ചവടക്കാർ പറയുന്നു.
ചില കടകളിൽ കഴിഞ്ഞ വർഷത്തെ സ്റ്റോക്കുകൾ തന്നെയാണ് വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും സ്കൂൾ വിദ്യാർഥികളും മുതിർന്നവരുമാണു കാർഡുകളുടെ ആവശ്യക്കാർ.
സുഹൃത്തുക്കൾക്കും അധ്യാപകർക്കും നൽകാനാണു കുട്ടികൾ കാർഡുകൾ വാങ്ങുന്നതെങ്കിൽ ദൂരെയുള്ള പ്രിയപ്പെട്ടവർക്ക് പോസ്റ്റ് വഴി അയയ്ക്കാനാണ് മുതിർന്നവർ ഇഷ്ടപ്പെടുന്നത്. ക്രിസ്മസിന് ആശംസാ കാർഡുകൾ അയയ്ക്കുന്ന പതിവിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇംഗ്ലണ്ടിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സർ ഹെൻറി സുഹൃത്തും ചിത്രകാരനുമായിരുന്ന ജോൺ ഹോർസ്ലിയുടെ സഹായത്തോടെ 1843ലാണ് ആദ്യ ക്രിസ്മസ് കാർഡ് നിർമിച്ചത് എന്നു പറയപ്പെടുന്നു. മൂന്നു പാനലുകളിലായി മൂന്നു ചിത്രങ്ങൾ വരച്ച കാർഡിൽ ‘എ മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ടു യു’ എന്ന സന്ദേശം.
രണ്ടു പാളികളിലായി നിർധനരെ സഹായിക്കുന്ന ചിത്രങ്ങളും മധ്യത്തിൽ ഒരു കുടുംബത്തിന്റെ ക്രിസ്മസ് വിരുന്നുമാണ് കാർഡിലുണ്ടായിരുന്നത്. പിന്നീടിങ്ങോട്ട് വിവിധ ട്രെൻഡുകളാണ് ആശംസാ കാർഡിൽ കണ്ടത്. പാട്ടു കേൾക്കുന്നത്, വിവിധ കട്ടിങ്ങുകളുള്ളത്, പഴ്സനലൈസ്ഡ് കാർഡുകൾ അങ്ങനെ പല കാലത്തും പല ട്രെൻഡുകൾ.
ഇപ്പോഴും ആശംസാ കാർഡുകളെ ഇഷ്ടപ്പെടുന്നവർ പറയുന്നു, ‘സ്വന്തം കൈപ്പടയിൽ എഴുതിയ ക്രിസ്മസ് സന്ദേശത്തിനു പകരം വയ്ക്കാൻ ഒരു വാട്സാപ് ടെക്സ്റ്റിനും കഴിയില്ല.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

