പുൽപള്ളി ∙ വൈകുന്നേരങ്ങളെ താളാത്മകമാക്കി അതിൽ ലഹരി കണ്ടെത്തി ഗോത്രയുവാക്കളുടെ ചെണ്ടപരിശീലനം. പഞ്ചായത്തിലെ വീട്ടിമൂല, ആനപ്പാറ, ചാത്തമംഗലം, പാളക്കൊല്ലി ഉന്നതികളിലെ മുപ്പതോളം യുവാക്കളാണ് പാളക്കൊല്ലി ഉന്നതിയിൽ ഒത്തുകൂടി ചെണ്ടപരിശീലനം നടത്തുന്നത്.
4 മാസമായി പരിശീലനം തുടരുന്ന ഇവരുടെ അരങ്ങേറ്റം ജനുവരി 4 ന് വീട്ടിമൂലയിലാണ്. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ യുവാക്കൾ ഇല്ലായ്മകളെ അതിജീവിച്ച് കൂലിപ്പണിക്കും പഠനത്തിനും ശേഷമാണ് താളത്തിൽ കൊട്ടിക്കയറുന്നത്.
ലഹരിയടക്കമുള്ള എല്ലാ പ്രലോഭനങ്ങളും ഉപേക്ഷിച്ച ഇവരുടെ ലഹരി ചെണ്ടപരിശീലനം മാത്രമായി.
അറിയപ്പെടുന്ന പ്രഫഷനൽ ട്രൂപ്പ് ഉണ്ടാക്കിയെടുക്കുകയെന്നതാണ് ലക്ഷ്യം. 13 കാരനായ അഭിഷേക് മുതൽ ആനപ്പാറയിലെ 26കാരനായ സതീഷ് വരെയുള്ളവർ ഒറ്റക്കെട്ടായി ഓരേതാളത്തിൽ കൊട്ടിക്കയറുന്നു.
വനത്തിൽ മാത്രമുള്ള കാട്ടുനാരകത്തിന്റെ ഉറപ്പുള്ള കമ്പുകൾ വെട്ടിയെടുത്ത് ചെത്തിമിനുക്കിയാണ് ചെണ്ടക്കോൽ തയാറാക്കിയത്. മരത്തടി ചെറുതായി മുറിച്ച് അതിലടിച്ചാണ് താളം മുഴക്കുന്നത്.
ആർക്കും സ്വന്തമായി ചെണ്ടയില്ല. ഇവരുടെ പ്രധാന വെല്ലുവിളിയും സ്വപ്നവും ചെണ്ട
സ്വന്തമായി ഉണ്ടാക്കുകയെന്നതാണ്.
ചിലപ്പോൾ കൽപറ്റയിൽ പോയി വാടകയ്ക്ക് ചെണ്ടകൊണ്ടുവന്ന് അതിൽ മാറി മാറി പരിശീലിക്കും. ഒരുചെണ്ടയ്ക്ക് പന്ത്രണ്ടായിരത്തോളം രൂപ വിലയുണ്ട്.
കൂലിപ്പണിയെടുത്തും മറ്റും ചെറിയ സമ്പാദ്യമുണ്ടാക്കിയെങ്കിലും ചെണ്ട വാങ്ങാൻ സാധിക്കാത്ത അവസ്ഥ.
കല്ലിൽ അടിച്ചായിരുന്നു തുടക്കം. പിന്നീട് മരത്തിലായി.
ഇനി തനിചെണ്ടയിലേക്കു കൊട്ടിക്കയറാനുള്ള ആവേശത്തിലാണിവർ. പരമ്പരാഗത കലകളെ സ്നേഹിക്കുന്നവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.
ചെണ്ട പരിശീലനത്തിന് 6 മാസം വേണം.
ഇതിൽ പലരും മുൻപ് നാസിക് ഡോൾ പരിശീലനം നടത്തിയിരുന്നു.
വീട്ടിമൂലയിലും പരിസരങ്ങളിലുമായിരുന്നു ആദ്യം പരിശീലനം. ശബ്ദപ്രശ്നം ഉന്നയിച്ച് പരാതികളുണ്ടായപ്പോൾ പാളക്കൊല്ലി ഉന്നതിയിലേക്കു മാറി.
അവിടെ പ്രദേശവാസികളുടെ സഹകരണവുമുണ്ട്. 5 കിലോമീറ്റർ നടന്നാണ് ഇവർ പാളക്കൊല്ലിയിലെത്തുന്നത്.
പരിശീലനത്തിനു ശേഷം കൊടുംതണുപ്പിൽ ഉന്നതികളിലേക്ക് മടങ്ങും. വീട്ടിമൂല ഉന്നതിയിലെ എ.എസ്.സജിനും എം.കെ. വിഷ്ണുവുമാണ് പരിശീലകർ.
ബത്തേരി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസറായ സജിന് ജോലികഴിഞ്ഞാൽ പിന്നെ കൂട്ടുകാരുടെ ചെണ്ട പരിശീലനമാണ് ദൗത്യം.
രാത്രി ഡ്യൂട്ടിയുള്ളപ്പോൾ ചുമതല വിഷ്ണുവിനും.
മദ്യം, ലഹരിമരുന്ന് തുടങ്ങിയവയിൽ നിന്ന് ഗോത്രയുവാക്കളെ കലാരംഗത്തേക്ക് കൊട്ടിക്കയറ്റുന്ന മാതൃകാപരമായ ഉത്തരവാദിത്വമാണ് ഈ യുവാക്കളും നടത്തുന്നത്. ലഹരിയുടെ വലയിൽ വീഴാതെ ഗോത്രയുവതയെ അവർക്കിഷ്ടമുള്ള കലാ, കായിക മേഖലകളിലേക്ക് വഴിതെളിക്കുന്ന ഇത്തരം ശ്രമങ്ങളെ സഹായിക്കാൻ സർക്കാർ ഏജൻസികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സഹായവും ആവശ്യമാണെന്ന് പരിശീലകർ പറയുന്നു.
പാളക്കൊല്ലിയിലെ ചെണ്ടപരിശീലനം അരങ്ങത്ത് എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഉന്നതികളിലെ ഇവരുടെ കുടുംബാംഗങ്ങളും. പുൽപള്ളിയുടെ മഹോത്സവമായ സീതാക്ഷേത്ര ഉത്സവത്തിന് വീട്ടിമൂല ദേശത്ത് നിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിലാണ് അരങ്ങേറ്റം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

