ആലപ്പുഴ∙ ക്രിസ്മസ്– പുതുവത്സര അവധിയുടെ തിരക്കേറിയതോടെ ജില്ലയിലേക്ക് അയൽസംസ്ഥാനങ്ങളിൽ നിന്നു ബസ്, ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതെയായി. ഏറെ യാത്രികരുള്ള ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽനിന്നു ജില്ല വഴി സർവീസ് നടത്തുന്ന ട്രെയിനുകളിലെ സീറ്റുകളെല്ലാം ദിവസങ്ങൾക്കു മുൻപേ ബുക്ക് ചെയ്തു കഴിഞ്ഞു.
ട്രെയിനുകളിൽ കൺഫേം ടിക്കറ്റ് ലഭിക്കില്ലെന്നു മാത്രമല്ല, വെയ്റ്റ് ലിസ്റ്റ് പോലും 200നു മുകളിലാണ്. ഫലത്തിൽ ട്രെയിനിൽ ജില്ലയിലെത്താൻ സാധ്യത കുറവാണ്.ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതായതോടെ യാത്രികർ കൂട്ടമായി ബസുകളെ ആശ്രയിക്കുന്നുണ്ട്.
കെഎസ്ആർടിസിക്കു ജില്ലയിൽ നിന്നു പ്രത്യേക സംസ്ഥാനാന്തര സർവീസുകളില്ല.
ബെംഗളൂരു– ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന നാലു ബസുകളിലെയും എല്ലാ സീറ്റുകളും ഇന്നലെ വൈകിട്ടോടെ ബുക്കിങ് ആയി. ചെന്നൈ– ആലപ്പുഴ റൂട്ടിൽ കെഎസ്ആർടിസി സർവീസുമില്ല. ആലപ്പുഴയിൽനിന്ന് ഇന്നു വൈകിട്ട് ആലപ്പുഴ– കോഴിക്കോട് റൂട്ടിലും നാളെ പുലർച്ചെ തിരിച്ചുമാണ് ആലപ്പുഴയിൽ നിന്നുള്ള ഏക സ്പെഷൽ സർവീസ്.കെഎസ്ആർടിസി സർവീസുകൾ കുറവായതിനാൽ സ്വകാര്യ ബസുകൾ നിരക്കു കുത്തനെ ഉയർത്തി.
കെഎസ്ആർടിസി എസി മൾട്ടി ആക്സിൽ ബസിൽ 2665 രൂപയാണു നിരക്ക് എന്നിരിക്കെ സ്വകാര്യ ബസുകൾ 5000 രൂപ വരെയാണ് ഈടാക്കുന്നത്.
ലഭ്യമായത്ര ബസുകൾ ബെംഗളൂരുവിലും ചെന്നൈയിലും എത്തിച്ചു പരമാവധി സർവീസുകൾ നടത്താനാണ് അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരുടെ ശ്രമം.ഓണം, ക്രിസ്മസ് സീസണുകളിൽ ജില്ലയിലേക്ക് ആവശ്യത്തിനു പൊതുഗതാഗത സംവിധാനമില്ലാത്തതു യാത്രികർക്കു ബുദ്ധിമുട്ടാകുന്നതു പതിവാണ്.
ഇപ്പോൾ നാട്ടിലെത്തുന്നവർ അവധി കഴിഞ്ഞു തിരിച്ചു പോകാനും ആവശ്യത്തിനു ട്രെയിനും ബസുമില്ല. ഇതും ബുദ്ധിമുട്ടാകും.
പ്രത്യേക ബസ് സർവീസ് ആരംഭിക്കണം:കർണാടക ആർടിസിയോട് കെ.സി
ആലപ്പുഴ ∙ ക്രിസ്മസ്, പുതുവത്സര തിരക്കു പരിഗണിച്ച് കേരളത്തിലേക്കു കൂടുതൽ പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി കർണാടക ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.
ട്രെയിനിലും മറ്റും ആവശ്യത്തിനു ടിക്കറ്റ് ലഭിക്കാത്തതിനാൽ നാട്ടിലേക്കു മടങ്ങുന്ന മലയാളികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. തിരക്കു മുതലെടുത്തു സ്വകാര്യ ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നു.തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലേക്കു സ്പെഷൽ സർവീസുകൾ നടത്തണമെന്നാണ് കെ.സി.വേണുഗോപാൽ ഉന്നയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

