ചങ്ങനാശേരി ∙ ഉണ്ണിയേശുവിന്റെ തിരുജനനത്തിന്റെ ഓർമ പുതുക്കുകയാണ് ഓരോ നക്ഷത്രങ്ങളും. ചങ്ങനാശേരി മടുക്കുംമൂട് അറനിലം വാരിക്കാട് വീട്ടിൽ ചെറിയാൻ ഫിലിപ്പിനും (78) ഭാര്യ ആനിമ്മ ചെറിയാനും (72) വേറിട്ടൊരു ഓർമ പുതുക്കൽ കൂടിയാണ് നക്ഷത്രങ്ങൾ. ദൈവപ്പിറവിയോടൊപ്പം തന്നെ ഇരുവരുടെയും ദാമ്പത്യം പിന്നിട്ട
വർഷങ്ങളും നക്ഷത്രം തൂക്കി ആഘോഷിക്കുകയാണ്. 1975 ഓഗസ്റ്റ് 21ന് വിവാഹിതരായ ഇരുവരും 50ാം വിവാഹ വാർഷികത്തിന്റെ നിറവിലാണ്.
50 നക്ഷത്രങ്ങളാണ് വീടിനു ചുറ്റും.
വിവാഹ വാർഷികം കൂടുന്നതിനനുസരിച്ച് നക്ഷത്രത്തിന്റെ എണ്ണം കൂടും. 1975ലെ ക്രിസ്മസ് കാലത്ത് വീട്ടിലെ ക്രിസ്മസ് നക്ഷത്രത്തിനോടൊപ്പം വിവാഹ ഓർമയ്ക്കായി മറ്റൊരു നക്ഷത്രം കൂടി തൂക്കിയാണ് തുടങ്ങിയത്.
2024ലെ ക്രിസ്മസിനു 49 നക്ഷത്രമായി. ഈ ക്രിസ്മസിന് 50 നക്ഷത്രമായി.
20 വർഷം മുൻപ് കുട്ടനാട്ടിൽ താമസിച്ചിരുന്നപ്പോൾ ഈറ്റയും കമ്പും വരിഞ്ഞുള്ള നക്ഷത്രമാണ് തൂക്കിയിരുന്നത്. ഇപ്പോൾ പേപ്പർ നക്ഷത്രവും സിൽക്ക് പേപ്പറിലുള്ള നക്ഷത്രവും തുടങ്ങി എൽഇഡി നക്ഷത്രം വരെ ചങ്ങനാശേരി മടുക്കുംമൂടിലെ വീട്ടിൽ ഇട്ടിരിക്കുന്നു.
കാലപ്പഴക്കം മൂലം പഴയ നക്ഷത്രങ്ങളിൽ ചിലതു നശിച്ചു.
പഴയ പേപ്പർ നക്ഷത്രങ്ങൾ ഇപ്പോഴുമുണ്ട്. ക്രിസ്മസിനു മുന്നോടിയായി തൂക്കുന്ന നക്ഷത്രങ്ങൾ പുതുവത്സരം കഴിഞ്ഞാൽ സൂക്ഷിച്ചുവയ്ക്കും.
ഉണ്ണിയേശുവിന് വേണ്ടി പ്രത്യേകമായി ഒരു നക്ഷത്രമിടും.ചങ്ങനാശേരി എസ്ബി കോളജിലെ മലയാള വിഭാഗം അധ്യാപകനായിരുന്നു ചെറിയാൻ ഫിലിപ്പ്. കുട്ടനാട്ടിലെ നെൽക്കർഷകനുമായിരുന്നു.
ഭാര്യ ആനിമ്മ ചമ്പക്കുളം കാട്ടാമ്പള്ളി കുടുംബാംഗമാണ്. അധ്യാപക കാലഘട്ടത്തിൽ എസ്ബി കോളജിലെ ഒട്ടേറെ നാടകങ്ങളിൽ ചെറിയാൻ ഫിലിപ്പ് അഭിനയിച്ചു. പലരും വരും വർഷത്തിലേക്ക് തൂക്കാൻ നക്ഷത്രങ്ങൾ സമ്മാനിക്കുന്നു.
‘എനിക്കും ഭാര്യയ്ക്കും ആയുസ്സ് തരുന്നിടത്തോളം കാലം നക്ഷത്രമിടും.
ഞങ്ങളെ ഒരുമിപ്പിച്ചതിനു ദൈവത്തോടുള്ള നന്ദിയായാണ് നക്ഷത്രമിടാൻ തുടങ്ങിയത്. ഞങ്ങളിൽ ഒരാളെ ദൈവം വിളിച്ചാൽ, നക്ഷത്രത്തിന്റെ എണ്ണം ഒന്നായി ചുരുങ്ങും.’ – ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കൊച്ചുമക്കളായ അലൻ ജോസഫ് അജയും ഇവാൻ ജോസഫ് അജയുമാണ് ഇരുവരെയും നക്ഷത്രം തൂക്കാൻ സഹായിക്കുന്നത്.
ചെറിയാന്റെയും ഭാര്യ ആനിമ്മയുടെയും മകൾ അനു മേരി ചെറിയാനും ഒപ്പമുണ്ട്. മറ്റൊരു മകളായ റോഷൻ ചെറിയാനും മകൻ അജി ഫിലിപ്പ് ചെറിയാനും കുടുംബസമേതം അമേരിക്കയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

