വലിയ
സംഭവവികാസങ്ങൾക്കാണ് 2025 സാക്ഷിയായത്. ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയാണ് 2025 ൽ ആദ്യം ശ്രദ്ധ നേടുന്ന പ്രധാന വാർത്ത.
പിന്നാലെ ഗോപൻ സ്വാമി സമാധി, ആശാ സമരം, ചരക്ക് കപ്പൽ അപകടങ്ങൾ എന്നിവ വാർത്തകളിൽ നിറഞ്ഞു. 2025 ആദ്യം മുതൽ തന്നെ റാപ്പർ വേടനും വിവാദങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
കഞ്ചാവ് കേസ് മുതൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ വിവാദമായി. ഇതിനിടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിങ്ങനെ രണ്ട് തിരഞ്ഞെടുപ്പുകൾക്കും കേരളം വേദിയായി.
ശബരിമല സ്വർണപ്പാളി വിവാദം, ഗോവിന്ദച്ചാമി ജയിൽച്ചാട്ടം, ദേശീയപാത 66ലെ അപകടങ്ങള്‍ എന്നിവയും വലിയ ചർച്ചയായി. രാഷ്ട്രീയ കേരളത്തിന് വി.എസ്.അച്യുതാനന്ദനെ നഷ്ടമായപ്പോൾ സിനിമാലോകത്ത് നിന്ന് ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയും വിടവാങ്ങി.
2025 ലെ പ്രധാന സംഭവങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ബോബി ചെമ്മണൂരിനെതിരെ ഹണി റോസ്
ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയ വാർത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കുടുംബാംഗങ്ങളായ 4 പേരെയടക്കം 5 പേരെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകങ്ങൾ നടത്തിയെന്ന് അറിയിച്ച് വെഞ്ഞാറമൂട് പെരുമല ആർച്ച് ജംക്ഷൻ സൽമാസിൽ അഫാൻ(23) പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണ് കൊലപാതകം നടത്തിയത്.
സഹോദരന് അഹ്സാന്, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന് അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മാ ബീവി എന്നിവരെ അഫാന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിനു 48 ലക്ഷം രൂപയോളം കടംപെരുകി.
ഇതില്‍ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാന്‍ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന് കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങള്‍ക്കുശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന് പൊലീസ് കസ്റ്റഡിയിലും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
ഗോപൻ സ്വാമിയുടെ സമാധി
നെയ്യാറ്റിൻകര ആറാലുമൂട് ഗോപന് സ്വാമി (81)യുടെ മരണം വലിയ നാടകീയ സംഭവങ്ങൾക്കാണ് കാരണമായത്. ഗോപന് സ്വാമി (81) സമാധിയായി എന്ന് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെട്ടതോടെയാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമാകുന്നത്.
ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയ്ക്കുള്ളിൽ മൂടിവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് കല്ലറ പൊളിച്ചു.
കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ല.
ഇതേതുടർന്ന് ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബത്തിന് തന്നെ വിട്ടുനൽകി. നിലവിൽ ഗോപന്റെ സമാധി ക്ഷേത്രമാക്കാനാണ് അദ്ദേഹത്തിന്റെ മക്കൾ ശ്രമിക്കുന്നത്.
ആശാ സമരം
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വർക്കർമാർ മാസങ്ങളോളമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തത്. ഓണറേറിയവും ഇന്‍സന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാര്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര രംഗത്തേക്കിറങ്ങിയത്.
ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസ്സിൽ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിച്ചത്. രാപകല്‍ സമരം എന്ന നിലയിലാണ് പ്രതിഷേധം ആരംഭിച്ചത്.
ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പിന്നീട് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. 266 ദിവസം ആശമാർ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തു.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതിനു പിന്നാലെ നവംബർ ഒന്നിന് സമരം അവസാനിപ്പിക്കുകയായിരുന്നു. ചരക്ക് കപ്പൽ അപകടങ്ങൾ
എംഎസ്സി എൽസ 3 ചരക്കു കപ്പൽ മുങ്ങിയ വാർത്ത വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു വാർത്ത ആശങ്കയോടെയാണ് കേരളം നോക്കി കണ്ടത്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട
ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചരിഞ്ഞത്.
ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമുമണ്ടായത് എന്നായിരുന്നു വിലയിരുത്തൽ. കൊച്ചിയിലെ അപകടത്തിന് പിന്നാലെ കേരളാ തീരത്ത് വച്ച് വാൻഹായി 503 എന്ന ചരക്ക് കപ്പലിലിന് തീപിടിക്കുകയുണ്ടായി.
ബേപ്പൂര്‍ തീരത്ത് നിന്ന് 131 കിലോമീറ്റര്‍ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിത്തമുണ്ടായത്.
വേടനും വിവാദങ്ങളും
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതോടെയാണ് വേടനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
വേടൻ എന്നു വിളിക്കുന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ വേടന്റെ മാലയിൽ ധരിച്ചിട്ടുള്ളത് പുലിപ്പല്ലാണോ എന്ന സംശയമുയർന്നു.
പിന്നാലെ ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി വേടനെതിരെ കേസെടുത്തു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി.
പുലിപ്പല്ല് കേസിന് ശേഷം വേടനെതിരെ ഉയർന്നു വന്നത് ബലാത്സംഗക്കേസുകളാണ്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇതിനു പിന്നാലെ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഗവേഷക കൂടിയായ യുവതി രംഗത്തുവന്നു. യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്കു പിന്നാലെ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുക്കുകയായിരുന്നു.
ഈ വിവാദങ്ങൾക്കിടയിൽ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ തിരച്ചുപിടിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചത്.
വിഎസിന് വിട
സമര ഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര്, വി.എസ്.അച്യുതാനന്ദൻ ഓർമയായി. ജൂലൈ 21–ാം തീയതി വൈകിട്ട് 3.20ന് എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം
കേരളം ഈ വർഷം ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിലൊന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ.
രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന രാഹുലിന് നേരെ വലിയ രീതിയിലുള്ള ലൈംഗിക പീഡനക്കേസ് ഉയർന്നുവന്നു. ഒന്നിലേറെ സ്ത്രീകളും ഒരു ട്രാൻസ് യുവതിയും രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണവുമായി വന്നു.
ആദ്യം പേരില്ലാതെ വന്ന ആരോപണങ്ങൾ പിന്നീട് രാഹുലിന്റെ മേൽവിലാസത്തിലേക്ക് എത്തി. എങ്കിലും ഏതാണ്ട് 100 ദിവസത്തോളം പരാതിയില്ലാതെ നിന്നു.
പിന്നീട് യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി.
എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികയുന്ന അന്നു തന്നെ രാഷ്ട്രീയ കാരണങ്ങളാൽ അല്ലാതെ പാർട്ടി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി രാഹുൽ മാങ്കൂട്ടത്തിൽ മാറി.
ശബരിമല സ്വർണപ്പാളി വിവാദം
വലിയ വിവാദങ്ങൾക്കാണ് ശബരിമല സ്വർണപ്പാളി കേസ് കാരണമായത്. 2019ൽ ഒരു ഗൺമാന്റെ പോലും സുരക്ഷയില്ലാതെ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളും വാതിലും സ്പോൺസർ എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തി കൈപ്പറ്റി സ്വർണം പൂശി തിരിച്ച് സന്നിധാനത്ത് എത്തിച്ചു.
കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയിലേക്ക് വന്നയാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. 2025 സെപ്റ്റംബറിൽ, ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ മങ്ങിയെന്നും അവ വീണ്ടും സ്വർണം പൂശാമെന്നും ആവശ്യപ്പെട്ട് പോറ്റി ഒരിക്കൽക്കൂടി ദേവസ്വം ബോർഡിനെ സമീപിച്ചു.
ശിൽപങ്ങൾ പോറ്റിക്ക് കൈമാറി. എല്ലാം പഴയതു പോലെ നടക്കുമായിരുന്നു.
പക്ഷേ ഇക്കുറി ഒരു വിഭാഗം ഉദ്യോഗസ്ഥർ പഴയ രീതിയിലുള്ള സ്വർണം പൂശൽ അനുവദിച്ചില്ല. വിവരം അറിഞ്ഞ സ്പെഷൽ കമ്മിഷണർ ഇടപെട്ടു.
നിയമ പ്രകാരം തന്നെ അറിയിക്കാതെയാണ് ഉരുപ്പടികൾ ചെന്നൈയ്ക്ക് കൊണ്ടു പോയതെന്ന് ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ ശബരിമല സ്വർണപ്പാളി, സ്വർണംപൂശൽ വിവാദം ശക്തമായി.
സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി ഇടപെട്ടതോടെ സ്വർണപ്പാളി വിവാദം പുറംലോകമറിഞ്ഞു. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ കോടതി നിയോഗിച്ചു.
അയ്യപ്പ ദർശനത്തിന് ദ്രൗപതി മുർമു
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അയ്യപ്പ ദർശനം വലിയ ശ്രദ്ധനേടിയ വിഷയമാണ്. അയ്യപ്പ ദർശനത്തിന് 52 വർഷത്തിനു ശേഷം എത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.
ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി എന്ന പ്രത്യേകതയും ഉണ്ട്. 1973 ഏപ്രിൽ 10നാണ് അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി ദർശനത്തിന് എത്തിയത്.
അതിദാരിദ്ര്യമുക്ത കേരളം
കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്നു പ്രഖ്യാപിക്കുന്നതു സർവേ പ്രകാരം നടത്തിയ ഇടപെടലുകളുടെ പേരിലാണെനെന് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇവ എത്രത്തോളം ഫലപ്രദമായിരുന്നെന്നു തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന ഏജൻസി വഴി മുഴുവൻ കുടുംബങ്ങളിലും (59,277) സർവേ നടത്തിയെന്നും തിരുത്തലുകൾ വരുത്തിയെന്നുമാണു വിശദീകരണം.
ഇതിൽ ഒരു ശതമാനത്തെ (590) തദ്ദേശ വകുപ്പിലെ ജില്ല, ബ്ലോക്ക്തല ഉദ്യോഗസ്ഥർ ചേർന്നു സൂപ്പർ ചെക്ക് നടത്തിയെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കടന്നുകളഞ്ഞത് ഞെട്ടലോടെയാണു കേരളം കേട്ടത്.
മണിക്കൂറുകൾക്കകം പിടിയിലായെങ്കിലും, സുരക്ഷയേറെയുള്ള ജയിലിൽനിന്ന് ഇങ്ങനെ കടന്നുകളയാൻ പറ്റുമോ എന്ന ചോദ്യം ബാക്കിയായി. രാവിലെ ആറരയോടെ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിലിനു പുറത്തുള്ള ജയിൽ പരിശീലന കേന്ദ്ര(സിക്ക)ത്തിലെ ട്രെയ്നികളാണു മതിലിൽ തുണി ചേർത്തുകെട്ടി വടമുണ്ടാക്കിയിരിക്കുന്നതു സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയത്.
എന്നാൽ, തടവുകാർക്കു പുറത്തുനിന്ന് അനധികൃതമായി മദ്യവും ഭക്ഷ്യവസ്തുക്കളും എത്തിക്കാനാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി സെല്ലുകളിൽ നടത്തിയ പരിശോധനയിലാണു തടവുകാരൻ ചാടിയെന്നും അതു ഗോവിന്ദച്ചാമിയാണെന്നും സ്ഥിരീകരിച്ചത്.
ദേശീയപാത 66ലെ അപകടങ്ങൾ
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാത 66ലെ അശാസ്ത്രീയ നിർമിതിയും അതേ തുടർന്നുണ്ടാകുന്ന അപകടങ്ങളും ഈ വർഷം വലിയ ചർച്ചയായി. ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും 2025 മേയ് 19 ഉച്ചയ്ക്കാണ് ഇടിഞ്ഞുതാണത്.
കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവം. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 8 പേർക്കു നിസ്സാര പരുക്കേറ്റു.
അപകടം കണ്ട് പിന്നിലെ കാറിൽനിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരുക്കേറ്റു. 36 കിലോമീറ്റർ വരുന്ന രാമനാട്ടുകര–വളാഞ്ചേരി റീച്ചിൽ നിർമാണം പൂർത്തിയാക്കാൻ 11 ദിവസം മാത്രം ബാക്കിനിൽക്കെയാണ് അപകടം.
പാടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന പ്രധാനപാതയാണ് ഇടിഞ്ഞുവീണത്. 4 മീറ്ററോളം ഉയരത്തിലുള്ള സർവീസ് റോഡും തകർന്ന് വലിയ കുഴി രൂപപ്പെട്ടു.
ചെറുവത്തൂരിൽ കുന്നിടിച്ച് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളിലാളി മരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാൾ ഏഴര ലക്ഷം വോട്ട് നേടി യുഡിഎഫ് വൻ വിജയം സ്വന്തമാക്കി.
2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കാൾ എൽഡിഎഫ് 5.40 ലക്ഷം വോട്ടിനു മുന്നിലെത്തിയിടത്തു നിന്നാണ് യുഡിഎഫിന്റെ ഇൗ മുന്നേറ്റം. ർധിച്ചത് അര ലക്ഷത്തോളം വോട്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യുഡിഎഫ് വോട്ടുവിഹിതത്തിൽ മുന്നിലെത്തിയപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫ് മുന്നിലെത്തിയത്.
ശ്രീനിവാസൻ വിടവാങ്ങി
സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്റെ നഷ്ടത്തോടെയാണ് 2025 വിടവാങ്ങുന്നത്. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഡിസംബർ 21–ാം തീയതി ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

