കോഴിക്കോട്∙ ശ്രീനിവാസനെ ശ്രീനിവാസനാക്കി വളർത്തിയ നഗരമാണ് കോഴിക്കോട്. ഒരു കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന മഹാറാണി ഹോട്ടലിലെ ശാന്തത തേടി ശ്രീനിവാസൻ പല തവണ എഴുത്തുപേനയുമായി എത്തിയിരുന്നു.
ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയത് മഹാറാണിയിലിരുന്നാണ്.മഹാറാണിയിലെ 206, 406 എന്നീ മുറികളായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും തകർത്താടിയ നാടോടിക്കാറ്റിലെ ഏറ്റവും പ്രസിദ്ധമായ സീനുകളിലൊന്ന് ചിത്രീകരിച്ചത് മഹാറാണി ഹോട്ടലിന്റെ മുന്നിൽ അക്കാലത്തുണ്ടായിരുന്ന പുൽത്തകിടിയിലാണ്.
ഐ.വി.ശശിയെത്തേടിയെത്തിയ ശ്രീനിവാസന്റെ വിജയനോട്, ശശിയേട്ടൻ ഭരണിയിലാണെന്നു പറഞ്ഞ് സീമ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പറഞ്ഞുവിടുന്നു.
സോമൻ പൊലീസുകാരനായി അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങ്് നടക്കുന്ന ലൊക്കേഷനിലേക്കാണ് ശ്രീനിവാസന്റെ വിജയൻ തള്ളിക്കയറി വരുന്നത്. സംവിധായകൻ ഐ.വി.ശശിയോട് സംസാരിക്കുന്ന വിജയൻ സോമന്റെ കയ്യിലെ തോക്കും തട്ടിപ്പറിച്ചാണ് മതിൽ ചാടുന്നത്.
പ്രസിദ്ധമായ ഈ രംഗം ചിത്രീകരിച്ചത് മഹാറാണിയുടെ മുറ്റത്താണ്.ഐ.വി.ശശിയുടെ ‘അങ്ങാടിക്കപ്പുറത്ത്’ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു നാടോടിക്കാറ്റിലെ ഈ രംഗം ചിത്രീകരിച്ചതെന്നു മഹാറാണിയിലെ അസി.മാനേജർ എൻ.സുകുമാരൻ ഓർമികുന്നു. അക്കാലത്താണ് സുകുമാരൻ മഹാറാണിയിൽ റിസപ്ഷനിസ്റ്റായി ജോലിയിൽ കയറിയത്.‘വെള്ളാനകളുടെ നാട്’ എഴുതുന്ന സമയത്ത് മോഹൻലാലും ശ്രീനിവാസനും ഇവിടെയാണ് താമസിച്ചിരുന്നത്.
ചിത്രത്തിൽ ശ്രീനിവാസനെ കൊല്ലുന്ന ഭാഗം ചിത്രീകരിച്ചത് മഹാറാണിയുടെ തൊട്ടുമുന്നിലുള്ള ഇടവഴിയിലാണ്.ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ടി.പി.ബാലഗോപാലൻ എംഎ തുടങ്ങി… പത്തു വർഷം മുൻപ് ഇറങ്ങിയ സിനിമകൾ വരെ അദ്ദേഹം മഹാറാണിയിലിരുന്ന് എഴുതിയിട്ടുണ്ട്.
കമൽ സംവിധാനം ചെയ്ത ‘മഴയെത്തും മുൻപേ’ മഴയെത്തും മുൻപേക്കു വേണ്ടി മഹാറാണിയിലെ 206ാം നമ്പർ മുറിയിൽ 40 ദിവസം എഴുത്തിൽ മാത്രം ശ്രദ്ധിച്ച് ശ്രീനിവാസൻ താമസിച്ചതും സുകുമാരന്റെ ഓർമയിലുണ്ട്. അന്ന് 205ാം നമ്പർ മുറിയിൽ സംഗീത സംവിധായകൻ രവീന്ദ്രനാണ് താമസിച്ചത്.
ഈ രണ്ടു മുറികൾക്കുമിടയിൽ വാതിലുണ്ട്. ‘എന്തിനു വേറൊരു സൂര്യോദയം’ അടക്കമുള്ള അതിമനോഹര ഗാനങ്ങൾ ഈ മുറികളിലാണ് പിറവിയെടുത്തത്.
എഴുതാനിരിക്കുമ്പോൾ ഒരു ശബ്ദവും ശല്യവും അലോസരമാകരുതെന്നു ശ്രീനിവാസനു നിർബന്ധമായിരുന്നു.
അനാവശ്യമായി ഒരു ഫോൺകോൾ പോലും മുറിയിലേക്ക് കണക്ട് ചെയ്യരുതെന്ന് അദ്ദേഹം നിർദേശിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അദ്ദേഹം അടുപ്പമുള്ള മാനേജരെയോ റിസപ്ഷനിസ്റ്റിനെയോ വിളിക്കുകയാണ് പതിവ്.
മുറിയുടെ കോളിങ്ബെല്ല് പോലും അടിക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2015ൽ സിനിമ എഴുതാനായി അദ്ദേഹം മഹാറാണിയിലെത്തിയപ്പോൾ ശാരീരികമായി അവശതയുണ്ടായിരുന്നു.
എന്നാൽ, രോഗബാധിതനായിരുന്നില്ല.
ജൈവഭക്ഷണം മാത്രം മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നതായും സുകുമാരൻ പറഞ്ഞു. അന്ന് മറ്റൊരു സിനിമയുടെ ചർച്ചയുമായി വിനീത് ശ്രീനിവാസൻ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.
പക്ഷേ, താൻ ഇവിടുള്ള കാര്യം വിനീതിനോട് പറയരുതെന്ന് ശ്രീനിവാസൻ നിർബന്ധിച്ചത്രേ. നാടോടിക്കാറ്റിലെ ആ ഹിറ്റ് സീൻ ചിത്രീകരിച്ച പുൽത്തകിടി ഇന്നില്ല.
അവിടെ ബൈക്ക് പാർക്കിങ്ങിനുള്ള സൗകര്യമൊരുക്കി. പഴയ ഗേറ്റ് പൊളിച്ചുമാറ്റി.
ഇപ്പോൾ മഹാറാണിയിലേക്ക് പ്രവേശിക്കുന്നത് പഴയ ആ പുൽത്തകിടിയിലൂടെയാണ്. പക്ഷേ, ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നു മാത്രമുണ്ട്. ആ രംഗത്തിൽ ശ്രീനിവാസൻ പുറത്തേക്ക് എടുത്തുചാടിയ മതിൽ ഇന്നും അതുപോലെ ഇവിടെയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

