1931ലോ 32ലോ കൗതുകമുള്ളൊരു കുട്ടിക്കൊമ്പനെ പനമനയ്ക്കൽ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി. ബാലകൃഷ്ണൻ എന്നു പേരിട്ടു.
അന്ന് ദേവസ്വത്തിൽ വലിയ പത്മനാഭൻ, ഭരതൻ, ഉണ്ണിക്കൃഷ്ണൻ, കേശവൻ എന്നീ 4 ആനകൾ മാത്രം. ബാലകൃഷ്ണൻ വളർന്നു.
ഒപ്പം ആനയുടെ വികൃതി കൂടി വന്നു.1955ൽ ഗുരുവായൂരിനടുത്ത് തിരുവെങ്കിടം ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വയ്ക്ക് കോലം എഴുന്നള്ളിച്ചത് കൊമ്പൻ ബാലകൃഷ്ണൻ. വൈകിട്ട് നടയ്ക്കൽപറ കഴിഞ്ഞ് ക്ഷേത്രത്തിനകത്ത് തെക്കുഭാഗത്തായി ബാലകൃഷ്ണനെ നിർത്തി.
മുന്നിൽ നിന്ന് നെറ്റിപ്പട്ടം അഴിച്ചു വാങ്ങിയ രണ്ടാം പാപ്പാൻ ചെറിയ അപ്പുവിനെ ബാലകൃഷ്ണൻ ചുറ്റമ്പലത്തിന്റെ ഭിത്തിയോടു ചേർത്ത് കുത്തി. അന്ന് ചുറ്റമ്പലത്തിന് മേൽക്കൂരയില്ല.
ഒരു മതിൽ മാത്രം.
മതിൽ ഇടിഞ്ഞ് ചെറിയ അപ്പു പിന്നിലേക്ക് മറിഞ്ഞു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇടഞ്ഞ കൊമ്പൻ അമ്പലക്കുളത്തിലേക്കിറങ്ങി. കുത്തി മറിയാൻ തുടങ്ങി.
നേരം സന്ധ്യയായി. സന്ധ്യയോടെ ആന കിഴക്കേ പറമ്പിലേക്ക് കയറി.
മുന്നിൽ കണ്ട കുടിലുകളും മരങ്ങളും തകർത്തു മുന്നോട്ടു നീങ്ങി. വൈദ്യുതിയില്ലാത്ത കാലം.
പന്തവും ടോർച്ചുമായി ധീരന്മാർ ആനയ്ക്ക് പിന്നാലെ പോയി മുന്നറിയിപ്പു നൽകി കൊണ്ടിരുന്നു. നാടാകെ ഭയചകിതരായി, ഉറങ്ങാതെ കഴിച്ചു കൂട്ടി.
നേരം പുലരുമ്പോൾ ആന തിരുവെങ്കിടം പള്ളിക്ക് കിഴക്കു ഭാഗത്തെ മനയ്ക്കൽ പറമ്പിലെത്തി. ആനയ്ക്കും ക്ഷീണമായി.
പാപ്പാൻ മാടാഴി നാരായണൻ നായർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
മറ്റുള്ളവർ ആനയെ കെട്ടി ഉറപ്പിച്ചു. 1955ലെ ഗുരുവായൂർ ഉത്സവം രണ്ടാം ദിവസം.
കോലം എഴുന്നള്ളിക്കുന്നത് കൊമ്പൻ ബാലകൃഷ്ണൻ. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലി അവസാന പ്രദക്ഷിണം തെക്കെനടയിൽ നിർത്തി കൊട്ടുന്ന നേരം.
പരിചയക്കാരെ കണ്ട് പാപ്പാൻ മാടാഴി നാരായണൻ നായർ ആനയുടെ കൊമ്പിലെ പിടി വിട്ടു. ഈ തക്കത്തിന് ബാലകൃഷ്ണൻ പാപ്പാനെ തുമ്പിക്കൈ കൊണ്ട് വാരിയെടുത്ത് കുത്തി.
ആശുപത്രിയിലെത്തും മുൻപേ നാരായണൻ നായർ മരിച്ചു.
മുകളിലിരുന്ന ത്രിവിക്രമൻ നമ്പൂതിരി എങ്ങനെയോ കോലവുമായി താഴെയിറങ്ങി. പുറത്തേക്ക് ഓടിയ കൊമ്പൻ സത്രം ഗേറ്റിൽ കാർ തകർത്തു.
സത്രം ബംഗ്ലാവിന് കേടു വരുത്തി. പുലർച്ചെയാണ് ആനയെ തളച്ചത്. 1957ൽ കൂപ്പിൽ തടി വലിക്കുന്നതിനിടെ അപകടം പറ്റിയ ബാലകൃഷ്ണൻ ചരിഞ്ഞു.
തടി വലിക്കുമ്പോൾ വടം പൊട്ടി വീണെന്നും കൂപ്പ് കോൺട്രാക്ടറുടെ മണിയൻ എന്ന ആനയുടെ കുത്തേറ്റു ചരിഞ്ഞെന്നും രണ്ടു പക്ഷമുണ്ട്. ഭീതിയുള്ള ഓർമകൾ സമ്മാനിച്ച് കൊമ്പൻ ബാലകൃഷ്ണൻ ചെറുപ്പത്തിലേ മടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

