ഇരിട്ടി ∙ തേനീച്ചക്കൃഷിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തുന്ന തമിഴ്നാട് സ്വദേശിയെ ലക്ഷങ്ങൾ വിലവരുന്ന 31 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി പൊലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി സ്വദേശി പുഷ്പരാജി (52) നെയാണ് വെമ്പുഴച്ചാലിലെ വാടകവീട്ടിൽ നിന്ന് ഇരിട്ടി, കരിക്കോട്ടക്കരി പൊലീസ്, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ്, കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്ന് പിടികൂടിയത്.
വർഷങ്ങളായി മലയോരം കേന്ദ്രീകരിച്ച് തേനീച്ച കൃഷിയും തേനീച്ച കൃഷിയുടെ മറവിൽ ‘പുകയില കൃഷി’യും നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം വള്ളിത്തോട് നടത്തിയ പരിശോധനയിൽ 2 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി പുഷ്പരാജ് ഇരിട്ടി പൊലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വെമ്പുഴച്ചാലിലുള്ള വാടക വീട്ടിൽ നിന്ന് 27 ചാക്ക് ഹാൻസും 2 ചാക്ക് കൂൾ ലിപും കണ്ടെത്തിയത്.
മലയോരം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ കെ. ഷറഫുദീന്റെ നേതൃത്വത്തിൽ കരിക്കോട്ടക്കരി സ്റ്റേഷനിലെ എസ്ഐമാരായ സുനിൽ വളയങ്ങാടൻ, വി.പ്രശാന്ത്, എഎസ്ഐ ഇ.ശ്രീജിത്ത്, സിപിഒമാരായ സി.ശ്രീലേഷ്, എ.സദേഷ്, പി.ശ്രീനാദ് ഇരിട്ടി സ്റ്റേഷനിലെ സിപിഒ ഷിഹാബുദീൻ, ആദർശ്, ഡിഎസ്പിയുടെ സ്പ്ഷൽ സ്ക്വാഡ് അംഗങ്ങളായ എ.എം.ഷിജോയി, രതീഷ് കല്യാട്, കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സംഘത്തിലെ അംഗങ്ങൾ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
‘എന്ത് വേണമെങ്കിലും ചെയ്യാം എന്നെ വിട്ടുകൂടെ…’
∙ കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കണ്ണികളുള്ള പുഷ്പരാജിന്റെ നിരോധിത പുകയില ഉൽപന്ന വിപണനം പിടികൂടാൻ പൊലീസ് പിന്നാലെ നടന്നത് 3 മാസം.
ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡുമാണ് 3 മാസക്കാലം പുകയില വിൽപനയുടെ രഹസ്യം തേടി നടന്നത്. നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വള്ളിത്തോട് വച്ച് 2 ചാക്ക് ഹാൻസുമായി പുഷ്പരാജിനെ പിടികൂടി.
എന്ത് വേണമെങ്കിലും ചെയ്യാം എന്നെ വിട്ടുകൂടെ എന്നായിരുന്നു പുഷ്പരാജിന്റെ ആദ്യ പ്രതികരണം. വിടാം പക്ഷേ താമസ സ്ഥലം കൂടി പരിശോധിച്ചാട്ടാവാം എന്ന പൊലീസ് പറഞ്ഞപ്പോൾ, അതിനെന്താ സാറെ കാക്കയങ്ങാട് എന്റെ താമസസ്ഥലത്ത് പോകാം എന്നായി പുഷ്പരാജ്.
കാക്കയങ്ങാടല്ല കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ വീട്ടിൽ പോകാം എന്ന് പറഞ്ഞതോടെ പ്രതി പരിഭ്രാന്തനായി.
പ്രതിയെ വെമ്പുഴച്ചാലിൽ എത്തിച്ച് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് 29 ചാക്കുകളിൽ നിറച്ച പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. പുഷ്പരാജ് പിടിയിലായതോടെ ചില്ലറ വിൽപനക്കാരായ നിരവധിപേർ പൊലീസ് നിരീക്ഷണത്തിലാണ്.
രാവിലെ 5 മണി മുതൽ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഹാൻസ് എത്തിച്ചു തുടങ്ങുന്നതാണ് പുഷ്പരാജിന്റെ രീതി.
കണ്ണൂർ കാസർകോട് ജില്ലകളിലെ ചെറുപട്ടണങ്ങളും ഉൾ പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി ചില്ലറ വിൽപന കേന്ദ്രങ്ങൾ വഴിയാണ് ഹാൻസ് വിറ്റഴിക്കുന്നത്.
വാഹനത്തിൽ തേൻകുടുകളുമായി പോകുന്നതിനാൽ പൊലീസ് സംശയിക്കില്ലെന്ന ആനുകൂല്യം മുതലെടുക്കുകയായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

