പയ്യന്നൂർ ∙ സാമൂഹിക പ്രാധാന്യമുള്ള സിനിമകളെ സാധാരണക്കാരിലേക്ക് എത്തിച്ച കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അമരക്കാരനെയാണു പി.എം.മുരളീധരൻ മാഷുടെ മരണത്തിലൂടെ നാടിനു നഷ്ടമായത്. കാസർകോട്ട് അധ്യാപക ജോലിയിൽ എത്തിയതോടെ 1975 മേയിലാണ് മുരളീധരൻ കാസർകോട് ഫിലിം സൊസൈറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറിയായത്.
അതോടെ ഇത് രാജ്യത്തെ പ്രധാനപ്പെട്ട ഫിലിം സൊസൈറ്റികളിലൊന്നായി ഉയർത്തിയെടുത്തു. ഉന്നത – മധ്യവർഗങ്ങൾക്കു മാത്രം പങ്കാളിത്തമുള്ള ഫിലിം സൊസൈറ്റി, സാധാരണക്കാരായ ആൾക്കാരെക്കൂടി പങ്കാളികളാക്കി എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന ആശയം പ്രാവർത്തികമാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ കാസർകോട് ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.
ഇക്കാലത്തു ധാരാളം രാഷ്ട്രീയ സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം സ്റ്റഡി ഗ്രൂപ്പ് രൂപീകരിച്ച് സംവാദങ്ങൾ സംഘടിപ്പിച്ചു.
ഫിലിം ടു വില്ലേജ് എന്ന പദ്ധതിയുമായി ഗ്രാമങ്ങളിലെത്തി സാമൂഹിക പ്രാധാന്യമുള്ള സിനിമകൾ പ്രദർശിപ്പിച്ചു. സ്കൂളുകളിൽ ചലച്ചിത്രപ്രദർശനങ്ങൾ നടത്തി.
ഫിലിം സൊസൈറ്റി കുട്ടികളുടെ ചലച്ചിത്രോത്സവം ആദ്യമായി നടത്തിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
1980ൽ കാസർകോട് ഫോക്കസ് എന്ന മാസിക തുടങ്ങി. സിനി റിഥം ഇംഗ്ലിഷ് മാസിക മുരളീധരൻ എഡിറ്ററും പ്രിന്ററും പബ്ലിഷറുമായി കാസർകോട് ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ചിരുന്നു.
ജോൺ ഏബ്രഹാമിന്റെ കയ്യൂർ സിനിമയുടെ ആലോചനയിൽ നിർമാണസംഘത്തെ കാസർകോട്ടേക്കു നയിച്ചത് മുരളീധരനായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു യാങ് ചോ ഫെസ്റ്റിവൽ സംഘടിപ്പിച്ചതും മുരളിയുടെ നേതൃത്വത്തിലുള്ള കാസർകോട് ഫിലിം സൊസൈറ്റിയാണ്.
1976- 79 കാലത്ത് കുട്ടികളുടെ ചലച്ചിത്രമേളകൾ ഓരോ വർഷവും സംഘടിപ്പിച്ചു.
ഗിരീഷ് കർണാടിന്റെ ഹയവദന, എൻ.എൻപിള്ളയുടെ ഡാം തുടങ്ങിയ നാടകങ്ങളും പ്രദർശിപ്പിച്ചു. പിക്കാസോയുടെ ചിത്രങ്ങളുടെ പകർപ്പുകളുടെ പ്രദർശനവും ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
ഇതിനിടയിൽ പ്രവർത്തന മികവ് കണക്കിലെടുത്തു ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സതേൺ റീജനൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും നാഷനൽ സെൻട്രൽ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മുരളി മാഷുടെ നിരന്തര ഇടപെടലിനെ തുടർന്ന് ഫെഡറേഷന്റെ കേരള ഘടകത്തിനായി സതേൺ റീജനൽ പ്രമേയം പാസാക്കി എഫ്എഫ്എസ്ഐക്ക് അയച്ചുകൊടുത്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സ്റ്റേറ്റ് ലവൽ ഓഫിസ് ലഭിക്കുന്നത്. 1975 മുതൽ 83 വരെ ജനറൽ സെക്രട്ടറിയായിരുന്ന മുരളീധരൻ 1983 മുതൽ 90 വരെ കാസർകോട് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.
1987ൽ ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽനിന്നു പിൻവാങ്ങി കാസർകോട് ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു. 1990ൽ ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

