പനമരം ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കടുവ മൂന്നാം ദിനം കാടുകയറി. കാൽപാടുകൾ പരിശോധിച്ച് കടുവ പാതിരി സൗത്ത് സെക്ഷൻ വനത്തിലേക്ക് തിരിച്ചുകയറിയതായി ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് വനംവകുപ്പ് സ്ഥിരീകരിച്ചത്.
തുടർന്ന് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങളും നീക്കി. പനമരം – കൂടോത്തുമ്മൽ റോഡിൽ മേച്ചേരി പുളിക്കൽ ഭാഗത്തെ റോഡിലും സമീപത്തെ വയലിലും കണ്ട കടുവയുടെ കാൽപാടുകളാണ് ദൗത്യത്തിൽ നിർണായകമായത്. ഈ കാൽപാടുകൾ പിന്തുടർന്ന് വനപാലകർ എത്തിയത് പാതിരി സൗത്ത് സെക്ഷൻ വനഭാഗത്തെ മാരാർ കടവിലാണ്.ഇവിടെ കണ്ട
കാൽപാട് പടിക്കംവയൽ, പുളിക്കൽ പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവയുടെതാണെന്ന് ഉറപ്പിച്ചതോടെയാണ് കടുവ കാടുകയറി എന്ന പ്രഖ്യാപനം നടത്തിയത്.
കടുവ കാടുകയറിയെങ്കിലും വനാതിർത്തിയിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിന് പുറമേ പ്രദേശത്ത് പട്രോളിങ് ശക്തമായി തുടരുമെന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു.പ്രധാന റോഡുകളും പുഴകളും താണ്ടി വന്ന വഴിക്ക് തന്നെ കടുവ തിരിച്ചുകയറിയെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന.
വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യുഎൽ 112 എന്ന 5 വയസ്സുള്ള ആൺ കടുവയാണ് 4 ദിവസം മുൻപ് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയൽ ജനവാസ മേഖലയിൽ എത്തി ഭീതി പടർത്തിയത്. ആദ്യമായാണ് ഈ പ്രദേശത്ത് കടുവ എത്തുന്നത്.
ആദ്യദിനം പടിക്കംവയലിലെ കൃഷിയിടത്തിൽ കണ്ട
കടുവയെ രണ്ടാം ദിനം 4 കിലോമീറ്റർ അകലെയുള്ള പുളിക്കൽ പ്രദേശത്ത് കണ്ടെത്തിയെങ്കിലും തുരത്താൻ സാധിച്ചിരുന്നില്ല. അന്നേദിവസം രാത്രി എട്ടോടെ പടക്കം പൊട്ടിച്ച് കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കടുവ വയലിലൂടെ ഓടി മേച്ചേരി കുന്നിലും പിന്നീട് എരനല്ലൂർ പ്രദേശത്ത് എത്തിയതും വലിയ ആശങ്ക പരത്തിയിരുന്നു.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, നോർത്ത് വയനാട് ഡിഎഫ്ഒ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 85 ജീവനക്കാർക്കൊപ്പം തെർമൽ ഡ്രോണുകളുമായി ആർആർടി സംഘവും ദൗത്യത്തിന്റെ ഭാഗമായി 9 ടീമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രാത്രി തിരച്ചിൽ ദുഷ്കരമായതിനാൽ തിരച്ചിൽ നിർത്തി പ്രദേശത്ത് വനപാലകർ നിലയുറപ്പിച്ച് പട്രോളിങ് നടത്തി.
തുടർന്ന് ഇന്നലെ കടുവയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ മേച്ചേരി റോഡിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനങ്ങളെ ഭീതിയിലാക്കിയ കടുവ കാടുകയറിയതായി കണ്ടെത്തിയത്.
കടുവയെ മയക്കുവെടി വയ്ക്കുന്നതിനു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടെങ്കിലും കടുവ കാടുകയറിയതോടെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം ഒഴിവായി
കടുവ മടങ്ങിയത് റോഡുകളും പുഴകളും കടന്ന്
ജനവാസ മേഖലയായ പടിക്കംവയലിലെത്തിയ കടുവ മാനന്തവാടി – കൽപറ്റ, പനമരം – കൂടോത്തുമ്മൽ, പനമരം – പുൽപള്ളി, ബീനാച്ചി – പനമരം പ്രധാന റോഡുകളും പനമരം ചെറിയ പുഴ, നരസി പുഴ എന്നിവ കടന്നാണ് പാതിരി സൗത്ത് സെക്ഷൻ വനത്തിലേക്ക് മടങ്ങിയത്. ഇന്നലെ പുളിക്കൽ വയലിൽ നിന്ന് റോഡ് മുറിച്ചു കടന്ന കടുവ ചെറുപുഴ കടന്ന് മാത്തൂർ ഭാഗത്ത് എത്തി അവിടെ നിന്ന് കാപ്പിത്തോട്ടങ്ങളിലൂടെ പുഞ്ചവയൽ ഭാഗത്തും അവിടെ നിന്ന് പ്രധാന റോഡായ ബീനാച്ചി – പനമരം റോഡ് മറികടന്ന് വീണ്ടും കാപ്പിത്തോട്ടത്തിലൂടെ മണൽവയൽ വഴി മരാർക്കടവ് വഴി നരസി പുഴ കടന്നാണ് വനത്തിലേക്ക് പ്രവേശിച്ചത് എന്നാണ് അനുമാനം.
ജനജീവിതത്തെ ബാധിച്ചു
ജനവാസ മേഖലയിൽ കടുവ ഇറങ്ങിയത് കർഷകരെയും തൊഴിലാളികളെയും വിദ്യാർഥികളെയും ഗ്രാമപ്രദേശത്തെ കച്ചവടക്കാരെയും ബാധിച്ചു. കടുവ ജനവാസ മേഖലയിൽ ഇറങ്ങിയെന്നറിഞ്ഞതു മുതൽ പ്രദേശത്തെ പാടശേഖരങ്ങളിലെ കൊയ്ത്തിന് പുറമേ തൊഴിലുറപ്പ് ജോലി പോലും നിർത്തിവച്ചു.
ഗ്രാമീണ മേഖലയിലെ കച്ചവട
സ്ഥാപനത്തിലേക്ക് ജനങ്ങൾ എത്താത്തതിനാൽ മെസ് അടക്കം അടച്ചിടേണ്ടി വന്നു. ആദ്യദിനം പാകം ചെയ്ത് വച്ച ഭക്ഷണസാധനങ്ങൾ മുഴുവൻ പാഴാക്കി കളയേണ്ടി വന്ന കച്ചവടസ്ഥാപനം കായക്കുന്നിലുണ്ട്.
പുലർച്ചെയുള്ള നടത്തം, പള്ളിയിൽ പോക്ക്, എന്തിന് ചില ക്ഷീരകർഷകർ സൊസൈറ്റിയിൽ പാൽ അളക്കുന്നത് പോലും ഉപേക്ഷിച്ചു.
തിരുനെല്ലിയിലും കടുവ സ്ഥലംവിട്ടു; വനപാലകർ ജാഗ്രത തുടരുന്നു
മാനന്തവാടി ∙ തിരുനെല്ലി പോത്തുമൂലയിൽ പശുവിനെ ആക്രമിച്ചു കൊന്ന കടുവ കാട് കയറിയെന്ന് വനപാലകർ. എമ്മടി കൊല്ലിമൂല സുബ്രഹ്മണ്യന്റെ പശുവിനെയാണ് ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തുള്ള പറമ്പിൽ നിന്ന് കടുവ പിടികൂടിയത്.
ഇന്നലെ രാവിലെ മുതൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കടുവ കാട് കയറിയെന്ന നിഗമനത്തിൽ വനപാലകർ എത്തിയത്.
കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് വനപാലകർ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷവും സുബ്രഹ്മണ്യന്റെ പശുവിനെ കടുവ കൊന്നിരുന്നു.
പ്രദേശത്തെ ഭൂരിഭാഗം ആളുകളും മൃഗപരിപാലനം മുഖ്യ തൊഴിലായി സ്വീകരിച്ചവരാണ്. അതുകൊണ്ട് തന്നെ നാട്ടുകാർ ഏറെ ഭീതിയിലാണ്.
എന്നാൽ പ്രദേശത്ത് ക്യാംപ് ചെയ്യുന്ന ആർആർടി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള വനപാലകർ കടുവ ഉൾ വനത്തിലേക്ക് പിൻമാറിയെന്ന് അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.മാധവൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.കെ.നന്ദകുമാർ, എ.കെ.അനീഷ്, സി.അന്റോണിയൊ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

