മൂന്നാർ∙ വാതക ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതിൽ വൻ അഴിമതി നടന്നതായി ആരോപണം. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ (എഇ) വാല്യുവേഷൻ തുകയായ 16500 രൂപ മറികടന്ന് 1.5 ലക്ഷം രൂപ പാസാക്കി നൽകിയതായാണ് ആരോപണം. മൂന്നാർ പഞ്ചായത്തിനു കീഴിൽ സൈലന്റ്വാലി റോഡിൽ പ്രവർത്തിക്കുന്ന ശാന്തി വനത്തിലെ വാതക ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികളിലാണ് വൻ തട്ടിപ്പ് നടന്നത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു വേളയിൽ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ശ്മശാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി തുക കൈമാറിയത്. പണി നടത്തുന്നതിന് മുന്നോടിയായി എഇ സമർപ്പിച്ച എസ്റ്റിമേറ്റ് തുക 15000 ആയിരുന്നു.
പണികൾ പൂർത്തിയാക്കിയ ശേഷം എഇ നടത്തിയ വാല്യുവേഷൻ റിപ്പോർട്ടിൽ 16500 രൂപയുടെ പണികൾ നടത്തിയെന്നായിരുന്നു. എന്നാൽ ഇതു മറികടന്നാണ് 1.5 ലക്ഷം രൂപ ചെലവായെന്ന് കാട്ടി ഉദ്യോഗസ്ഥർ ബില്ലു മാറിയെടുത്തത്.
എഇയുടെ വാല്യുവേഷൻ തുക മറികടന്ന് ഉയർന്ന തുക പാസാക്കാൻ ചില ഉദ്യോഗസ്ഥർ തടസ്സമുന്നയിച്ചെങ്കിലും നിർബന്ധപൂർവം അധികതുകയ്ക്കുള്ള ബില്ല് മാറിയെടുക്കുകയായിരുന്നെന്നാണ് ആരോപണം.
സംഭവം സംബന്ധിച്ച് വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.എന്നാൽ അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്ത് പരിശോധനകൾ നടത്താതെയാണ് തുക എഴുതിയതെന്നും നിയമപരമായി ക്വട്ടേഷൻ വാങ്ങിയ ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തി 1.5 ലക്ഷം രൂപ സ്വകാര്യ സ്ഥാപനത്തിന് നൽകിയതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

