ഇന്ത്യ ലക്ഷ്യമാക്കി എത്തിയ 5 റഷ്യൻ എണ്ണക്കപ്പലുകൾ ‘ഏറ്റെടുക്കാൻ’ ആളില്ലാതെ ചൈനയ്ക്ക് സമീപം കാത്തുകെട്ടി കിടക്കുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റവുമധികം വാങ്ങിയിരുന്ന യൂറൽസ് ഗ്രേഡ് ക്രൂഡ് ഓയിലാണ് കപ്പലുകളിലുള്ളത്.
യുഎസും യൂറോപ്യൻ യൂണിയനും റഷ്യൻ എണ്ണയ്ക്കുമേൽ ഉപരോധം കടുപ്പിച്ച പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് യൂറൽസ് ഇറക്കുമതി ഇന്ത്യ പരിമിതപ്പെടുത്തിയിരുന്നു.
ഇന്ത്യ ഏറ്റെടുക്കുന്നില്ലെങ്കിൽ, ചൈനീസ് ഉപഭോക്താക്കളെ സമീപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കപ്പലുകൾ ആ ദിശയിലേക്ക് നീങ്ങിയതെന്ന് ഈ രംഗത്തെ നിരീക്ഷണ സ്ഥാപനമായ കെപ്ലർ സൂചിപ്പിച്ചു. ചൈനയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന എണ്ണ റിഫൈനറികൾ ഏറെയുള്ള ഷാൻഡോങ് പ്രവിശ്യയ്ക്ക് സമീപമാണ് കപ്പലുകൾ ഇപ്പോഴുള്ളത്.
അതേസമയം, ചൈനയാണ് റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെങ്കിലും വാങ്ങുന്നത് യൂറൽസ് ഗ്രേഡ് അല്ല.
റഷ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ളതാണ് യൂറൽസ് ഗ്രേഡ്. ഇന്ത്യയാണ് ഇതു കൂടുതലും വാങ്ങുന്നത്.
ചൈനയ്ക്ക് താൽപ്പര്യം കിഴക്കൻ റഷ്യൻ മേഖലകളിൽ നിന്നുള്ള എണ്ണയിനമാണ്.
അതേസമയം ട്രംപിന്റെ 50% തീരുവയ്ക്കും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയെ പൂർണമായി തടയാൻ സാധിച്ചിട്ടില്ലെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കി. ഡിസംബറിൽ ഇതുവരെ പ്രതിദിനം 10 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യയിലെത്തിയിട്ടുണ്ട്.
നവംബറിൽ എത്തിയത് പ്രതിദിനം 17.7 ലക്ഷം ബാരൽ വീതമായിരുന്നു. നവംബർ 21 മുതലാണ് ട്രംപ് റഷ്യയ്ക്കുമേൽ പുതുതായി പ്രഖ്യാപിച്ച ഉപരോധം പ്രാബല്യത്തിൽ വന്നത്.
ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നീ വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്കായിരുന്നു ഉപരോധം.
ഈ ഉപരോധം പ്രാബല്യത്തിൽ വരുംമുൻപ് ഇന്ത്യൻ കമ്പനികൾ വൻതോതിൽ റഷ്യൻ കമ്പനികളുമായി കരാറിൽ എത്തിയിരുന്നു. ഇതുപ്രകാരമുള്ള എണ്ണയാണ് ഈ മാസവും എത്തുന്നത്.
അടുത്തമാസം മുതൽ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇടിവ് നേരിട്ടേക്കാം. ഉപരോധമുള്ള കപ്പലുകൾ വഴി റഷ്യൻ എണ്ണ ഇന്ത്യ ലക്ഷ്യമാക്കി എത്തുന്ന പശ്ചാത്തലത്തിലാണ്, അവയ്ക്ക് ഇന്ത്യയിലേക്ക് അടുക്കാൻ അനുമതി നിഷേധിക്കുന്നതും, അവ ചൈനയിലേക്കും മറ്റും വഴിതിരിച്ചു പോകേണ്ട
സ്ഥിതി വരുന്നതും.
അതേസമയം, യുക്രെയ്നുമായുള്ള സമാധാന നീക്കത്തിന് തുരങ്കംവച്ചാൽ റഷ്യയ്ക്കുമേൽ ഉപരോധം കൂടുതൽ കടുപ്പിക്കുമെന്ന സൂചന ട്രംപ് നൽകി. കൂടുതൽ റഷ്യൻ എണ്ണക്കമ്പനികൾ, ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ നീക്കം ചെയ്യുന്ന കപ്പലുകൾ, എണ്ണ ഇടപാട് നടത്തുന്നവർ തുടങ്ങിയവർക്കുമേൽ കൂടുതൽ ഉപരോധവും വിലക്കും പ്രഖ്യാപിക്കാനാണ് നീക്കം.
റഷ്യ വഴങ്ങുന്നില്ലെങ്കിൽ ഈയാഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും. ഇക്കാര്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് യൂറോപ്യൻ നേതാക്കളുമായി സംസാരിച്ചുവെന്നും സൂചനകളുണ്ട്.
വിട്ടൊഴിയാതെ ‘എഐ ഭൂതം’
യുഎസ് ഓഹരികളെ ഭയപ്പെടുത്തുന്നത് തുടരുകയാണ് ‘നിർമിത ബുദ്ധി (എഐ) ഭൂതം’.
എഐ വികസനം, ഡേറ്റ സെന്ററുകൾ തുറക്കൽ തുടങ്ങിയവയ്ക്കായി ടെക് കമ്പനികൾ വലിയതോതിൽ നിക്ഷേപമിറക്കുന്നുണ്ട്. ഇതുമൂലം ഇവയുടെ ഓഹരികൾ വൻതോതിൽ ഉയർന്നിരുന്നു.
എന്നാൽ, നിക്ഷേപത്തിനൊത്തുള്ള നേട്ടം തിരിച്ചുകിട്ടുമോയെന്ന പേടിയാണ് നിക്ഷേപകർക്കുള്ളത്.
ഈ ‘എഐ കുമിളപ്പേടി’ യുഎസ് ഓഹരി വിപണികളിൽ ആലസ്യവും വിതറുന്നു. യുഎസിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയത് മറ്റൊരു ആശങ്കയാണ്.
ഇതിനുംപുറമേ, നവംബറിലെ കൺസ്യൂമർ കോൺഫിഡൻസ് റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന വേറൊരു ആശങ്ക കൂടിയുണ്ട്. കണക്കുകൾ നിരാശപ്പെടുത്തിയാൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധികളുടെ ആഴമാണ് അതിലൂടെ വെളിച്ചത്താവുക.
∙ നാസ്ഡാക് 1.81%, ഡൗ ജോൺസ് 0.47%, എസ് ആൻഡ് പി500 സൂചിക 1.16% എന്നിങ്ങനെ ഇടിഞ്ഞു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 0.1%, നാസ്ഡാക് 0.2% എന്നിങ്ങനെ കയറി.
ഡൗ 8 പോയിന്റ് താഴ്ന്നു.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.53%, കൊറിയയുടെ കോസ്പി 1.36% എന്നിങ്ങനെ താഴ്ന്നു. ഹോങ്കോങ് സൂചിക നേരിയ നഷ്ടത്തിലായി.
ഷാങ്ഹായ് 0.13% ഉയർന്നു.
ട്രംപ് എന്തു പറയും? കാതോർത്ത് ലോകം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തന്റെ രണ്ടാം ടേമിലെ ആദ്യ 11 മാസത്തെ നേട്ടങ്ങളെക്കുറിച്ച് ഇന്ന് പ്രഭാഷണം നടത്തും. വെനസ്വേലയ്ക്കുമേലുള്ള കൂടുതൽ നടപടികളും പ്രതീക്ഷിക്കാം.
ഇന്നലെ അദ്ദേഹം വെനസ്വേലൻ ഗവൺമെന്റിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ സമാധാന പ്ലാൻ, താരിഫ് നയം, ഇന്ത്യയുമായുള്ള ഡീൽ തുടങ്ങിയ കാര്യങ്ങൾ ട്രംപ് എന്തുപറയുമെന്ന ആകാംക്ഷയും ആശങ്കയുമാണ് ആഗോളതലത്തിൽ നിഴലിക്കുന്നത്.
ഓഹരി വിപണികളും വാക്കുകൾക്കായി കാതോർത്ത് നിൽക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റിക്ക് നഷ്ടം
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 30 പോയിന്റ് താഴ്ന്ന് വ്യാപാരം ചെയ്തത്, സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചന നൽകുന്നു. സെൻസെക്സിന്റെ പ്രതിവാര എക്സ്പയറിയും ഇന്നാണ്.
ഇതും വിപണിയുടെ പ്രകടനത്തിൽ പ്രതിഫലിക്കും. വിദേശ നിക്ഷേപകർ മനംമാറ്റത്തിന്റെ സൂചന നൽകിയത് നല്ല പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
എഫ്ഐഐ ഇന്നലെ 1,450 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. ഏതാനും ദിവസത്തിന് ശേഷം ആർബിഐ വീണ്ടും രൂപയുടെ രക്ഷകവേഷമണിഞ്ഞു.
രൂപ ഇന്നലെ ഡോളറിനെതിരെ 55 പൈസ ഉയർന്ന് 90.38ൽ എത്തി.
എണ്ണയും സ്വർണവും
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച പാളുന്നതും വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ കടുത്ത നിലപാടുകളും എണ്ണവിലയെ വീണ്ടും ഉണർവിലാക്കി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.81% ഉയർന്ന് 56.95 ഡോളറിലെത്തി.
ബ്രെന്റ് വില 1.58% മുന്നേറി 60.62 ഡോളറുമായി.
സ്വർണവില പവന് ഇന്ന് കേരളത്തിൽ ഒരുലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ തൊടുമോ? രാജ്യാന്തര വില രാവിലെയുള്ളത് 33.33 ഡോളർ ഉയർന്ന് 4,335.14 ഡോളറിലാണ്. പവൻവില ഇന്നലെയുള്ളത് 98,640 രൂപയിൽ.
ഒരുലക്ഷത്തിലേക്ക് 1,360 രൂപയുടെ അകലം. രാജ്യാന്തര വിപണിയിലെ ട്രെൻഡ് പരിഗണിച്ചാൽ ഇന്ന് കേരളത്തിലും വില കൂടാം.
അതേസമയം, രൂപ ഇന്നും നില മെച്ചപ്പെടുത്തിയാൽ സ്വർണവില വർധനയുടെ ആക്കം കുറഞ്ഞേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

