പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ഈ വർഷം ചുമത്തിയ പകരംതീരുവ വഴിമാത്രമുള്ള യുഎസിന്റെ വരുമാനം 200 ബില്യൻ ഡോളർ (ഏകദേശം 18 ലക്ഷം കോടി രൂപ) കടന്നു. അതായത്, ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ 18 ലക്ഷം കോടി രൂപയുടെ ബോണസ് വരുമാനം.
എങ്കിലും, ട്രംപിനെ ടെൻഷനിപ്പിക്കുകയാണ് കോടതിക്കേസ്. ട്രംപ് പ്രഖ്യാപിച്ച പകരംതീരുവകളിൽ ഭൂരിഭാഗവും ഇല്ലാത്ത അധികാരപ്രയോഗവും നിയമവിരുദ്ധവുമാണെന്ന് രണ്ട് കീഴ്ക്കോടതികൾ വിധിച്ചിരുന്നു.
ഇതിന്മേൽ ട്രംപ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പകരംതീരുവകൾ നിയമവിധേയമാണോ എന്ന് സംശയമുണ്ടെന്ന് നേരത്തേ സുപ്രീം കോടതിയും പറഞ്ഞിരുന്നു. അന്തിമവാദം കോടതി ഇതുവരെ കേട്ടിട്ടില്ല.
നടപടിക്രമങ്ങളും വിധിയും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. സുപ്രീം കോടതിയിലും തോറ്റാൽ പകരംതീരുവ വഴി കിട്ടിയ വരുമാനമെല്ലാം ട്രംപ് ഭരണകൂടം അതത് കമ്പനികൾക്ക് തിരികെ നൽകേണ്ടിവരും.
തീരുവ റദ്ദാക്കിയാൽ അത് യുഎസിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്ന് കഴിഞ്ഞദിവസവും ട്രംപ് കോടതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മാത്രമല്ല, രാജ്യാന്തരതലത്തിൽ അമേരിക്കയ്ക്ക് അതു വൻ നാണക്കേടാകുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. പകരംതീരുവയില്ലെങ്കിൽ അമേരിക്ക മൂന്നാംനിര രാജ്യമായി കൂപ്പുകുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, പകരംതീരുവയ്ക്കെതിരെ കൂടുതൽ അമേരിക്കൻ കമ്പനികൾ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇന്ത്യയിൽ നിന്നുൾപ്പെടെ സമുദ്രോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഏതാനും സീഫൂഡ് കമ്പനികളാണ് പുതുതായി കോടതിയിലെത്തിയത്.
കാത്തിരിക്കാൻ ഇന്ത്യയുടെ തന്ത്രം
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകൾ ഏറക്കുറെ അന്തിമഘട്ടത്തിലേക്ക് കടന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗ്രവാൾ പറഞ്ഞു.
എങ്കിലും, കരാർ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ചർച്ചകൾ നേരിട്ടും വിർച്വൽ പ്ലാറ്റ്ഫോമിലും ഇനിയും തുടരും.
സമയപരിധി നിശ്ചയിച്ചുള്ള ചർച്ചയല്ല ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ താരിഫിനെതിരായ കോടതി വിധിയറിയാൻ കൂടിയുള്ള കാത്തിരിപ്പു തന്ത്രമാണ് ഇന്ത്യയുടേതെന്ന നിരീക്ഷണങ്ങളുണ്ട്. വിധി ട്രംപിന് എതിരായാൽ ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ ഉൾപ്പെടെ അസാധുവാകും.
മാത്രമല്ല, വ്യാപാരക്കരാർ ചർച്ചയിൽ ഇന്ത്യയ്ക്ക് മുൻതൂക്കം കിട്ടുകയും ചെയ്യും.
∙ ഇന്ത്യയിൽ നിന്നുള്ള ബസ്മതി ഉൾപ്പെടെയുള്ള അരിക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
∙ 50% തീരുവ ഉണ്ടായിട്ടും 80% അരിക്കും അമേരിക്ക ഇപ്പോഴും ഇന്ത്യയെയാണ് ആശ്രയിക്കുന്നതെന്ന് ഓർക്കണമെന്ന് വ്യാപാര ചർച്ചകളിൽ ഇന്ത്യൻ സംഘം അമേരിക്കൻ പ്രതിനിധികളോട് പറഞ്ഞിരുന്നു.
∙ ട്രംപിന്റെ 50% തീരുവയുണ്ടായിട്ടും നവംബറിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഒക്ടോബറിലെ 6.31 ബില്യൻ ഡോളറിൽ നിന്ന് 10.61% ഉയർന്ന് 6.98 ബില്യൻ ഡോളറിലെത്തി.
തോറ്റാൽ ട്രംപ് എന്തു ചെയ്യും?
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് പ്രഖ്യാപിച്ച പകരംതീരുവകൾ നിയമവിരുദ്ധമെന്നാണ് കീഴ്ക്കോടതികൾ വിധിച്ചത്. ഇതു സുപ്രീം കോടതിയിലും ശരിവച്ചാൽ തീരുവകളെല്ലാം റദ്ദാകും.
ഇതിനകം വാങ്ങിയ തീരുവകൾ റീഫണ്ടും ചെയ്യണം. എങ്കിലും, ഐഇഇപിഎ ഇല്ലെങ്കിലും സമാനമായ തീരുവകൾ ചുമത്താൻ പ്രസിഡന്റിനെ അനുവദിക്കുന്ന മറ്റ് നിയമങ്ങളുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
അതുപക്ഷേ, ഇത്രയും കനത്ത തീരുകൾ ദീർഘകാലത്തേക്ക് ചുമത്താൻ പ്രസിഡന്റിനെ അനുവദിക്കുന്നവയല്ല.
ഓഹരികളെ വീഴ്ത്തി വീണ്ടും എഐ പേടി
നിർമിത ബുദ്ധി (എഐ) വികസനത്തിന് വലിയതോതിൽ നിക്ഷേപമെറിഞ്ഞ കമ്പനികളുടെ ഓഹരികളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും വിൽപനസമ്മർദം കനത്തത് യുഎസ് ഓഹരി വിപണികളെ തളർത്തി. ഫ്യൂച്ചേഴ്സ് വിപണിയില്ഡ ഡൗ, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.2% വരെ താഴ്ന്നു.
ഓറക്കിൾ, മൈക്രോസോഫ്റ്റ്, സർവീസ്നൗ, ബ്രോഡ്കോം എന്നീ ടെക് കമ്പനികളുടെ ഓഹരികൾ 11.5% വരെ ഇടിഞ്ഞു.
അമേരിക്കയിൽ നിന്നുള്ള നഷ്ടക്കാറ്റ് ഏഷ്യൻ വിപണികളെയും ഉലച്ചു. ജാപ്പനീസ് നിക്കേയ് 1.45%, ഹോങ്കോങ് 1.64%, ഷാങ്ഹായ് 1.18% എന്നിങ്ങനെ നഷ്ടത്തിലായി.
ചൈനയിൽ വ്യാവസായിക ഉൽപാദനവും റീട്ടെയ്ൽ സെയിൽസും പ്രതീക്ഷകൾ തെറ്റിച്ച് കൂപ്പകുത്തിയതും ഓഹരികൾക്ക് തിരിച്ചടിയായി.
ഇന്ത്യയിലും ആശങ്ക
രാവിലെ ഗിഫ്റ്റ് നിഫ്റ്റി 34 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും ഇന്നും ആലസ്യത്തിലേക്ക് വീഴാമെന്ന സൂചന ഇതു നൽകുന്നു.
ഇന്നലെ ഇരു സൂചികകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിന്റെ ഏറ്റവും പുതിയ തൊഴിൽക്കണക്കുകൾ വൈകാതെ പുറത്തുവരുമെന്നതും ആഗോള ഓഹരി വിപണികളിൽ ആശങ്ക പടർത്തുന്നുണ്ട്.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 90.80 എന്ന സർവകാല താഴ്ചയിലേക്ക് കൂപ്പുകുത്തി.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,468 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
∙ റഷ്യയുടെയും അമേരിക്കയുടെയും സമ്മർദത്തിന് വഴങ്ങിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാനുള്ള ഡീലിലേക്ക് കടക്കാമെന്ന് ഏറക്കുറെ സമ്മതിച്ചിട്ടുണ്ട്. ഇതോടെ, ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി.
ഡബ്ല്യുടിഐ വില 56 ഡോളറിലേക്കും ബ്രെന്റ് വില 60 ഡോളറിലേക്കും ഇടിഞ്ഞു.
ലക്ഷം തൊടുമോ ഇന്ന് പവൻ?
ഇന്നലെ കേരളത്തിൽ പവൻവില ചരിത്രത്തിലാദ്യമായി 99,000 രൂപ ഭേദിച്ചു. 99,280 രൂപയാണ് വില.
ഒരുലക്ഷത്തിലേക്ക് കേവലം 720 രൂപയുടെ അകലം. രാജ്യാന്തരവില ഔൺസിന് 8 ഡോളർ മാത്രം ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്.
ഇതു പരിഗണിച്ചാൽ ഇന്നു രാവിലെ പവൻ ലക്ഷം തൊട്ടേക്കില്ല. എന്നാൽ, രാജ്യാന്തര വില മുന്നേറുകയും രൂപ കൂടുതൽ തളരുകയും ചെയ്താൽ സ്വർണവില ലക്ഷം കടക്കും.
ശ്രദ്ധയിൽ ഇവർ
∙ ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ 22.13% ഓഹരി പങ്കാളിത്തമുള്ള ബിഎൻപി പാരിബ 4.1 കോടി ഓഹരികൾ 278.8 കോടി രൂപയ്ക്ക് വിറ്റഴിച്ചു.
ഓഹരിക്ക് 68 രൂപ പ്രകാരമായിരുന്നു വിൽപന.
∙ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ എംഡി ആൻഡ് സിഇഒയായി തരുൺ ഗാർഗിനെ നിയമിക്കാൻ ഓഹരി ഉടമകളുടെ അനുമതി.
∙ എസ്ബിഐ പുതിയ മാനേജിങ് ഡയറക്ടറായി രവി രഞ്ജനെ നിയമിച്ചു.
∙ ഇൻഡസ്ഇൻഡ് ബാങ്കിൽ 9.5% ഓഹരി വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്കിന് ആർബിഐ അനുമതി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

