ശബരിമല∙ ‘പരാതി ഇല്ലാതെ എല്ലാവർക്കും സുഖമായ ദർശനം’ എന്ന പൊലീസിന്റെ കാഴ്ചപ്പാട് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞതായി എഡിജിപി എസ്. ശ്രീജിത്ത്.
തീർഥാടനം തുടങ്ങി 28 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 4.5 ലക്ഷം തീർഥാടകർ കൂടുതലായി എത്തി. കൃത്യമായി പറഞ്ഞാൽ 24,62,001 പേർ.
കഴിഞ്ഞ വർഷം ഇതേ സമയം 20,27,542 പേരാണ് ദർശനം നടത്തിയത്. പ്രതിദിനം ശരാശരി 80,000 പേരാണ് എത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത്. 1.01 ലക്ഷം തീർഥാടകർ.
നവംബർ 24നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കൂടുതൽ ആണെങ്കിലും ദർശനത്തിനു വലിയ കാത്തുനിൽപോ, പരാതിയോ ഇല്ല. ഇതിന്റെ രഹസ്യം ചോദിച്ചാൽ എല്ലാം അയ്യപ്പ സ്വാമിയുടെ കാരുണ്യം എന്നു മാത്രമാണ് മറുപടി.
തീർഥാടകരെ എങ്ങും തടയുന്നില്ല. അനാവശ്യമായി തടഞ്ഞിട്ട് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.
ഒരു തടസ്സവുമില്ലാതെ മലകയറി സന്നിധാനത്തെത്തി വലിയ കാത്തുനിൽപ് ഇല്ലാതെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അവസരം കിട്ടിയാൽ പിന്നെ ആർക്കും പരാതി ഉണ്ടാകില്ല.
മകരവിളക്കു വരെ എല്ലാ ദിവസത്തെയും വെർച്വൽക്യു ബുക്കിങ് പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം.
ഇത്തവണത്തെ ഒരു പ്രത്യേകതയാണ് ശനിയും ഞായറും തിരക്കു കുറയുന്നു. പകരം തിങ്കൾ, ചൊവ്വ തിരക്കു കൂടുന്നു.
എന്നാൽ ബുധൻ ഉച്ചയാകുമ്പോഴേക്കും തിരക്കു കുറയുന്നു. ബുക്കിങ് ഇത്രയും കൂടുതൽ ഉണ്ടായിട്ടും ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നറിയില്ല. പക്ഷേ തിരക്കു കൂടിയാൽ ഒരു പ്രശ്നവുമില്ല.
കൃത്യമായ ക്രമീകരണങ്ങളിലൂടെ അധികം കാത്തുനിൽപ് ഇല്ലാതെ എല്ലാവർക്കും പതിനെട്ടാംപടി കയറി ദർശനത്തിന് അവസരം ലഭിക്കുന്നു.
അതിനാലാണ് പരാതി ഇല്ലാത്തത്. സ്പോട് ബുക്കിങ്ങിലെ നിയന്ത്രണം തീർഥാടകർക്ക് ദർശനത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഹൈക്കോടതിയുടെ കർശന നിരീക്ഷണം ഉണ്ടെന്നും സ്പോട് ബുക്കിങ് 5000 മാത്രമാക്കിയത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് വലിയ തിരക്ക് ഇല്ലാത്തപ്പോൾ പൊലീസ് സ്പെഷൽ ഓഫിസർ, സ്പെഷൽ കമ്മിഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എന്നിവർ കൂടിയാലോചിച്ച് സ്പോട് ബുക്കിങ് കൂട്ടി നൽകുന്നുണ്ട്.
തിരക്ക് കുറവ് അനുഭവപ്പെട്ട ദിവസങ്ങളിൽ 10,000 മുകളിൽ സ്പോട് ബുക്കി ങ് നൽകിയിട്ടുണ്ട്.
അതിനാൽ അവസരം കുറഞ്ഞു എന്നു പറയാൻ കഴിയില്ലെന്നായിരുന്നു മറുപടി. തീർഥാടനം തുടങ്ങിയതിന്റെ മൂന്നാം ദിവസം തിരക്കു നിയന്ത്രണത്തിൽ എന്താണു പാളിച്ച സംഭവിച്ചതെന്ന ചോദ്യത്തിനു തീർഥാടകർ ക്യൂ നിന്ന ഷെഡിന്റെ തൂൺ അപകടത്തിലായപ്പോൾ അവരെ നീക്കം ചെയ്തപ്പോഴുണ്ടായ ചെറിയ പാളിച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠം വരെ ഉണ്ടായിരുന്നു. ശബരിപീഠത്തിലെ ഷെഡിൽ കുറഞ്ഞത് 6000 പേർ ഉണ്ടായിരുന്നു.
ഷെഡിന്റെ തൂൺ അപകടത്തിലായി.
അത് ഏത് സമയത്തും താഴെ വീഴുമെന്നു കണ്ടപ്പോൾ ഉച്ചയോടെ അടിയന്തരമായി അത് പൊളിച്ചുമാറ്റാൻ മരാമത്ത് വിഭാഗത്തിനു നിർദേശം നൽകി. ഷെഡ് പൊളിക്കുന്നതിന്റെ മുന്നോടിയായി തീർഥാടകരെ അതിൽ നിന്നു നീക്കി.
അവർ പല വഴിയെ നേരെ സന്നിധാനത്തെത്തി തിരക്കുകൂട്ടി. ക്യൂവിൽ അല്ലാതെ തിക്കും തിരക്കും ഉണ്ടാക്കിയവരെ പ്രത്യേക ബ്ലോക്കാക്കി തടഞ്ഞു നിർത്തി കയറ്റിവിട്ട് അര മണിക്കൂറിനുള്ളിൽ പൂർണമായും നിയന്ത്രണ വിധേയമാക്കി.
ഇനിയും അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തതായും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

