തൃപ്പൂണിത്തുറ ∙ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോം വേണമെന്ന് ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. നിലവിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ ലിഫ്റ്റിന്റെ പണി അന്തിമഘട്ടത്തിലാണ്.
അതിനായി രണ്ടാം പ്ലാറ്റ്ഫോമിന്റെ ചുറ്റുമതിൽ പൊളിച്ചിട്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്ലാറ്റ്ഫോമിനായി ട്രാക്കുകൾ മാത്രം ക്രമീകരിച്ചാൽ വലിയ തോതിലുള്ള വികസനത്തിന് സാധ്യതകൾ തെളിയും.
റൂഫുകളും മറ്റു സൗകര്യങ്ങളും രണ്ടാമത്തെ പ്ലാറ്റ്ഫോമുമായി പങ്കിടുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ എറണാകുളം ജില്ലയ്ക്ക് ഒരു പ്ലാറ്റ്ഫോം അതിലൂടെ ലഭ്യമാകുമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് വ്യക്തമാക്കി.
എറണാകുളത്തെ പ്ലാറ്റ്ഫോമിന്റെ അഭാവം മൂലം നഷ്ടപ്പെട്ട നിരവധി ഉത്തരേന്ത്യൻ ട്രെയിനുകളുടെ പ്രൊപോസൽ അതിലൂടെ സാധ്യമാകും.
എറണാകുളം ടൗൺ സ്റ്റേഷൻ വഴി കടന്നുപോകുന്നതിനാൽ യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യങ്ങൾക്കോ ആശങ്കകൾക്കോ ഇടം നൽകുന്നില്ല. എറണാകുളത്ത് പിറ്റ്ലൈൻ പൂർണമായും പ്രയോജനപ്പെടുത്തുന്നതിന് തൃപ്പൂണിത്തുറയിലെ അധികമായി കണ്ടെത്തുന്ന പ്ലാറ്റ്ഫോമുകൾക്ക് കഴിയും.
തൃപ്പൂണിത്തുറയിൽ അവസാനിക്കുന്ന ട്രെയിനുകൾ സമീപത്തെ യാർഡിലേയ്ക്കും പിറ്റ്ലൈനിലേയ്ക്കും മാറ്റിയിടുന്നതിന് സാങ്കേതിക തടസ്സങ്ങളും ഇല്ല. മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ച് എറണാകുളത്ത് റെയിൽവേയുടെ കൈവശമുള്ള ഭൂമിയിൽ തന്നെ കൂടുതൽ പിറ്റ്ലൈനുള്ള സാധ്യതകളും അനായാസം കണ്ടെത്താൻ കഴിയും.
മെട്രോ സംവിധാനം നഗരത്തിന്റെ എല്ലാ നാഡി ഞരമ്പുകളെയും ബന്ധിപ്പിക്കുന്നതിനാൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനുകൾ ആരംഭിക്കുന്നതിനോ അവസാനിപ്പിക്കുന്നതിലോ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല.
തൃപ്പൂണിത്തുറ മെട്രോ ടെർമിനലും സ്റ്റേഷനും തമ്മിലുള്ള ആകാശപ്പാത അടിയന്തര പരിഗണനയിലുണ്ട്. എറണാകുളം ജില്ലയുടെ ടൗൺ വികസനം തൃപ്പൂണിത്തുറയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന്റെ വികസനം കൂടി അനിവാര്യമാണ്.
തൃപ്പൂണിത്തുറ സ്റ്റേഷനെ പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നുണ്ടെന്നും വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ വേണമെന്നും ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, യദു കൃഷ്ണൻ, സിമി ജ്യോതി, ജീന, രജനി സുനിൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

