കഞ്ചിക്കോട് ∙ ദേശീയപാതയിലെ മേൽപാലത്തിനു താഴെയുള്ള ഭിത്തിയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രദേശത്തെയാകെ പരിഭ്രാന്തിയിലാക്കിയ തമിഴ്നാട് സ്വദേശിയെ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന താഴെയിറക്കി.
തമിഴ്നാട് തഞ്ചാവൂർ സ്വദേശി രാമമൂർത്തിയാണ് (62) ആത്മഹത്യയ്ക്കു ശ്രമിച്ചത്. പ്രദേശവാസികളെയും ദേശീയപാതയിലെ യാത്രക്കാരെയും അഗ്നിരക്ഷാസേനയെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ ഇയാളെ ഒടുവിൽ ബലം പ്രയോഗിച്ചാണു താഴെയിറക്കിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം.
ദേശീയപാത കഞ്ചിക്കോട് ചടയൻകാലായി അടിപ്പാതയ്ക്കു സമീപത്തെ ഭിത്തിയിലാണ് ഇയാൾ നിലയുറപ്പിച്ചത്. ദേശീയപാതയിലൂടെ താഴോട്ട് ഇറങ്ങി ഭിത്തിയിൽ കയറിപ്പിടിച്ചിരിക്കുകയായിരുന്നു.
താഴേക്കു ചാടി മരിക്കുമെന്നും അതിന് എല്ലാവരും സാക്ഷിയാകണമെന്നും ആവശ്യപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ ദൂരത്തേക്കു നിരങ്ങി മാറി. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
താഴെ വല വിരിച്ച ശേഷം ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ഇതിനിടെ ദേശീയപാതയുടെ മുകൾവശത്തെ റോഡിൽ കയറി നാട്ടുകാർ ഇറക്കാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നു. വലിയ ഏണി വച്ച് ഇറക്കാൻ അഗ്നിരക്ഷാസേന ശ്രമിച്ചപ്പോൾ ഏണി തട്ടിമാറ്റി.
പിന്നീടു ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ കുപ്പിവെള്ളവും ഭക്ഷണവും വാങ്ങി നൽകി. പാലത്തിന്റെ തൂണിന്റെ വിടവിലിരുന്നു ഭക്ഷണം കഴിക്കുന്ന സമയത്ത് ഇയാളുടെ ശ്രദ്ധ തിരിച്ച് സാഹസികമായി ഉദ്യോഗസ്ഥൻ മുകളിൽ കയറി പിടികൂടി. കുതറിമാറാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു താഴെയിറക്കി.
സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷ്, സീനിയർ ഫയർ ഓഫിസർ അബ്ദുൽ നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

