പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് ആവേശകരമായ കലാശക്കൊട്ട്. വോട്ട് ഉറപ്പിക്കാനായി അവസാനനിമിഷം വരെ തിരക്കിട്ട
ഓട്ടത്തിലായിരുന്ന സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും കലാശക്കൊട്ടിനായി നഗര, ഗ്രാമ പ്രദേശങ്ങളിൽ ആഘോഷത്തോടെ തടിച്ചുകൂടിയത് ആവേശഭരിതമായ കാഴ്ചയായി. കലാശക്കൊട്ട് തങ്ങളുടെ ശക്തിപ്രകടനത്തിനുള്ള അവസരം കൂടിയാക്കി മുന്നണികൾ മാറ്റിയതോടെ കാഴ്ചയും മേളവും മുറുകി. സ്ഥാനാർഥികളുടെ പര്യടനവും റോഡ് ഷോയും ബൈക്ക് റാലിയും വാദ്യമേളങ്ങളുമായി മുന്നണികൾ ഗ്രാമ, നഗര വീഥികളിൽ ആവേശത്തിനു തിരികൊളുത്തി.
ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും ഇന്നലെ കലാശക്കൊട്ടു നടന്നു.
ചില പഞ്ചായത്തുകളിൽ മുന്നണികൾ നേരത്തേ തന്നെ കലാശക്കൊട്ട് പൂർത്തിയാക്കിയിരുന്നു. സംസ്ഥാന, ജില്ലാ നേതാക്കളും എംപിയും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലെ കലാശക്കൊട്ടിൽ പങ്കെടുത്തു.
പാലക്കാട് നഗരത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ കലാശക്കൊട്ട് സുൽത്താൻപേട്ട ജംക്ഷനിൽ സമാപിച്ചു. ബൈക്ക് റാലി, പദയാത്ര, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു കലാശക്കൊട്ട്.
മൂന്നു മുന്നണികൾക്കും പൊലീസ് പ്രത്യേകം സ്ഥലം അനുവദിച്ചിരുന്നു.
എൽഡിഎഫ്
ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു റാലിയോടെയായിരുന്നു തുടക്കം. താരേക്കാട്, ഹെഡ്പോസ്റ്റ് ഓഫിസ് വഴി സുൽത്താൻപേട്ടയിൽ സമാപിച്ചു.
വാദ്യമേളങ്ങളും അകമ്പടിയേകി. സ്ഥാനാർഥികളുടെ പ്ലക്കാർഡും പിടിച്ച് നൂറുകണക്കിനു പ്രവർത്തകർ കലാശക്കൊട്ടിൽ പങ്കെടുക്കാനെത്തിയിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം സി.പി.പ്രമോദ്, പാലക്കാട് ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ്
പുതുപ്പള്ളിത്തെരുവിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കോട്ടമൈതാനം വഴി സുൽത്താൻപേട്ട ജംക്ഷനിലെത്തി.
തുറന്ന വാഹനത്തിൽ വി.കെ.ശ്രീകണ്ഠൻ എംപിക്കൊപ്പം സ്ഥാനാർഥികളും വോട്ടർമാരെ അഭിസംബോധന ചെയ്തു. വി.കെ.ശ്രീകണ്ഠൻ എംപി, യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സി.വി.സതീഷ്, സുധാകരൻ പ്ലാക്കാട്ട് എന്നിവർ നേതൃത്വം നൽകി.
എൻഡിഎ
പാലക്കാട് നഗരസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന റാലി വടക്കന്തറ മൈതാനത്തു നിന്നാരംഭിച്ച് മാർക്കറ്റ് റോഡ്, ടൗൺ റെയിൽവേ മേൽപാലം, ജി.ബി റോഡ് വഴി സുൽത്താൻപേട്ടയിൽ സമാപിച്ചു.
വാദ്യഘോഷത്തോടെയുള്ള റോഡ് ഷോയിൽ സ്ഥാനാർഥികളും ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

