കണ്ണൂർ ∙ ‘‘രണ്ടു മണിക്കൂറാണ് അവർ ഞങ്ങളെ മാറിമാറി ചോദ്യംചെയ്തത്. പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നൊക്കെ പറഞ്ഞു മൂന്നുപേർ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു.
ഞങ്ങൾ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തികത്തട്ടിപ്പു നടത്തിയെന്നൊക്കെ പറഞ്ഞു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ ഞങ്ങളും പേടിച്ചുപോയി..’’– തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്കിരയായ വീട്ടമ്മ പറഞ്ഞു. ‘‘വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ആണ് ഭർത്താവിന്റെ ഫോണിലേക്കു പൊലീസെന്നു പരിചയപ്പെടുത്തി ഒരാൾ വിഡിയോകോളിൽ വരുന്നത്.
ഞാനും ഭർത്താവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മൂന്നു കൊല്ലം മുൻപു പക്ഷാഘാതം വന്നതിനാൽ അദ്ദേഹത്തിനു സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു.
ഭർത്താവിന്റെ അക്കൗണ്ടിലൂടെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ കമ്മിഷൻ ആയി 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും ആദ്യം പറഞ്ഞു.
നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും തങ്ങളുടെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകണമെന്നും പറഞ്ഞു. നരേഷ് ഗോയലിന്റെ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതു ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും അതുവഴി 25 ലക്ഷം രൂപ അക്കൗണ്ടിലേക്കു വന്നിട്ടുണ്ടെന്നും പറഞ്ഞു. കൂടുതൽ വിശ്വാസ്യതയ്ക്കായി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സിബിഐയുടെയും കുറ്റപത്രമാണെന്നു പറഞ്ഞ് പലതും അദ്ദേഹത്തിന്റെ വാട്സാപ്പിലേക്ക് അയച്ചു.
ഞങ്ങളുടെ അക്കൗണ്ടിലേക്കു വന്ന 25 ലക്ഷം രൂപ സുപ്രീംകോടതിക്കു കൈമാറണമെന്നായി പിന്നീടുള്ള ആവശ്യം.
അങ്ങനെയൊരു പണം കിട്ടിയിട്ടില്ലെന്നു പറഞ്ഞപ്പോൾ 5 ദിവസത്തിനകം നിങ്ങളെ പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നായി. അറസ്റ്റ് ഒഴിവാക്കാമെന്നും അക്കൗണ്ടിലുള്ള പണം തന്നാൽ മതിയെന്നും പറഞ്ഞു.
അപ്പോഴാണ് ഇത്തരത്തിലുള്ള തട്ടിപ്പു നടക്കുന്ന കാര്യം ഓർമ വന്നത്. തട്ടിപ്പുകാരാണോയെന്നു ഞാൻ ഭർത്താവിനോടു ചോദിച്ചപ്പോൾ എന്താണു നിങ്ങളുടെ ഭാര്യ പറയുന്നതെന്നു ദേഷ്യത്തോടെ ചോദിച്ചു. പണം ഏത് അക്കൗണ്ടിലേക്കു മാറ്റണമെന്നു ചോദിച്ചപ്പോൾ അക്കൗണ്ട് വിവരങ്ങൾ ഉടൻ നൽകാമെന്നായി.
തുടർന്നു ഫോൺ കട്ട് ചെയ്തു.
പിന്നീട് അവർ വിളിച്ചില്ല. രണ്ടു മണിക്കൂർ ഞങ്ങൾ വിരണ്ടുപോയി.
മകൻ ബെംഗളൂരുവിലാണ്. ഫോണിൽ പലതരം ആപ്പുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പുകളെക്കുറിച്ച് അവൻ പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു.
കണ്ണൂർ സൈബർ ക്രൈം പൊലീസ് നേരത്തേ രക്ഷപ്പെടുത്തിയ ഡോക്ടർ ദമ്പതികളുടെ കേസിനെക്കുറിച്ചുള്ള പത്രവാർത്ത മലയാള മനോരമയിൽ വായിച്ചതോടെയാണ് ഞങ്ങളും അതുപോലെയുള്ള തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്. അങ്ങനെ അടുത്തദിവസം ഞങ്ങൾ സൈബർ പൊലീസിൽ പരാതി നൽകി’’– രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ വീട്ടമ്മ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

