കണ്ണൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ കോർപറേഷനിൽ മൂന്നുമുന്നണികളും വികസന അജൻഡയിലേക്കെത്തി. കണ്ണൂരിന്റെ ഭാവി വികസനത്തിന് ഊന്നൽ നൽകി മാസ്റ്റർ പ്ലാനുകളുടെ ദൃശ്യാവിഷ്കാരങ്ങളും പ്രകടനപത്രികയുമായാണു വോട്ടു തേടുന്നത്.
എൽഡിഎഫ് ആണ് ഈ രംഗത്തേക്ക് ആദ്യം ചുവടുവച്ചത്. പിന്നാലെ യുഡിഎഫും എൻഡിഎയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം വികസനത്തിലേക്കു വഴിമാറ്റി.
കോർപറേഷൻ ഭരണം നിലനിർത്താൻ യുഡിഎഫും ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫും സീറ്റ് നില കൂട്ടാൻ ബിജെപിയും പ്രചാരണം ശക്തമാക്കുകയാണ്.
പോര് വികസനത്തിന്റെ പേരിൽ
ക ണ്ണൂർ കോർപറേഷനിൽ വികസന രൂപരേഖ അവതരിപ്പിച്ചാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം.
ഇതിനായി ദൃശ്യാവിഷ്ക്കാരം ഉൾപ്പെടെ തയാറാക്കിയാണു പ്രചാരണം. തെരുവുകൾ തോറും ഇതു പ്രദർശിപ്പിച്ച് ചർച്ചയാക്കുകയാണ്.
അതേസമയം, എൽഡിഎഫിനെ പ്രതിരോധിക്കാനായി യുഡിഎഫും വികസന രേഖയുടെ ദൃശ്യാവിഷ്കാരം തയാറാക്കി അവതരിപ്പിച്ചു.
മിഷൻ 2030 എന്ന പേരിൽ തയാറാക്കിയ കണ്ണൂരിന്റെ മാസ്റ്റർ പ്ലാൻ യുഡിഎഫും പ്രചരിപ്പിക്കുന്നു. കോർപറേഷനിൽ ചെയ്ത വികസന പ്രവർത്തനങ്ങളും യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നു.
കണ്ണൂർ കോർപറേഷനെ രാജ്യത്തു തന്നെ മാതൃകാ നഗരമായി മാറ്റാനായെന്നും വികസനത്തിനു കുതിപ്പേകാൻ യുഡിഎഫ് ഭരണം തുടരണമെന്നും യുഡിഎഫ് ക്യാംപ് ചൂണ്ടിക്കാട്ടുന്നു.
വികസിത കണ്ണൂർ എന്ന മുദ്രാവാക്യമാണ് ബിജെപിയും അവതരിപ്പിച്ചിരിക്കുന്നത്.
വിമത ഭീഷണി
കോ ർപറേഷനിൽ കോൺഗ്രസിനും ലീഗിനും രാഷ്ട്രീയ എതിരാളികൾക്കു പുറമേ വിമത സ്ഥാനാർഥികളെക്കൂടി മറികടക്കേണ്ടതുണ്ട്. അതിനുള്ള കഠിനപ്രയത്നത്തിലാണവർ.
ഡപ്യൂട്ടി മേയർ പി.ഇന്ദിരയ്ക്കും ലീഗിന്റെ കെ.പി.താഹിറിനും എതിരെയാണു വിമത സ്ഥാനാർഥികളുള്ളത്.
ഇന്ദിര മത്സരിക്കുന്ന പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി കെ.എൻ.ബിന്ദുവാണ് മത്സരിക്കുന്നത്.
കോൺഗ്രസുമായുള്ള തർക്കത്തിനൊടുവിൽ മുസ്ലിം ലീഗ് ചോദിച്ചു വാങ്ങിയ വാരം സീറ്റിൽ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.താഹിറിനെതിരെ ലീഗ് വാരംകടവ് ശാഖ എക്സിക്യൂട്ടീവ് അംഗം കെ.വി.റയീസ് അസ്അദി വിമതനായി മത്സരിക്കുന്നുണ്ട്. കെപിസിസി അംഗം റിജിൽ മാക്കുറ്റി മത്സരിക്കുന്ന ആദി കടലായി ഡിവിഷനിൽ ലീഗിലെ സി.മുഹമ്മദലി റിബലായുണ്ട്.
വിമതർക്കെതിരെ അതതു പാർട്ടികൾ നടപടിയെടുത്തു. എൽഡിഎഫിന് തുടക്കത്തിൽ ഒരു വാർഡിൽ റിബൽ ഭീഷണിയുണ്ടായെങ്കിലും സ്ഥാനാർഥി പിൻവാങ്ങി.
13 ഇടങ്ങളിൽ അതിശക്ത മത്സരം
ക ണ്ണൂർ കോർപറേഷനിൽ 13 ഇടങ്ങളിൽ തീപാറും പോരാട്ടമാണ്.
ഇതിൽ മൂന്നിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പയ്യാമ്പലം, വാരം, ആദികടലായി ഡിവിഷനുകളിലാണിത്.
കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സംരക്ഷണ സമിതി 12 വാർഡുകളിൽ മത്സരിക്കുന്നതും മത്സരം കടുപ്പിക്കുന്നു.
ടെംപിൾ, ശാദുലിപ്പള്ളി, താഴെചൊവ്വ, പള്ളിയാംമൂല, പഞ്ഞിക്കിയിൽ, പള്ളിപ്പൊയിൽ, മേലെചൊവ്വ, സൗത്ത് ബസാർ, താളിക്കാവ്, എളയാവൂർ നോർത്ത് എന്നിവയാണ് ശക്തമായ പോരാട്ടം നടക്കുന്ന മറ്റ് ഡിവിഷനുകൾ.
അക്കൗണ്ട് തുറക്കുമോ?
അക്കൗണ്ട് തുറക്കാൻ കഴിയുമോയെന്ന പരീക്ഷണവുമായി വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും രംഗത്തുണ്ട്.
വെൽഫെയർ പാർട്ടി മത്സരിക്കുന്ന ഏക സീറ്റായ താണയിൽ സി. ഇംതിയാസിനായി പ്രചാരണം ശക്തമാണ്.
ലീഗിന്റെ സിറ്റിങ് സീറ്റായ ഇവിടെ റിഷാം താണയാണ് യുഡിഎഫ് സ്ഥാനാർഥി. എസ്ഡിപിഐ 10 സീറ്റിൽ മത്സരിക്കുന്നു.
കൺവൻഷനുകളും റാലികളും
സ്ഥാ നാർഥികളും പ്രവർത്തകരും വീടുകയറിയുള്ള വോട്ടഭ്യർഥനയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി അവസാനവട്ട
വോട്ടുറപ്പിക്കൽ പ്രവർത്തനങ്ങളിലേക്കു കടന്നു. ഇതിനു പുറമേ, കൺവൻഷനുകളും റാലികളുമായി പ്രവർത്തകരെ സജീവമാക്കുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.
സ്ഥാനാർഥികളെല്ലാം പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. മുന്നണി പ്രവർത്തകർ വോട്ടർ സ്ലിപ് വിതരണവും തുടങ്ങി.
പ്രകടന പത്രിക, അഭ്യർഥന കത്ത് എന്നിവയെല്ലാം വീടുകളിൽ എത്തിച്ചു കഴിഞ്ഞു.
കോർപറേഷൻ ഡിവിഷനുകൾ 56 ആയിട്ടുണ്ട്. നിലവിൽ 55 സീറ്റുള്ള കോർപറേഷനിൽ യുഡിഎഫിന് 35, എൽഡിഎഫിന് 19, ബിജെപിക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

